Sunday, April 22, 2018

അഭിനവ സൗഹൃദം

നവ നവ മാധ്യമകൾ പൊട്ടിമുളച്ചിടുന്നു
പല പല പേരുകൾ ഭാവങ്ങളിലവ വളരുന്നു
അഭിനവ സൗഹൃദത്തിൻ പൊരുളായ്‌ വരുന്നവ.
മർത്യർക്കു തമ്മിൽ സൗഹൃദമിന്നിത്രയെളുപ്പമോ??

സൗഹ്രദമെന്നതും പ്രണയമെന്നതും പാവന
ബന്ധമായി നിനക്കയും പഠിക്കയും ചെയ്തവരീ
മുഖപുസ്തക നവമാധ്യമ സ്നേഹത്തെയിനിയും
മുഖവിലക്കെടുക്കുവാൻ സന്നദ്ധരല്ലല്ലോ !!!

അന്നൊരു നാളൊരു കോളേജുകുമാരനഹോ
നെറ്റിലൂടെയെൻസൗഹ്രദം വേണമെന്ന് ചൊല്ലവേ
ഒന്നല്ല നൂറല്ല ആയിരം ശിഷ്യരെനിക്കെന്നും തോഴ
രെന്നു ഞാൻ ചൊന്നപ്പോളവനേറെ ക്ഷോഭിച്ചു.

ചൊന്നാനവൻ  അതുവേണ്ട എന്നെ ഒരു ഫ്രണ്ടാക്കി
യെന്നുമെന്റെ മാത്രമാകണം നിങ്ങൾ എന്റെ മാത്രം
എന്തു ഞാൻ ചൊല്ലേണ്ടു ക്ഷിപ്രമീ സൗഹൃദത്തെ
 നവമാധ്യമ സൗഹൃദമോ  മുഖപുസ്തക പ്രേമമോ

Thursday, April 5, 2018

ഒരു മിന്നൽ പിണറായി വന്നവൾ
ദീപ്‌തമാക്കിയെൻ മനവും  ഗേഹവും

ഊര്ജിതമായെൻ ദേഹവും ദേഹിയും
കേവലമൊരു  മാസാർദ്ധമെങ്കിലും

 ഘോരതാപത്താൽ  ഉണങ്ങി വരണ്ട മണ്ണിൽ
പുതുവര്ഷത്താലുളവാകും നവജീവൻ പോൽ

പൂത്തുലഞ്ഞു അച്ഛനുമമ്മയും ഒരുപോലെ
അത്രമേൽ ആത്മജയവൾ ഏകി മനസ്സുഖം

ഇന്നവൾ തിരിച്ചു സ്വഗേഹം പൂകാനായി
ഭർതൃ സമീപം ചെന്നെത്താൻ യാത്രയായി

അച്ഛനുമമ്മയുമിനി കാത്തിരിപ്പൂ വീണ്ടുമൊരു
സ്നേഹാർദ്രമാം ആലിംഗനത്തിനായ്  വേഗം
സ്വപ്‌നങ്ങൾ തളിർത്തപ്പോൾ...

