Sunday, March 11, 2018

ഒരു നിർമ്മല സൗഹൃദത്തിന്റെ ഓർമ്മകൾ...... 
*******************************************
ഒരാഴ്ചയായി അടിച്ചുപൊളിച്ചു നടക്കായിരുന്നു. ഇന്നെവിടേക്കും പോണില്ലാന്ന് കരുതി ഇരിക്കയാണ്. രാവിലത്തെ കുളീം കാവിൽ  പോക്കും ഒക്കെ കഴിഞ്ഞു. ഓരോ പഴമ്പുരാണം കേൾക്കാനുള്ള സുഖത്തിൽ  വല്യമ്മടെ അടുത്ത് പറ്റിപിടിച്ചങ്ങനെ  ഇരുന്നു. മുറ്റത്തു ഉണക്കാനിട്ടിരുന്ന നാളികേരത്തിന് കാവലിരിക്കാൻ നല്ല രസം.

പണ്ട് കുട്ടികളാവുമ്പോൾ സ്കൂൾ അവധിക്കാലത്തു വന്നിരുന്ന ഓർമ പെട്ടെന്ന് മനസ്സിലേക്ക് വന്നു. അന്നങ്ങനെ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കലൊന്നും ഇല്ല. തൊടിയിൽ പറങ്കിമാവിൻ ചുവട്ടിൽ പോയി മഞ്ഞയും ചുവപ്പും  പറങ്കി മാങ്ങകൾ കടിച്ചു  വലിച്ച് ചാറൊക്കെ ഉടുപ്പിലാക്കി നടക്കാലായിരുന്നു മുഖ്യ പണി. പിന്നെ തോട്ടിൽ പോയി മണിക്കൂറുകളോളം എല്ലാ സമപ്രായക്കാരുമായി കളിച്ചു ഉല്ലസിക്കലും. അന്നൊക്കെ ഏറ്റവും പ്രിയപ്പെട്ട സഖികളായിരുന്നു പേച്ചിയും നീലിയും  ആമിനയും റബേക്കയും.
ഒരു ദിവസം  ഞങ്ങൾ  നാല് പേരും പിന്നെ  വല്യമ്മടേം ചെറിയമ്മടേം മക്കളും എല്ലാവരും കൂടി തോട്ടിൽ കുളിക്കാൻ പൊയി . സമയം പോയതറിഞ്ഞില്ല. നാലഞ്ച് മണിക്കൂറുകൾ പോയത് ഞങ്ങളാരും ശ്രദ്ധിച്ചില്ല. പെട്ടെന്ന് അമ്മേം ചെറിയമ്മാവനും അമ്മച്ചനും പുളിങ്കമ്പ് കൊണ്ടു വന്ന് പൊതിരെ തല്ലിയപ്പോളാണ് എല്ലാരും തോട്ടിൽ നിന്നോടിയത്. " എല്ലാറ്റിനും ജലദോഷം പിടിക്കും. അമ്മുട്ട്യേ  ആകുട്ടികളുടെ തല തോർത്തി കൊടുക്ക്. എന്നിട്ട് രാസ്നാദി പൊടി തലയിൽ തിരുമ്മി കൊടുക്ക് " അമ്മമ്മ ആകെ ബേജാറും പരിഭ്രമവും ആയി ഓടി നടക്കാൻ തുടങ്ങി. അമ്മയും വല്യമ്മയും  ചന്ദ്രഹാസമിളക്കി കലി  തുള്ളി നിൽക്കായിരുന്നു. അമ്മമ്മടെ മുന്നിൽ വെച്ച് തല്ലാനും നിവൃത്തിയില്ല... ഹോ എന്ത്  തമാശ ആയിരുന്നു. ഓർക്കുമ്പോൾ എങ്ങനെ ചിരി വരാതിരിക്കും...