സ്വപ്നങ്ങളെൻ  ഹൃത്തിൻ സ്പന്ദനമായിരുന്നു
സ്വപ്നങ്ങൾ കാണാൻ അർഹനല്ലെന്നറിഞ്ഞിട്ടും

എന്റെ ആഗ്രഹങ്ങൾ വെറും സ്വപ്നങ്ങളായി
എന്നുള്ളിൽ തകർന്നു വീണ നാളുകളിലും

ഒരുമാത്രയെന് നിലനിൽപിന് വേരായെങ്കിലവ
ഒരുനിമിഷമെൻ  അന്ത്യമെന്ന്  ഭയന്നു ഞാൻ 

വേദനകളുടെ നീറ്റലിനപ്പുറം ഇല്ലൊരു ലോക--
മതിൽ ഞാനേകനായി കേണിരുന്ന നാളുകളിലും 

സ്വപ്നങ്ങളെൻ പിരിയാത്ത തോഴരായിരുന്നു
സ്വപ്നത്തിലുമെൻ  സ്വപ്‌നങ്ങൾ പിൻവാങ്ങിയില്ല

 സ്വപ്‌നങ്ങൾ പ്രതീക്ഷ തൻ കിരണങ്ങളേകി
പെട്ടെന്നൊരു നാൾ എന്നിൽ പ്രഭ വീശിയപ്പോൾ

സ്വപ്നങ്ങളെ താലോലിച്ചൊരെൻ ഹൃദയത്തിൽ
ആനന്ദ ദുന്ദുഭി  ഈണമിട്ടു, ഞാൻ നൃത്തമാടി

Wednesday, April 4, 2018

"വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ" ബാലാമണിയമ്മയുടെ വരികൾ എന്റെ മനസ്സിലെ കിളി പാടുമ്പോൾ... ഞാനും  കൊതിപ്പൂ ഈ  ഭുവിനു മേലെ മേലെ സ്വച്ഛന്ദം പറന്നകലാൻ..... അങ്ങ് വിദൂരത്തൊരേകാന്തതയിൽ എന്നമ്മതൻ മാറിലെ ചൂടറിയാൻ.. എല്ലാം മറന്നൊന്ന് കണ്ണടക്കാൻ....
ഇന്ന്  ഉയിർത്തെഴുന്നേൽപ്പിന്റെ ദിനം...നമ്മുടെ നാളെകൾ പ്രത്യാശയുടേതെന്ന് വിശ്വസിക്കാം......

ദുഃഖം നിന്നെയെത്ര അലട്ടുവതെങ്കിലും സോദരാ
ഖിന്നനാകൊല്ല, നിരാശ കൈവെടിഞ്ഞീടുക  നീ

കാർമുകിൽ മാനത്തെ ആവ്രതമാക്കിയാലും
സൂര്യകിരണങ്ങളവയെ വിച്ഛേദിക്കും  നൂനം

ഇരുളിനു സ്വന്തമായൊരസ്ഥിത്വമില്ലെന്നറിയൂ നീ
ഒരു ദീപനാളത്തിൻ  പ്രകാശമതിനെ വെല്ലുമല്ലോ

എന്തിനു വൃഥാ നിന്നുള്ളം വിങ്ങുന്നു തോഴാ
ഒരു രാവിന്നൊരു പകലെന്നല്ലേ പ്രകൃതി നിയമം

Tuesday, March 27, 2018

മൃത്യുവെൻ തോഴനോ???

എന്നരികിലൊന്നിരിക്കാൻ,  രണ്ടുവാക്ക് ചൊല്ലിടാൻ നേരമില്ലാത്തവർ
ഇന്നെന്തേ കൂട്ടമായെനിക്കു ചുറ്റുമിരിപ്പൂ??
ഒരു  പനിനീർ പൂവെങ്കിലും ഒരു സ്നേഹോപഹാരമായി ലഭിച്ചില്ലൊരിക്കലും
ഇന്നെനിക്കു ചുറ്റും ഇത്രയേറെ ചെമ്പനിനീർപ്പൂക്കളും  വര്ഷിപ്പതെന്തേ??
ഉടുതുണിമാറാനൊരു തുണി യാചിച്ചു ഞാൻ
ഇന്നെനിക്കേറെ തരുന്നു കോടിത്തുണികൾ 
പശിയാൽ തളർന്നു ഞാൻ വീണപ്പോളെല്ലാം
ആശിച്ചൊരു കയ്യെന്നെ താങ്ങുമെന്നു ഞാൻ അന്നെനിക്കേകാത്ത താങ്ങിന്നു നൽകാൻ
എന്നെ തോളിലേറ്റാൻ ഇന്നെത്ര കൈകൾ !!
ഏകനായി ഞാൻ നടന്നിടുമ്പോൾ കൊതിച്ചു
വികലാൻഗനെനിക്ക് കൂട്ടായൊരു തുണയെ..
ഇന്നെവിടെ നിന്നു വന്നു നിരനിരയായിവർ
എൻ കൂടെ.. എന്നെ യാത്രയാക്കാനോ??
മനതാരിലേറെ കൊതിച്ചതെല്ലാമിന്ന് വരിച്ചു
മൃതിയിൽ ഏറ്റം സന്തുഷ്ടനാണ് ഞാൻ..
വെറുതെ ഭയന്നു മൃത്യുവിനെയെന്നും ഞാൻ 
അറിഞ്ഞില്ല എൻ തൊഴാനായി നീ വന്നതെന്ന്