"ഇങ്ങളെന്താ അമ്മകുട്ട്യേ ഒറ്റക്കിരിന്നു ചിരിക്കണതും " ആരോ പിന്നിൽ നിന്ന് പറയുന്നത് കേട്ടാണ് ഞാൻ പെട്ടെന്ന് ഞെട്ടി പഴയ കാലത്ത് നിന്നും തിരിച്ചു പോന്നത്. മാപ്പിള ഭാഷ വർഷങ്ങൾക്കു ശേഷം കേട്ടപ്പോൾ തിരിഞ്ഞു നോക്കി. ആരാന്നു മനസ്സിലാവണില്ല. ഏകദേശം എന്റെ പ്രായം ഉള്ള ഒരു ഉമ്മ. ഒരു സുന്ദരി ഉമ്മ.... ആരാ.... പതുങ്ങിയ ശബ്ദത്തിൽ ഞാൻ ചോദിച്ചപ്പോൾ ഒരു പൊട്ടിച്ചിരീം കെട്ടിപിടിക്കലും ആയിരുന്നു മറുപടി. "ഇങ്ങള് ഇന്റെ തങ്കകുട്ട്യല്ലേ.. നമ്മളെത്ര കളിചിക്കനു  തോട്ടിൽ കളിച്ചപ്പോ തല്ലു കൊണ്ടത് ഓർമില്ലെനും ങ്ങക്ക് " എന്റെ ദൈവേ  എന്റെ ആമിന അല്ലേ ഇത്... എനിക്ക് കരയണോ ചിരിക്കണോ എന്നറിയില്ല. സന്തോഷവും അതിശയവും എല്ലാ കലർന്ന് കണ്ണ് നിറഞ്ഞു. മുറുകെ കെട്ടി പിടിച്ചു അവളെ. പിന്നെ എന്തൊക്കെ പറയണം ചോദിക്കണം എന്നൊന്നും അറിയില്ലായിരുന്നു.. ചെറുപ്പത്തിൽ വളരെകുറച്ച സംസാരിക്കാറുണ്ടായിരുന്ന ആമിനയും വായാടിയായ ഞാനും ഇപ്പോളിതാ നേരെ തിരിച്. എനിക്കൊന്നും പറയാൻ കിട്ടണില്ല്യ  അവളാണെങ്കിൽ വാ തോരാതെ ഓരോന്ന് പറയുകയും. ഒരു പത്തു മിനിറ്റ്  പിടിച്ചു എനിക്ക് സ്ഥലകാലബോധം വരാൻ   പിന്നെ താടിക്കു കയ്യും കൊടുത്തു നിൽക്കുന്ന വല്യമ്മയും കുടുകുടെ ചിരിക്കുന്ന നീതയും നോക്കി നിൽക്കെ  ഞാനവളെ പിടിച്ചു വലിച്ച് തോട്ടുവക്കിലേക്ക് പൊയി. എത്ര കൊല്ലത്തെ കാര്യങ്ങൾ ചോദിക്കാനും പറയാനും ഉണ്ട് ഞങ്ങൾക്ക് !! 'ങ്ങള്'  എന്ന് തുടങ്ങിയ സംബോധന പണ്ടത്തെ പോലെ 'ഇജ്ജ് ' എന്നായതെ പ്പോളാണോ എന്തോ. പിന്നെ പേച്ചിടേം നീലീടേം റബേക്കടേം കാര്യങ്ങൾ അന്വേഷിച്ചു. ' ജ്ജ് അറിഞ്ഞിലെ റബേക്ക നെന്മിനി മലെന്ന കെട്ട്യോന്റെ നാട്ടിൽക്ക് പോയത് ? പിന്നെ പേച്ചി ഓൾടെ കെട്യോന്റെ കൂടെ ദുഫൈലാ ഡി. പാവം നമ്മടെ നീലിന്റെ കാര്യാ ട്ടോ കഷ്ടം. ഓള് ഓൾടെ കുടിൽ തന്നെ ഒറ്റക്കാ. ഓൾടെ ചെറുമൻ കൊറേ കാലായി മയ്യത്തായിട്ട്. ഓൾക്ക് കുട്യോളും ഇണ്ടായീല. പാവം കഷ്ടം ട്ടോ ഓൾടെ കാര്യം. "ഒറ്റ ശ്വാസത്തിൽ ആമിന എല്ലാ വിവരോം പറഞ്ഞു.
 അവളും ഭർത്താവും രണ്ടാണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളും എല്ലാം കൂടി ഒരു വലിയ വീട്ടിലാണത്രെ  താമസം. ഞാൻ വന്നത് ഇന്നാണത്രെ അവളറിഞ്ഞത്. "കേട്ട പാതി കേക്കാത്ത പാതി ഞമ്മലിൻഗഢ് പാഞ്ഞു വന്നു അന്നേ കാണാൻ"
എന്ന് പറഞ്ഞപ്പോ ആ ഉണ്ടകണ്ണ് നിറഞ്ഞു തുളുമ്പി. എന്റെ കണ്ണിൽ നിന്നും ധാര  ഒഴുകിയിരുന്നു. അത് സമ്മിശ്ര വികാരങ്ങളുടെ ഒരു ഒഴുക്കായിരുന്നു എന്നത് വാസ്തവം. കുടുംബം ഭർത്താവ് മക്കൾ പേരമക്കൾ അങ്ങനെ ചെറിയതും  വലിയതും  ആയ ഓരോ വിശേഷങ്ങളും ഞങ്ങൾ അന്യോന്യം പങ്കു വച്ചു.
      സമയം അതിന്റെ വഴിക്ക് പോയിക്കൊണ്ടിരുന്നു. ഞങ്ങൾ ബാല്യകാലസഖികൾ ഇതൊന്നും അറിഞ്ഞതെ ഇല്ല.
കുഞ്ഞുനാളിൽ കൊല്ലത്തിലൊരിക്കൽ രണ്ടു മാസം മാത്രം തമ്മിൽ കണ്ടിരുന്ന സ്നേഹിതകൾ ആണെന്ന് ഇന്നത്തെ തലമുറയ്ക്ക് ഉൾക്കൊള്ളാനാവാത്ത ഒരു ആത്മ ബന്ധമാണ് അത്. ജാതിമതഭേദമെന്യേ ഞങ്ങൾ കോർത്തെടുത്ത സൗഹൃദം...
" എന്താ മക്കളെ ഇത്, എത്ര നേരായി ഈ തോട്ടു വക്കത് വന്നിരിക്കുണു നിങ്ങൾ.. വരിൻ കുട്യോളെ  ഉണ്ണാൻ വരിൻ. അന്നേ കാണാൻ ആരൊക്കയാ വന്നിരിക്കണത്  എന്ന് നോക്കു കുട്ട്യേ..  വരിൻ  വേഗം " എന്ന് വല്യമ്മടെ പിന്നിൽ നിന്നുള്ള  വിളി കേട്ടപ്പോളാണ് ഞങ്ങൾ ഞെട്ടി എണീറ്റത്. വേഗം വല്യമ്മടെ പിന്നാലെ വീട്ടിലേക്ക് കയറി. ഉമ്മറത് ഏകദേശം വല്യമ്മടെ പ്രായം ഉള്ള ഒരു സ്ത്രീയും കൂടെ അതിലും ഒരുപാട് പ്രായം കുറഞ്ഞതെങ്കിലും വല്ലാതെ ശോഷിച്ച് അവശ ആയ ഒരു സ്ത്രീയും ഇരിക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ രണ്ടാളും ചാടി എണീറ്റു. ആ അമ്മ എന്നെ കെട്ടിപിടിച്ചു, മറ്റേ സ്ത്രീ വന്ന് ആമിനടെ കയ്യിൽ തൂങ്ങി നിന്നു. എന്നിട്ട് രണ്ടുപേരും ഒരു കള്ള ചിരിയോടെ എന്നെ നോക്കി. മാറി നിന്ന് വല്യമ്മയും നീതയും കൗതുകത്തോടെ ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു.
" തങ്കമ്മു എന്നെ മനസ്സിലായില്യോ. എത്ര നാളായി ഈ കൊച്ചിനെ കണ്ടിട്ട് ? കുഞ്ഞങ്ങു വളർന്നു അമ്മച്ചി ആയല്ലോ. എന്നാടി കൊച്ചേ നീ ഈ മറിയമ്മച്ചിയെ മറന്നോടി ?"........ ഞാനാകെ സ്തംഭിച്ചു നിന്നു. ഞങ്ങൾടെ പ്രിയപ്പെട്ട മറിയമ്മച്ചി ! ഞങ്ങൾടെ കൂട്ടുകാരി റബേക്കയുടെ അമ്മ... ഹോ എന്റെ ദൈവമെ എനിക്ക് താങ്ങാനാവുന്നതിനേക്കാൾ സന്തോഷം.. ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് ആ മുഖത്ത് നോക്കി അങ്ങനെ നിന്നു രണ്ടു നിമിഷം.  പിന്നെ പൊട്ടികരച്ചിലും തുരു തുരെ ഉമ്മവെക്കലും ആയിരുന്നു. എന്നെ കാണാൻ നെന്മിനി മല  ഇറങ്ങി അച്ചപ്പം അവലോസു പൊടി  കുഴലപ്പം എല്ലാം വലിയ പൊതികളിലാക്കി വന്നിരിക്കുന്നു മറിയമ്മച്ചി.... എവിടെ ചെന്നാൽ കിട്ടും ഈ അകമഴിഞ്ഞ സ്നേഹം.. പട്ടണത്തിലെ മുഖം മൂടി അണിഞ്ഞ, വെറും പുറത്തേക്കു ചിരിച്ചു കാണിക്കുന്ന കൃത്രിമത്വത്തിൽ നിന്നും എത്ര വ്യത്യസ്തം ഈ നിർമ്മല സ്നേഹം..... " മതി കരഞ്ഞതും കെട്ടിപിടിച്ചതും. കൊറച്ചു എനിക്ക് കൂടി  വേണം നിന്നെ " അടുത്തുനിന്നു പതിഞ്ഞ ശബ്ദത്തിൽ ആരാ പറഞ്ഞത് ????? ഡി പെണ്ണെ ഇത് ഞാനാ നിന്റെ നീലിപ്പെണ്ണ്. നിനക്കെന്നെ മനസ്സിലായീലെ ? എന്നും പറഞ്ഞവൾ അമ്മച്ചിയെ തട്ടി മാറ്റി എന്നെ വലിച്ചു പിടിച്ച് മുറുകെ കെട്ടിപിടിച്ചു..... എന്റീശ്വരാ ഇതെന്തൊരു മറിമായം... ഇത്ര കാലം എന്റെ മണ്ണിൽ നിന്നകന്ന് എല്ലാരേം മറന്ന് പട്ടണത്തിലെ ഒരു പിടി കിറ്റി പാർട്ടി സുഹൃത്തുക്കളുമായി കലപില കൂട്ടി ഒരു തരം ചായം പൂശിയ സൗഹൃദം കൊണ്ടു നടന്ന ഞാനെന്തേ ഈ കറ പുരളാത്ത ആത്മ ബന്ധം മറന്നു ???