Thursday, March 22, 2018

ഒരു തുണിക്കിഴിയുടെ ആത്മഗതം

ഞാനൊരു കൊച്ചു കിഴി. ആ മുത്തശ്ശി എന്നെ തനിച്ചാക്കി പൊയി. എത്ര കാലായി രാവും പകലും കൂടെ കൊണ്ടു നടന്നതാ. പോവുമ്പോൾ എന്നേം കൊണ്ടു പോവും എന്ന് അയലത്തെ വാസന്തി ചേച്ചിയോട് പറയണത് ഞാൻ കേട്ടതാ.
ഒരു ദിവസം മുത്തശ്ശി എന്നെ മടിക്കുത്തിൽ നിന്നെടുത്തു താലോലിക്കുമ്പോളാണ് ആ ചേച്ചി വന്നത്. മുത്തശ്ശി ഒറ്റക്കായിരുന്നു. സഹായത്തിനു വല്ലപ്പോഴും ആ ചേച്ചിയോ അല്ലെങ്കിൽ  അങ്ങേലെ വേലായുധനോ വരും. മുത്തശ്ശിടെ മക്കളു  രണ്ടാളും വല്ല്യ പണക്കാരാ. ദൂരെ  എവിടെയോ ആണ്. രണ്ടു മൂന്നു കൊല്ലം  കൂടുമ്പോൾ വന്നാൽ തന്നെ അധികം ദിവസം വീട്ടിൽ നിക്കില്ലായിരുന്നു. മുത്തശ്ശിക്ക് അവരെ  പറ്റി പറയാൻ ആയിരം നാവാ. എന്റെ രാമു എന്റെ അമ്മു എന്ന് പറയാൻ തുടങ്ങിയാൽ നിർത്തില്ല.
  ഒരു ദിവസം വാസന്തിച്ചേച്ചി  ചോദിച്ചു എന്താ മുത്തശ്ശി ഈ കിഴീല് എന്ന്.  അപ്പോ  ഓരോന്നായി പൊറത്തെടുത്തു... " ഇതെന്റെ അച്ഛൻ അവസാനം തന്ന വിഷു കൈനീട്ടം,  ഇത് ഗുരുവായൂർ പോയപ്പോൾ കിട്ടിയ കണ്ണന്റെ പട്ടുകോണകം  ഇത് കൃഷ്ണ തുളസി , രാമതുളസി, രാമച്ചം ഒക്കെ അന്ന് ഒരിക്കൽ അമ്മു കൊണ്ടു തന്നതാ,  ഇത് രാമു കുട്ട്യാവുമ്പോ കുന്നിക്കുരു വാരിയ പ്പോ അവന്റെ കീശയിൽ ഇണ്ടായിരുന്ന ഒരു മണി,  ഇത് അവരുടെ രണ്ടാൾടേം ആദ്യം പോയ പല്ല്,  ഇതെനിക്ക് അവസാനം അവരുടെ അച്ഛൻ കൊണ്ടുവന്നു തന്ന ചന്ദന തൈലത്തിന്റെ കുപ്പി, ഇത് പൊന്നാനി കടപ്പുറത്തു പോയപ്പോൾ കിട്ടിയ ശംഖ്...." അങ്ങനെ എന്തൊക്കെ ആണെന്നോ എന്റെ ഉള്ളിൽ നിന്ന് മുത്തശ്ശി പുറത്തെടുത്തത്
" ഇതൊക്കെ എന്തിനാ മുത്തശ്ശി ഇങ്ങനെ സ്വരുക്കൂട്ടി വെച്ചിരിക്കണത് " എന്ന് ആ ചേച്ചി ചോദിച്ചപ്പോ  " എന്നെ തെക്കോട്ടേക്ക് എടുക്കുമ്പോൾ ആ വലിയ മാവ് മുറിക്കില്ലേ എന്റെ ചിത കൂട്ടാൻ?  അപ്പൊ എന്റെ ചിതയിൽ ഇടാൻ പറയണം കുട്ടികളോട്. എനിക്ക് കൂടെ കൊണ്ടു പോണം എന്നാലേ  എനിക്ക് ഗതി കിട്ടുള്ളു. അടുത്ത തവണ അവരു വരുമ്പോൾ അവരോടു പറയണം ",

ഇന്നലെ കേമായിട്ട് അടിയന്തിര സദ്യ ഒക്കെ കഴിഞ്ഞു മുത്തശ്ശിടെ  മുറി വൃത്തി ആക്കുമ്പോൾ എന്നെ എടുത്ത് അവരുടെ മരുമോൾ ജനാല വഴി ഒരൊറ്റ ഏറു കൊടുത്തു.
   മുത്തശ്ശി ഒറക്കത്തിലാ മരിച്ചത്. മക്കളും മരുമക്കളും വന്നു.  സ്വത്തു തർക്കത്തിനിടയിൽ വലിയ വില കിട്ടാവുന്ന ആ  മാവ് മുറിക്കാൻ ആർക്കും സമ്മതം അല്ലായിരുന്നു. ചിതയൊന്നും വേണ്ട എന്നവർ നിശ്ചയിച്ചു.   വളപ്പിൽ തന്നെ തരിശായി കിടന്നിരുന്ന ഒരിടത് മുത്തശ്ശിയെ കുഴിച്ചു മൂടി. ആരെയും കാര്യമായി വിളിക്കേം പറയേം ചെയ്തില്ല. പതിനഞ്ചാം  പക്കം വീടും പറമ്പും വിറ്റ്  പണം വീതിച്ചെടുത്തു അവർ. പ്രഗത്ഭരായ മിത്രങ്ങളെ വിളിച്ചു വിസ്തരിച് പതിനാറടിയന്തിരം കഴിച്ചു  "സ്നേഹമുള്ള മക്കൾ"  അമ്മയുടെ ആത്മശാന്തിക്കായി !!! ജീവിച്ചിരുന്നപ്പോൾ സ്നേഹത്തോടെ കുറച്ചു ദിവസം അമ്മയുടെ കൂടെ നിൽക്കാനോ,  അമ്മയുടെ ആഗ്രഹങ്ങൾ ആരായാനോ ശ്രമിക്കാത്ത അവർ ആത്മശാന്തിക്കായി അടിയന്തിരം കെങ്കേമമാക്കി.
ആ ചിതയിൽ കൂടെ കിടന്നെരിയാനുള്ള ഭാഗ്യം പോലും വര്ഷങ്ങളായി സന്തത സഹചാരി ആയ എനിക്ക് കിട്ടിയില്ല. എന്നെയും കൂടെ കൊണ്ടു  പോയാൽ ഗതി കിട്ടും എന്ന് മോഹിച്ച പാവം മുത്തശ്ശി. എന്തായോ എന്തോ അവരുടെ ഗതി !!! അമ്മയെ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും സന്തോഷിപ്പിക്കാൻ ശ്രമിക്കാത്ത ആ മക്കളുടെ ഗതി എന്താകുമോ  എന്തോ !!!