എല്ലാവരെയും വല്യമ്മ ഊൺമേശക്കു ചുറ്റും ഇരുത്തി പായസം അടങ്ങിയ ഉഗ്രൻ ഊണ് വിളമ്പി.   പഴയ കാര്യങ്ങൾ പറഞ്ഞും,  റബേക്കയുടെ കുടുംബ വിശേഷം ചോദിച്ചറിഞ്ഞും  എന്റെ മക്കളേം ഭർത്താവിനേം കുറിച്ച് പറഞ്ഞും പിന്നെ ദുബായ് നഗരത്തിൽ  സ്ഥിരമായി താമസമാക്കിയ പേച്ചിയെ കുറിച്ചോർത്തും ഞങ്ങൾ നാല് മണി വരെ ഊൺമേശക്കു ചുറ്റും ഇരുന്നു. കൈ കഴുകാൻ പോലും എണീക്കാതെ ഇലയെടുത്തു കൊണ്ടു പൊയി അടുക്കളക്കാരി ചില്ലുഅമ്മായി മേശപ്പുറം  തുടച്ചതൊന്നും ഞങ്ങളറിഞ്ഞില്ല.  "ആ  കയ്യൊക്കെ ഉണങ്ങി കൂട്ടരേ പൊയി കയ്യ് കഴുകി വരിന് "എന്ന് വല്യമ്മ പറയുമ്പോളാണ് ഞങ്ങൾക്ക് സ്ഥലകാല ബോധം വന്നത്.
കൈ കഴുകി പായസം കുടിച്ചു കൊണ്ട് ഞങ്ങൾ പിന്നേം തുടർന്നു പഴയ കഥകളും ഓരോരുത്തരുടേം  ഇപ്പോഴത്തെ വിശേഷങ്ങളും ആയി.

നേരം ഇരുട്ടിയാൽ മല കേറാൻ ബുദ്ധിമുട്ടാണെന്നും  പറഞ്ഞ്  അമ്മച്ചി പൊയി. ഞങ്ങൾ പിന്നേം കൊറേ  നേരം അങ്ങനെ ഇരുന്നു ഒരായിരം ഓർമകളും വിശേഷങ്ങളും അയവിറക്കിയും പങ്കുവെച്ചും..... ഞാൻ മടങ്ങി പോകുന്നതിനു  മുൻപേ വീണ്ടും തമ്മിൽ കാണാം  എന്നും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു
    ഇന്നത്തെ യുവതലമുറക്ക് ഉൾക്കൊള്ളാൻ പറ്റാത്ത അത്ര നിബിഢ മായ .. ജാതിക്കും മതത്തിനും അതീതമായ.. ആത്മാർത്ഥമായ ഒരു സുഹൃദ് ബന്ധം അനുഭവിച്ചതിന്റെ  ആ സ്വർഗീയാനുഭൂതി ഞാനെന്റെ മക്കളെയും പേരമക്കളെയും പറഞ്ഞ് കേൾപ്പിക്കും. ഞങ്ങൾ എടുത്ത ഫോട്ടോകൾ കാണിച്ചു കൊടുക്കും...... ആനന്ദ നിർവൃതിയിൽ.... ദില്ലിയെയും ദില്ലിയിലുള്ളവരെയും തല്ക്കാലം മാറ്റി നിർത്തി  ഞാനങ്ങനെ ഇരുന്നു...... ഇനിയുമൊരു കൂടിക്കാഴ്ച്ചക്കായി....

No comments: