Tuesday, March 27, 2018

മൃത്യുവെൻ തോഴനോ???

എന്നരികിലൊന്നിരിക്കാൻ,  രണ്ടുവാക്ക് ചൊല്ലിടാൻ നേരമില്ലാത്തവർ
ഇന്നെന്തേ കൂട്ടമായെനിക്കു ചുറ്റുമിരിപ്പൂ??
ഒരു  പനിനീർ പൂവെങ്കിലും ഒരു സ്നേഹോപഹാരമായി ലഭിച്ചില്ലൊരിക്കലും
ഇന്നെനിക്കു ചുറ്റും ഇത്രയേറെ ചെമ്പനിനീർപ്പൂക്കളും  വര്ഷിപ്പതെന്തേ??
ഉടുതുണിമാറാനൊരു തുണി യാചിച്ചു ഞാൻ
ഇന്നെനിക്കേറെ തരുന്നു കോടിത്തുണികൾ 
പശിയാൽ തളർന്നു ഞാൻ വീണപ്പോളെല്ലാം
ആശിച്ചൊരു കയ്യെന്നെ താങ്ങുമെന്നു ഞാൻ അന്നെനിക്കേകാത്ത താങ്ങിന്നു നൽകാൻ
എന്നെ തോളിലേറ്റാൻ ഇന്നെത്ര കൈകൾ !!
ഏകനായി ഞാൻ നടന്നിടുമ്പോൾ കൊതിച്ചു
വികലാൻഗനെനിക്ക് കൂട്ടായൊരു തുണയെ..
ഇന്നെവിടെ നിന്നു വന്നു നിരനിരയായിവർ
എൻ കൂടെ.. എന്നെ യാത്രയാക്കാനോ??
മനതാരിലേറെ കൊതിച്ചതെല്ലാമിന്ന് വരിച്ചു
മൃതിയിൽ ഏറ്റം സന്തുഷ്ടനാണ് ഞാൻ..
വെറുതെ ഭയന്നു മൃത്യുവിനെയെന്നും ഞാൻ 
അറിഞ്ഞില്ല എൻ തൊഴാനായി നീ വന്നതെന്ന്

Thursday, March 22, 2018

ഒരു തുണിക്കിഴിയുടെ ആത്മഗതം

ഞാനൊരു കൊച്ചു കിഴി. ആ മുത്തശ്ശി എന്നെ തനിച്ചാക്കി പൊയി. എത്ര കാലായി രാവും പകലും കൂടെ കൊണ്ടു നടന്നതാ. പോവുമ്പോൾ എന്നേം കൊണ്ടു പോവും എന്ന് അയലത്തെ വാസന്തി ചേച്ചിയോട് പറയണത് ഞാൻ കേട്ടതാ.
ഒരു ദിവസം മുത്തശ്ശി എന്നെ മടിക്കുത്തിൽ നിന്നെടുത്തു താലോലിക്കുമ്പോളാണ് ആ ചേച്ചി വന്നത്. മുത്തശ്ശി ഒറ്റക്കായിരുന്നു. സഹായത്തിനു വല്ലപ്പോഴും ആ ചേച്ചിയോ അല്ലെങ്കിൽ  അങ്ങേലെ വേലായുധനോ വരും. മുത്തശ്ശിടെ മക്കളു  രണ്ടാളും വല്ല്യ പണക്കാരാ. ദൂരെ  എവിടെയോ ആണ്. രണ്ടു മൂന്നു കൊല്ലം  കൂടുമ്പോൾ വന്നാൽ തന്നെ അധികം ദിവസം വീട്ടിൽ നിക്കില്ലായിരുന്നു. മുത്തശ്ശിക്ക് അവരെ  പറ്റി പറയാൻ ആയിരം നാവാ. എന്റെ രാമു എന്റെ അമ്മു എന്ന് പറയാൻ തുടങ്ങിയാൽ നിർത്തില്ല.
  ഒരു ദിവസം വാസന്തിച്ചേച്ചി  ചോദിച്ചു എന്താ മുത്തശ്ശി ഈ കിഴീല് എന്ന്.  അപ്പോ  ഓരോന്നായി പൊറത്തെടുത്തു... " ഇതെന്റെ അച്ഛൻ അവസാനം തന്ന വിഷു കൈനീട്ടം,  ഇത് ഗുരുവായൂർ പോയപ്പോൾ കിട്ടിയ കണ്ണന്റെ പട്ടുകോണകം  ഇത് കൃഷ്ണ തുളസി , രാമതുളസി, രാമച്ചം ഒക്കെ അന്ന് ഒരിക്കൽ അമ്മു കൊണ്ടു തന്നതാ,  ഇത് രാമു കുട്ട്യാവുമ്പോ കുന്നിക്കുരു വാരിയ പ്പോ അവന്റെ കീശയിൽ ഇണ്ടായിരുന്ന ഒരു മണി,  ഇത് അവരുടെ രണ്ടാൾടേം ആദ്യം പോയ പല്ല്,  ഇതെനിക്ക് അവസാനം അവരുടെ അച്ഛൻ കൊണ്ടുവന്നു തന്ന ചന്ദന തൈലത്തിന്റെ കുപ്പി, ഇത് പൊന്നാനി കടപ്പുറത്തു പോയപ്പോൾ കിട്ടിയ ശംഖ്...." അങ്ങനെ എന്തൊക്കെ ആണെന്നോ എന്റെ ഉള്ളിൽ നിന്ന് മുത്തശ്ശി പുറത്തെടുത്തത്
" ഇതൊക്കെ എന്തിനാ മുത്തശ്ശി ഇങ്ങനെ സ്വരുക്കൂട്ടി വെച്ചിരിക്കണത് " എന്ന് ആ ചേച്ചി ചോദിച്ചപ്പോ  " എന്നെ തെക്കോട്ടേക്ക് എടുക്കുമ്പോൾ ആ വലിയ മാവ് മുറിക്കില്ലേ എന്റെ ചിത കൂട്ടാൻ?  അപ്പൊ എന്റെ ചിതയിൽ ഇടാൻ പറയണം കുട്ടികളോട്. എനിക്ക് കൂടെ കൊണ്ടു പോണം എന്നാലേ  എനിക്ക് ഗതി കിട്ടുള്ളു. അടുത്ത തവണ അവരു വരുമ്പോൾ അവരോടു പറയണം ",

ഇന്നലെ കേമായിട്ട് അടിയന്തിര സദ്യ ഒക്കെ കഴിഞ്ഞു മുത്തശ്ശിടെ  മുറി വൃത്തി ആക്കുമ്പോൾ എന്നെ എടുത്ത് അവരുടെ മരുമോൾ ജനാല വഴി ഒരൊറ്റ ഏറു കൊടുത്തു.
   മുത്തശ്ശി ഒറക്കത്തിലാ മരിച്ചത്. മക്കളും മരുമക്കളും വന്നു.  സ്വത്തു തർക്കത്തിനിടയിൽ വലിയ വില കിട്ടാവുന്ന ആ  മാവ് മുറിക്കാൻ ആർക്കും സമ്മതം അല്ലായിരുന്നു. ചിതയൊന്നും വേണ്ട എന്നവർ നിശ്ചയിച്ചു.   വളപ്പിൽ തന്നെ തരിശായി കിടന്നിരുന്ന ഒരിടത് മുത്തശ്ശിയെ കുഴിച്ചു മൂടി. ആരെയും കാര്യമായി വിളിക്കേം പറയേം ചെയ്തില്ല. പതിനഞ്ചാം  പക്കം വീടും പറമ്പും വിറ്റ്  പണം വീതിച്ചെടുത്തു അവർ. പ്രഗത്ഭരായ മിത്രങ്ങളെ വിളിച്ചു വിസ്തരിച് പതിനാറടിയന്തിരം കഴിച്ചു  "സ്നേഹമുള്ള മക്കൾ"  അമ്മയുടെ ആത്മശാന്തിക്കായി !!! ജീവിച്ചിരുന്നപ്പോൾ സ്നേഹത്തോടെ കുറച്ചു ദിവസം അമ്മയുടെ കൂടെ നിൽക്കാനോ,  അമ്മയുടെ ആഗ്രഹങ്ങൾ ആരായാനോ ശ്രമിക്കാത്ത അവർ ആത്മശാന്തിക്കായി അടിയന്തിരം കെങ്കേമമാക്കി.
ആ ചിതയിൽ കൂടെ കിടന്നെരിയാനുള്ള ഭാഗ്യം പോലും വര്ഷങ്ങളായി സന്തത സഹചാരി ആയ എനിക്ക് കിട്ടിയില്ല. എന്നെയും കൂടെ കൊണ്ടു  പോയാൽ ഗതി കിട്ടും എന്ന് മോഹിച്ച പാവം മുത്തശ്ശി. എന്തായോ എന്തോ അവരുടെ ഗതി !!! അമ്മയെ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും സന്തോഷിപ്പിക്കാൻ ശ്രമിക്കാത്ത ആ മക്കളുടെ ഗതി എന്താകുമോ  എന്തോ !!!

Tuesday, March 20, 2018

നിന്റെ നിക്കാഹിനവർ ഒരുങ്ങവേ
എന്റെ  മയ്യത്തിവിടെ ഒരുങ്ങുന്നു പെണ്ണെ
അവർ നിന്നെ പൂവണിയിച്ചപ്പോൾ
എൻ ദേഹത്തവർ പുഷ്പം വിതറി... ഒരുങ്ങീ നാമിരുവരും വീട് വിട്ടകലാനായ്
നീ സ്വയം ഒരുങ്ങി നീങ്ങിയപ്പോൾ
എന്നെയോ  ഒരുക്കി കിടത്തിയവർ
നിനക്കു ചുറ്റും തോഴർ അരങ്ങു തകർക്കവേ 
എനിക്ക് ചൂറ്റും  പൊട്ടിക്കരയുന്നവർ
ഖാസി നിനക്കായി  നിക്കാഹ് വായിച്ചപ്പോൾ
മൗലവി എൻ ചാരെ നിന്നു വിടചൊല്ലി
നിന്നെ  ഒരു കൂട്ടർ സ്വന്തമാക്കിയപ്പോൾ
 ഞാനോ അല്ലാഹുവിനു സ്വന്തമായി
നിന്റെ നിക്കാഹും എന്റെ മയ്യത്തും
കേവലം ഇത്രമേൽ  വ്യത്യസ്ഥം പെണ്ണെ

(ഒരു ഉർദ്ദു കവിത വായിച്ചപ്പോൾ അതിനെ മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തണം എന്ന് തോന്നി. സാഹസമാണെങ്കിൽ ക്ഷമിക്കണേ. സ്വീകാര്യമെങ്കിൽ അനുഗ്രഹിക്കണം )

Wednesday, March 14, 2018

സമയമാം രഥത്തിൽ ഞാൻ.........

പലപ്പോഴും ആഗ്രഹിച്ചതാണ് മലയാളത്തിൽ എന്തെങ്കിലും വ്യത്യസ്തമായി എഴുതണം എന്ന്. കുഞ്ഞു കുഞ്ഞു കവിതകൾ എഴുതി നോക്കി. എന്നാൽ മനസ്സിന്റെ അടിത്തട്ടിൽ ഒരു ചാരിതാർഥ്യം തോന്നിയില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ഗദ്യശില്പമായാലോ എന്ന് തോന്നിയത്. അയ്യോ.. കേവലം എട്ടാം ക്ലാസ്സുവരെ ദില്ലിയിലെ സ്കൂളിൽ മലയാളം പഠിച്ച എനിക്ക് അതിനുള്ള ത്രാണിയൊന്നും ഇല്ലല്ലോ എന്ന് സ്വയം തിരുത്തുകയും ചെയ്തു. 

 അനുഭവത്തിന്റെ  വെളിച്ചത്തിൽ മനസ്സിൽ തോന്നുന്നതെല്ലാം കുത്തിക്കുറിക്കുന്ന ശീലം പഠിക്കുന്ന കാലത്തെ ഉള്ളതാണ്. എന്നാൽ അനുഭവത്തിന്റെയും ചിന്താഗതിയുടെയും തീക്ഷ്ണത കുറയുമ്പോൾ എല്ലാം ചവറ്റുകൊട്ടയിൽ പോകുമായിരുന്നു. ഡയറി വേറൊരു മാധ്യമമായിരുന്നു ചിന്തകളെയും അനുഭവങ്ങളെയും എഴുതി നിറക്കാൻ. എപ്പോളാണെന്നറിയില്ല ആ പതിവും നിന്നു.

അതിനിടയിൽ വെറുതെ ഒരു ദിവസം വളരെ കുറച്ചു വാസ്തവാനുഭവവും വളരെയേറെ സാങ്കല്പികതയും കൂട്ടിച്ചേർത്തു ഒരു ഗദ്യരൂപം എഴുതി  സുഹൃത്തുക്കളിൽ  ചിലരായി പങ്കുവെച്ചു. അവരെല്ലാം ആ ഗദ്യരൂപത്തിൽ ഒരു നീണ്ട കഥയുടെ ചുരുൾ അഴിയുന്നു പോലെ എന്ന് പറഞ്ഞു തുടർന്നെഴുതുവാൻ നിർബന്ധിച്ചു. അങ്ങിനെ പോയകാലങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ഒരുപാടൊരുപാട് സങ്കല്പങ്ങളും കുറച്ചു ചരിത്രവും കൂട്ടി ഇണക്കി ഒരു ഗദ്യരൂപം മെനഞ്ഞെടുത്തു. ഇതിനെ എന്ത് വിളിക്കണം എന്നറിയില്ല. കഥ എന്നോ യാത്രവിവരണം എന്നോ ജീവിതാനുഭവം എന്നോ വായനക്കാരുടെ ഔചിത്യം  പോലെ  പേര് നൽകാം. എന്റെ  വിചാരധാരയും  മനസ്സിന്റെ ഓളങ്ങളും ഒഴുകുന്നതിനനുസരിച്ചു ഞാൻ തൂലിക ചലിപ്പിച്ചു. അതിൽ നിന്നൂർന്നു വീണ വരികൾ  ഗുരുപാദങ്ങളിൽ  അർപ്പിച്ചുകൊണ്ട് വായിക്കാൻ ഇഷ്ടവും സന്നദ്ധതയും ഉള്ളവരുടെ സമക്ഷം വെക്കുന്നു. അനുഗ്രഹവും വിലയിരുത്തലും കാംക്ഷിക്കുന്നു
വിനയപൂർവം,
ചന്ദ്രിക 
ശുഭമായവസാനിക്കുന്നതെന്തും ശുഭം തന്നെ.....

 എയർപോർട്ടിൽ ദുബായ്ക്കുള്ള പ്ലേനും കാത്തിരിക്കുന്ന ഞാൻ ഒരു പുഞ്ചിരിയോടെ ഓരോന്ന് ഓർക്കുമ്പോൾ ആണ് ഭർത്താവ് ചോദിച്ചത് "എന്താ തങ്കം ആലോചിച്ചു ചിരിക്കണത് "
നാട്ടിൽ പൊയി വന്നതു മുതൽ മോൾ എന്നും പരാതി ആയിരുന്നു അമ്മക്ക് നാട്ടിൽ പൊയി എല്ലാവരേം കാണാൻ സമയം ഉണ്ട്. എന്റെ കൂടെ കുറച്ചു ദിവസം വരാൻ മാത്രമേ വയ്യ അല്ലേ. ഞാൻ വിസ അയക്കാൻ തീർച്ചയാക്കി അമ്മേം അച്ഛനും ദുബൈക്ക് വരാൻ ഒരുങ്ങിക്കോളൂ. എന്നാൽ ശരി എന്ന് തീർച്ചയാക്കി. എന്നാൽ പിന്നെ വല്യമ്മയോടു പറഞ്ഞ്  പേച്ചിടെ അഡ്രസ്സും സംഘടിപ്പിക്കാം എന്ന് വച്ചു .  പഞ്ചമി ശിവൻ എന്നാണവളുടെ പേരത്രെ. അപ്പോഴേക്കും അതാ ശാലുന്റെ ഫോൺ.... ഏടത്തിയമ്മേ എന്റെ മൈഥിലിയെ സഹായിച്ചേ പറ്റൂ   അവൾക്കു നിയമപരമായി അവളുടെ മകനെ കിട്ടി   അമ്മയും ഒക്കെ ആയി അവൾ രഞ്ജിപ്പിലായി. ഇനി  അവൾക്കു മസൂരി പൊയി അവളുടെ മകനെ കൊണ്ടു വരാൻ ഏട്ടനും ഏടത്തിയമ്മയും കൂടെ പോണം. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി കാർത്തികി ന്റെ ബോർഡിങ് സ്കൂളിൽ പൊയി അവനെ കൊണ്ടു വന്നു.   മൈഥിലിക്ക് അവനെ ഡൽഹിയിൽ പഠിപ്പിക്കണമത്രേ. സ്കൂളിൽ വിദ്യാസഭ്യാസം കഴിഞ്ഞു .  പന്ത്രണ്ടാം ക്ലാസ്സിലെ മാർക്ക്‌ നല്ലതെങ്കിൽ നല്ല കോളേജിൽ ചേരാം. അപ്പോഴാണ് ഞങ്ങൾ ദുബൈക്ക് പോകുന്ന കാര്യം പറഞ്ഞത്. അവന് BITS  പിലാനി  ദുബായ് ശാഖയിൽ ചേരണമെന്നൊരു  മോഹം. എന്നാൽ ഞങ്ങൾടെ കൂടെ അവരെയും കൂട്ടി.  ദുബായ് കറങ്ങലും  ആവാം  കോളേജിനെ പറ്റി  അന്വേഷിക്കലും ആവാം. എല്ലാരും കൂടി ദുബൈക്ക് പുറപ്പെട്ടു. വിമാനം കയറാൻ കാത്തിരിക്കയാണ്. അപ്പൊ അതാ മോൾടെ വാട്സ്ആപ്പ് മെസ്സേജ്.. "അമ്മേ പഞ്ചമി ആന്റിയെ കണ്ട്‌ പിടിച്ചു. നിങ്ങൾ ദുബൈയിൽ വന്നിറങ്ങുമ്പോൾ ഞങ്ങൾക്കൊപ്പം  പഞ്ചമി ആന്റിയും ഉണ്ടാവും ട്ടോ .  സന്തോഷായിലെ അമ്മക്ക് ??????"
അങ്ങനെ പല പല സൗഹൃദങ്ങളുടെ സന്തോഷത്തിനിടയിൽ കൊച്ചു ദുഃഖങ്ങൾ എന്ന് ഇപ്പോൾ തോന്നുന്ന വലിയ ദുഃഖങ്ങൾ എല്ലാരും മറന്നു. എല്ലാം ശുഭമായി അവസാനിച്ചു എന്ന സന്തോഷത്തിൽ വിമാനത്തിലേക്കുള്ള പടികൾ ഞങ്ങൾ കയറി........
മനസ്സിലെന്നും  ആശിച്ച   വാത്സല്യവും തേടി

രാവിലെ എണീറ്റപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷവും ഉത്സാഹവും തോന്നി. പെട്ടെന്ന് കുളിച്ചൊരുങ്ങി അമ്മായിടെ അടുത്തേക്ക് പോയപ്പോൾ അമ്മായി ചൂട്  പ്രാതൽ വിളമ്പി തുടങ്ങിയിരുന്നു. നാളുകൾക്കു ശേഷം കണ്ടപ്പോൾ മാമൻ കുശലാന്വേഷണം നടത്തി. കാപ്പി കുടിക്കാൻ  കൂടെ ഇരുത്തി. അമ്മ അപ്പ കൂടെ ഇരിക്കുന്നത് പോലെ പെട്ടെന്ന് തോന്നിയപ്പോൾ കണ്ണ് നിറഞ്ഞു. അമ്മായിക്ക് കാര്യം മനസ്സിലായി. എല്ലാം ശരിയാവും. ഞായറാഴ്ച അല്ലേ അമ്മയേം ശാലുനേം ഒക്കെക്കണ്ട് വരൂ.    ദേവി തുണക്കട്ടെ. എന്നും പറഞ്ഞ്  ഇഡലി വിളമ്പി. എത്രയും വേഗം  പ്രിയപെട്ടവരുടെ അടുത്തെത്തണം എന്നു  തോന്നി. വേഗം കഴിച്ച്  അമ്മായിയോട് യാത്ര പറഞ്ഞു ഇറങ്ങി.
രണ്ടു മണിക്കൂറോളം ബസ്സിൽ ഇരിക്ക്യണം. വഴിനീളെ ശാലുവിനെയും വീട്ടുകാരെയും കുറിച്ചായിരുന്നു ആലോചിച്ചത്.
അമ്മയെയും അപ്പാവെയും ഞാൻ ഒരു പാട് വേദനിപ്പിച്ചു .  കഴിഞ്ഞ എത്രയോ വര്ഷങ്ങളായി എന്നും മനസ്സിൽ കൊണ്ടു നടന്നിരുന്ന അവരെയും ശാലുവിനെയും ഞാൻ കാണാനോ ബന്ധപ്പെടാനോ  ശ്രമിച്ചില്ല. കുറ്റബോധവും നിഷ്കളങ്കരായ അവരെ വിഷമിപ്പിക്കരുത് എന്ന  ചിന്തയും ആയിരുന്നു കാരണം. എന്നാലും അതൊന്നും എന്റെ ചെയ്തികളെ നീതീകരിക്കുന്നില്ല. വക്കീൽ സഹായം എന്നെ ഏറെ ആശാകുലയാക്കുന്നു. എങ്ങിനെ എങ്കിലും കാർത്തികനേ എന്റെ കൂടെ കിട്ടിയാൽ പാതി യുദ്ധം ഞാൻ ജയിച്ചു   പിന്നെ അമ്മയും വെള്ളിനേഴിയിലെ പ്രിയമുള്ളവരും എനിക്കൊപ്പമായാൽ  ഞാൻ ജയിക്കും.. അടുത്ത ആറു മാസം കഴിഞ്ഞാൽ കാർത്തികിന് 18  വയസ്സാവും. അപ്പോൾ അവന്റെ ഇഷ്ടപ്രകാരം  പപ്പക്ക് ഒപ്പമോ അമ്മയ്‌ക്കൊപ്പമോ അവനു വരാം .  അതിനിടയിൽ നിയമപരമായ എല്ലാ നീക്കങ്ങളും കഴിയണം. എന്റെ മോൻ തീർച്ചയായും എനിക്കൊപ്പം വരും   വല്ലപ്പോഴും S T D  ബൂത്തുകളിൽ നിന്നു ഞാൻ വിളിക്കാറുള്ള  ഫോൺ കാളുകൾ മാത്രമാണ് ഞങ്ങൾ തമ്മിൽ ഉള്ള സമ്പർക്കം. എല്ലാം നേർവഴിക്കു പോയാൽ  അവനെ കാണാൻ മസ്സൂറി യിൽ ഉള്ള ബോർഡിങ് സ്കൂളിൽ പോണം. എന്നിട്ട് വേണം അവനെയും കൂട്ടി അമ്മയേം അപ്പാവെയും  കാണിക്കാൻ കൊണ്ടുപോകാൻ. പിന്നെ മനോജായി പൂർണമായും നിയമപരമായും വേർപെട്ട്  സമാധാനമായി കഴിയണം. അതോർക്കുമ്പോൾ ഇപ്പോഴും മനസ്സിലെവിടെയോ ഒരു നീറ്റൽ. സ്നേഹിച്ചതാണ്,  എല്ലാറ്റിലും ഉപരി സ്നേഹിച്ചതാണ്. എന്നിട്ടും എന്തെ ഇങ്ങനെ ആയി ???????
ഓരോന്ന്  ആലോചിച്ചിരുന്നപ്പോൾ ഇറങ്ങാനുള്ള സ്ഥലം എത്തിയതറിഞ്ഞില്ല കണ്ടക്ടർ വിളിച്ച് പറഞ്ഞപ്പോൾ ഞെട്ടി എണീറ്റ്‌ വേഗം ഇറങ്ങി. എന്തോ മുൻപുണ്ടായിരുന്ന പരിഭ്രമം ഇല്ലായിരുന്നു. അന്ന് ശാലുനെ കാണാൻ ബാങ്കിൽ  പോയപ്പോൾ ആട്ടിയോടിച്ചത് മറന്നിട്ടില്ല. ഒന്നാമത് ഇന്ന് ഞായറാഴ്ച ബാങ്കിലേക്കല്ല വീട്ടിലേക്കാണ് പോകുന്നത്. എന്തോ ഉറച്ച കാൽ വപ്പോടു കൂടി നടന്നു. ശാലുവിന്റെ വീട്ടു മുറ്റത്തെത്തി. പരിചയമുള്ളവർ ആരും ഇല്ലായിരുന്നു വഴിയിൽ. മുറ്റത്തു  നെല്ലുണക്കാൻ ഇട്ടിരിക്കുന്നു. ആരുമില്ല പുറത്ത്.  ചെറിയ നെഞ്ചിടിപ്പോടെ വാതിൽ തട്ടി. ശാലുവിന്റെ അമ്മ പുറത്ത് വന്നു.  ആരാ എവിടുന്നാ ആരെ കാണാനാ എന്ന്  നിർത്താതെ ചോദിച്ചു. എന്നെ മനസ്സിലായിട്ടില്ല. മുടിയൊക്കെ പൊയി നരച്ചു മുഖവും ആകെ ക്ഷീണിച്ചു .  എങ്ങനെ മനസ്സിലാവാനാ. തൊണ്ട ഇടറി വിറയലോടെ പറഞ്ഞു  അമ്മേ മൈഥിലി. ഇത്രയും പറഞ്ഞതും  പിടിച്ചു നിൽക്കാനാവാതെ പൊട്ടി കരഞ്ഞു. അമ്മ ഇത് കണ്ട്‌  അന്ധാളിച്ചു. എന്ത് മൈഥിലിയോ. വരൂ അകത്തേക്കിരിക്ക്. ശാലു അടുത്തു തന്നെ വേറെ വീട് വച്ചിരിക്കുന്നു. ഇവടെ ഞാൻ മാത്രേ ഉള്ളു .  ഇരിക്ക്. ഇപ്പൊ വിളിപ്പിക്കാം. എന്നെ അകത്തേക്ക് കൊണ്ടു പോയി. ഇരുത്തി.  ശാന്തേ  പൊയി ശാലുനെ വിളിച്ച് കൊണ്ടു വാ എന്ന് പറഞ്ഞു. അമ്മ ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോളേക്കും ശാലു വന്നു. രണ്ടാളും കണ്ടതും അടക്കാനാവാതെ കൊറേ കരഞ്ഞു.
പിന്നെ മുറിക്കകത്തു കയറി അവളോട്‌ ബോംബെ മുതൽ അമേരിക്ക  വരെയും പിന്നെ തിരിച്ചു  പോന്നതും മനോജിൽ വന്ന ക്രൂരമായ മാറ്റങ്ങളും കാർത്തികിനെ  പറ്റിയും ഞാൻ നിയമം സഹായം തേടുന്നതും  വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു. ഒരു പെരുമഴ പെയ്തു തോർന്ന പോലെ ആയിരുന്നു. കരച്ചിലും തേങ്ങലുകൾക്കും ദേഷ്യത്തിലും ഇടക്ക് എല്ലാം പറഞ്ഞു തീർത്തപ്പോൾ.  അവൾ അമ്മ അപ്പയെ പറഞ്ഞു സമ്മതിപ്പിക്കാം  എന്ന് ഉറപ്പു തന്നു. നിയമസംബന്ധമായ യുദ്ധം കഴിയാൻ ആറു മാസം പിടിക്കും. അതിനിടയിൽ അവൾ എല്ലാ ശരിയാക്കാം എന്നേറ്റു. അതിനിടയിൽ അവളുടെ വീട്ടുകാരെല്ലാ വന്നു. എല്ലാവരും സഹായിക്കാമെന്ന് ഉറപ്പു തന്നു. അവളുടെ ഏടത്തിയമ്മ ഡൽഹിയിൽ ഉണ്ട് അവരോടും ഏട്ടനോടും പറഞ്ഞ്  കാർത്തികിന്റെ അടുത്തു പോകാൻ  വേണ്ടുന്ന സഹായം ചെയ്യാം എന്നും ഉറപ്പു തന്നു. നമുക്ക് ആദ്യം ഏടത്തിയമ്മ ടെ  അടുത്തു പോകാം. സ്കൂളിൽ പ്രിൻസിപ്പൽ ആണല്ലോ അവർ   ഏട്ടനും ഏതോ  നല്ല പദവിയിൽ ആണ് ജോലിയിൽ നിന്ന് വിരമിച്ചത്. അവർക്കു രണ്ടു പേർക്കും നല്ല പിടിപാടുണ്ട്. നമുക്കെല്ലാം ശരിയാക്കാം എന്നവൾ   ഉറപ്പു തന്നു. 

അമ്മയെ കാണാൻ അസഹ്യമായ മോഹം. കാണാതെ തിരിച്ചു പോകാൻ മനസ്സനുവദിച്ചില്ല. അവസാനം ശാലുവും അനിയനും എന്നെയും കൂട്ടി മഠത്തിലേക്ക്  പോകാൻ നിശ്ചയിച്ചു. പൊട്ടലും ചീറ്റലും കൊടുങ്കാറ്റ് തന്നെയും പ്രതീക്ഷിച്ചോളാൻ മുന്നറിയിപ്പ് തന്നു.

അവർ കൂടെയുണ്ടെങ്കിലും മുട്ടുകൾ രണ്ടും  കൂട്ടി അടിച്ചുകൊണ്ടാണ് നീങ്ങിയത്. ശാലു ധൈര്യം തന്നു കൊണ്ടിരുന്നു എന്റെ തോളിൽ കയ്യിട്ടു കൊണ്ടാണവൾ നടന്നത്. എത്രയായിട്ടും ഒരു തരം വിറയലോ തളർച്ചയോ ഒക്കെ ആയിരുന്നു മഠത്തിലെത്തിയപ്പോൾ.

ഞാൻ ഗേറ്റിനു പുറത്തു നിന്നു. ശാലുവും മുരളിയും ഉള്ളിലേക്ക് പൊയി വാതിൽ തട്ടി. അതാ അപ്പ പുറത്ത് വന്നു. വയസ്സായിരിക്കുന്നു. തീരെ ശേഷി ഇല്ലാത്ത പോലെ. പിന്നാലെ അമ്മയും എത്തി. അമ്മയ്ക്കും വയ്യ. ശാലു എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പറ്റിയില്ല. അവളും മുരളിയും ഉമ്മറത്തേക്ക് കയറി. കാത്തു നിൽക്കാൻ ഒരു തരിപോലും ശേഷിയില്ല എന്ത് വന്നാലും വേണ്ടില്ല തല്ലുന്നെങ്കിൽ തല്ലട്ടെ. പുന്നാരിച്ചു വളർത്തിയ മകൾ അവരോട്  അത്ര വലിയ കുറ്റമല്ലേ  ചെയ്തത് എന്ത് ശിക്ഷയും ഏറ്റു  വാങ്ങാൻ തയ്യാറായിട്ടു തന്നെ ഗേറ്റു തുറന്നു ഞാൻ ഉമ്മറത്തേക്ക് ഓടി   അമ്മാ !!! അപ്പാ !! എന്നുറക്കെ വിളിച്ചു ആ കാലുകളിൽ വീണു......
സ്നേഹം വിടർത്തിയ പൂക്കൾ കരിഞ്ഞപ്പോൾ
******************************************
വക്കീലിന്റെ വീട്ടിൽ എത്തിയപ്പോൾ അവരെന്നെ കാത്തിരിക്കയായിരുന്നു. സ്നേഹത്തോടെ അകത്തേക്ക് വിളിച്ചു. കക്ഷികളാരും ഇല്ലാത്ത സമയമായിരുന്നു.  അതുകൊണ്ട് സംസാരിക്കാൻ  പറ്റിയ അവസരം. എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് അറിയാതെ ഇരിക്കുമ്പോൾ " സരിത എന്നോട് മൈഥിലിയെ കുറിച്ച് കുറെയൊക്കെ പറഞ്ഞിട്ടുണ്ട്. ഒരുപാട് സ്നേഹിച്ചു പക്ഷെ അതിലധികം ദുഖിച്ചു അല്ലേ. വിഷമിക്കണ്ട. നമുക്ക് ശ്രമിക്കാം. മകനെ അധികം താമസിയാതെ മൈഥിലിയുടെ അടുത്തേക്കെത്തിക്കാൻ നോക്കാം " എന്നിങ്ങനെ അവർ പറഞ്ഞപ്പോൾ ഞാൻ പകച്ചു പൊയി. സരിത എന്ന കൂട്ടുകാരിയെ മനസ്സിൽ സ്നേഹപ്പൂർവം ഓർത്തു. ആവൂ എന്തൊരു  സമാധാനം. വക്കീലാണെങ്കിലും അവരുടെ മുന്നിൽ തല്ക്കാലം  എന്റെ ദുഖത്തിന്റെ കഥ ചുരുളഴിക്കണ്ടല്ലോ. കേസ് ഊർജിത പെട്ടാൽ എല്ലാം പറയേണ്ടി വരും. എന്നാലും തല്ക്കാലം സമാധാനം. അവർ എനിക്കൊരു ഫോം തന്നു. അതിൽ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം എഴുതി ഒപ്പിട്ടു. അമ്മിണി അമ്മായിടെ വീട്ടഡ്രസ്സും കൊടുത്തു. തിരിച്ചു പോരാൻ ഒരുങ്ങിയപ്പോൾ നിർബന്ധിച്ചു ഊണ് കഴിപ്പിച്ചാണ് വിട്ടത്. സരിതയുടെ കൂട്ടുകാരിയെ അങ്ങിനെ വിടാൻ  പാടില്ല എന്നും പറഞ്ഞ് .

തിരിച്ചു വീണ്ടും റെയിൽവേ സ്റ്റേഷൻ എത്തി. വണ്ടി പെട്ടെന്ന് വന്നതും കൊണ്ട് വേഗം കയറി ജനാലക്കരികിൽ സീറ്റ്‌ പിടിച്ചു. കുറച്ചൊരു ആശ്വാസത്തോടെ ആണ് മടക്കം. എന്നാലും മനോജിനെ മനസ്സിൽ നിന്നും മാറ്റാനായില്ല. ആദ്യവര്ഷങ്ങള് എന്നിൽ ചൊരിഞ്ഞ സ്നേഹം വെറും കണ്ണുകെട്ടായിരുന്നോ ? അമേരിക്കയിൽ എത്തിയപ്പോൾ മനോജ്‌ പൂർണമായും വേറെ ഒരാളായി.  പിന്നീടാണറിഞ്ഞത് ബോംബെ നഗരത്തിലെ അധോലോകവുമായി മനോജ്‌ ബന്ധപ്പെട്ടിരുന്നു എന്നും മൽഹോത്രയും  മേഹന്തതീരതയും പിന്റോയും ഗോൺസാൽവെസും  അഖബറും എല്ലാം അത് വഴി ഉണ്ടായ കൂട്ടുകാരായിരുന്നു എന്നും. ഭാഭി ഭാഭി എന്ന് വിളിച്ച്  അവരെല്ലാം തന്നോട് ചങ്ങാത്തം പിടിച്ചപ്പോൾ താനെത്ര  തവണ അവർക്കെല്ലാം ഊണ് വിളമ്പിയതാണ്.  അവരുടെ ഒക്കെ തനിനിറം..... എന്തിനേറെ മനോജിന്റെ മാറിയ നിറം തന്നെ ഞാൻ അമേരിക്കയിലെത്തിയപ്പോൾ അറിഞ്ഞു. കഷ്ടം സ്നേഹത്തിനും ആത്മാർപ്പണത്തിനും എനിക്ക് കിട്ടിയത് അധഃപതനത്തിലേക്ക് നയിക്കാൻ തുനിഞ്ഞ  പ്രിയതമൻ ! അവരുടെ ഏർപ്പാടുകൾ ഞാൻ അറിയുന്നു എന്നറിഞ്ഞപ്പോൾ എന്നെ ദേഹോപദ്രവവും തടങ്ങലുമായി എതിരേറ്റു. ഒരു പ്രത്ത്യേക സാഹചര്യത്തിൽ എനിക്ക് എന്തോ സംശയം തോന്നി ഞാനെന്റെ ആഭരണങ്ങളും  പാസ്പോർടും  കുറെ പൈസയും ഒരു തുണിസഞ്ചിയിൽ ഒളിപ്പിച്ചു. അതെനിക്ക് ഉപകരിച്ചു. കാരണം സ്വന്തം കാര്യസാധ്യത്തിനായി സ്വന്തം ഭാര്യയെ അമേരിക്കക്കാരനും കാഴ്ച വെക്കാൻ തക്കവണ്ണം  മനോജ്‌ തരം താണപ്പോൾ എനിക്ക് പിടിച്ചു നിക്കാനായില്ല. ആരും അറിയാതെ ഒരു ഇന്ത്യ ക്കാരൻ ടാക്സി ഡ്രൈവറിന്റെ സഹായത്തോടെ ഞാൻ രക്ഷപെട്ടു എയർപോർട്ടിൽ നിന്ന് ബോംബയ്ക്ക് വിമാനം കയറി. നേരെ എത്തിയത് സരിതയുടെ അടുത്തേക്ക്. മനോജിനെതിരെ എനിക്ക് തെളിവുകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ തല്ക്കാലം കുറച്ചു ദിവസം ബോംബയിൽ താമസിച്ചതിനു ശേഷം നാട്ടിലേക്ക് പൊന്നു. എങ്ങിനെ എങ്കിലും അമ്മ അപ്പ രണ്ടു പേരെയും പറഞ്ഞു  സമാധാനിപ്പിക്കണം എന്നിട്ട് പോയ  കാലം വീണ്ടെടുക്കണം എന്നാണ് കരുതിയത്. പലതവണ ശ്രമിച്ചു.  എന്നാൽ അതിനു പറ്റിയില്ല  വീട്ടിൽ നിന്ന് ദൂരെ വാടകക്ക്  വീടെടുത്തു താമസിച്ചതും അതാണ്‌ .  മൂന്നു വർഷമായി ശാലുവിനെയോ അമ്മയെയോ കാണാൻ ശ്രമിക്കുന്നു. ഞാൻ ഇവിടെ ഉണ്ടെന്നും മനോജിൽ  നിന്നും അകന്നാണെന്നും ഞാൻ ഒരിക്കൽ ശാലുവിന് എഴുതിയിരുന്നു. ഈ പ്രശ്നങ്ങളൊന്നും  അവൾക്കു മുഴുവനും  അറിയില്ല  എങ്ങിനെ എങ്കിലും അവളെ ഇതൊക്കെ അറിയിക്കണം.  അമ്മ അപ്പ സുഖമാണോ എന്നോട്  വെറുപ്പ്‌ കുറഞ്ഞോ എന്തോ. മനോജിന്റെ വക്രബുദ്ധി കാരണം മൂന്നു  വർഷമായി എന്റെ മോനെയും കണ്ടിട്ട്. അതിനു വക്കീൽ  സഹായം വേണം. ഏതായാലും  ഇന്നൊരു സമാധാനം. ഒരു മൊബൈൽ ഫോൺ സംഘടിപ്പിക്കണം അതിനു ശേഷം. ഇപ്പോൾ ഞാൻ മനോജിൽ നിന്ന് തീർത്തും അകന്നു മാറിയേ പറ്റൂ. എന്നെ ഞാൻ തന്നെ സുരക്ഷിത ആക്കണം .  മനോജ്‌ എന്നെ പല വഴിയിലും സ്വാധീനിക്കാനും എന്നെ ഉപദ്രവിക്കാനും നോക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. ഏതായാലും മോന്റെ കാര്യമാണ്  ഇപ്പോൾ  മുഖ്യം. വണ്ടി പാലക്കാട്ടെത്തി.   ഇറങ്ങട്ടെ.

അമ്മിണി അമ്മായി എന്നത്തേയും പോലെ  കാത്തിരുന്ന് മുഷിഞ്ഞു കാണും. അതെ വാതിൽക്കൽ  തന്നെ അതാ നിൽക്കുന്നു.  പാവം ബോറടിക്കുന്നുണ്ടാവും.  എന്നത്തേക്കാൾ വൈകി  അല്ലേ  അമ്മായി എന്നും ചോദിച്ചു ഞാൻ അകത്തേക്ക് കൂട്ടി.. ഇനി ഒന്ന് കുളിച്ചു വല്ലതും കഴിച്ചു സ്വസ്ഥമായി  ഉറങ്ങണം. നാളെ വെള്ളിനേഴി പോണം.  ശാലുവിന്റെ വീട്ടിലേക്ക് നേരെ. വയ്യ ഈ ശ്വാസം മുട്ടൽ സഹിക്കാൻ.. ശാലു എന്തെങ്കിലും വഴി കാണും .  അവളെ ഇതിലൊന്നും വലിച്ചിടേണ്ട എന്നും തോന്നും പലപ്പോഴും. ഈ ലോകത്തിൽ  അവളാനെനിക്ക് ഏറ്റവും പ്രിയമുള്ളവൾ.  അവളെ കണ്ടിട്ട് ബാക്കി കാര്യം..
മനോജിനോടൊപ്പം ഒരു വസന്തം..... ഓർമ്മകൾ !!

രാവിലെ എഴുന്നേറ്റിട്ടും കിടക്കയിൽ നിന്നെണീക്കാൻ തോന്നിയില്ല. എന്തിനു വേണ്ടി ആർക്കു വേണ്ടി ധൃതി പിടിക്കണം !?  വർഷങ്ങൾക്കു മുൻപ് ഇങ്ങിനെയൊന്നും അല്ലായിരുന്നു. എന്നും വെളുപ്പിനെ എണീക്കാനും വേഗം ജോലിചെയ്ത്  ബാങ്കിലേക്ക് പോകാനും ഉത്സാഹമായിരുന്നു. മനോജിന്റെ ഓഫീസിനടുത്തായിരുന്നല്ലോ ബാങ്ക്. അത് കൊണ്ട് രാവിലെതന്നെ തമ്മിൽ  കാണാനും ആർക്കും സംശയം തോന്നാത്ത രീതിയിൽ ഒരുമിച്ചു കുറച്ചു സമയം കിട്ടുമായിരുന്നു. ഓരോ നിമിഷവും അന്നൊക്കെ വിലപ്പെട്ടതായിരുന്നു.
വീട്ടിൽ കല്യാണാലോചനയുടെ  പിരിമുറുക്കം ഏറിയപ്പോൾ മനോജ്‌ പ്രശ്നം വീട്ടിൽ അവതരിപ്പിച്ചിരുന്നു. അന്യ  ജാതിയിൽ നിന്നൊരു പെണ്ണെന്ന്  അവർക്ക് ആലോചിക്കാനും പറ്റില്ല എന്നവർ തീർത്തു പറഞ്ഞു.   ആ വഴിയും  അടഞ്ഞു. അപ്പോഴാണ് മനോജിന് വേറെ ഒരു കമ്പനിയിൽ ജോലി കിട്ടിയതും ബോംബേക്കു പോയതും. ഞങ്ങളുടെ കണക്കു കൂട്ടലുകൾ മുറക്ക് നടന്നു. ബാങ്കിലെ  സഹ  പ്രവർത്തകരോടൊപ്പം ഉല്ലാസ യാത്രക്ക് പോയപ്പോൾ ബാഗിൽ എല്ലാ സര്ടിഫിക്കറ്റുകളും പാസ്‌പോർട്ടും എല്ലാം കരുതി വച്ചത് അമ്മ അറിഞ്ഞില്ല. ഭാഗ്യം !!

ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ഭോഷത്തമായിരുന്നു അതെന്നു മനസ്സിലാക്കാൻ രണ്ടു പതിറ്റാണ്ടുകൾക്ക് മേലെ വേണ്ടി വന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാണിച്ചു കൂട്ടുന്ന ഓരോ   വിഡ്ഢിത്തങ്ങൾ !!!!

ഏതായാലും  വന്നതും വന്നു ഇനി അടുത്ത് പടി മോനെയും കൊണ്ട് പുതിയൊരു ജീവിതം. പറ്റുമെങ്കിൽ  അമ്മ അപ്പ കൂടെ കാലുപിടിചെങ്കിലും ഒരു ജീവിതം..... എന്റെ ദേവി എനിക്കങ്ങനെ ഒരു തിരിച്ചു വരവുണ്ടാകുമോ ???

എണീറ്റു കുളിയും വിളക്ക് കൊളുത്തലും കഴിഞ്ഞു ഓട്സ് ഉണ്ടാക്കി കഴിച്ചു. വാതിൽ അടച്ചു കൊളുത്തിട്ട് താഴേക്കു പൊയി.  അമ്മായിയോട് വൈകുന്നേരം കാണാം എന്നും പറഞ്ഞ് ഇറങ്ങി.
എറണാകുളത്തൊരു നല്ല വക്കീലുണ്ടത്രെ. ഒരു കൂട്ടുകാരിയുടെ പരിചയത്തിൽ ഉള്ളത്. ബോംബെയിൽ നിന്നവൾ ഒരു കത്തും അയച്ചു തന്നിരുന്നു. പൊയി കണ്ട്‌ നോക്കട്ടെ.

വണ്ടി വരാൻ ഇനിയും ഒരു മണിക്കൂർ ഉണ്ടത്രേ.  സാരമില്ല വെയ്റ്റിംഗ്  റൂമിൽ ഇരിക്കാം.
ചിന്തകൾ ഇന്നെന്തോ പതിവിനു വിപരീതമായി മനോജിലേക്ക്  വല്ലാതെ തിരിയുന്നു.
അന്നു വിനോദയാത്ര കഴിഞ്ഞു  പോരുന്ന  വഴി ഒരിടത്തിറങ്ങി കാത്തു നിന്നിരുന്നു.  മനോജിനോടൊപ്പം ബോംബേക്കു തിരിച്ചതും  ഇങ്ങനെ ഒരു റെയിൽവേ സ്റ്റേഷനിൽ  നിന്നായിരുന്ന .
ബോംബയിൽ എത്തി ഒരു സുന്ദരമായ കൊച്ചു വീട്ടിൽ തങ്ങിയത് മുതൽ ഒരു രാജ്ഞി കണക്കെ ആണല്ലോ താൻ ജീവിച്ചത്. കമ്പനി കാര്യങ്ങളിൽ മനോജ്‌ വളരെ കാര്യമായി തന്നെ പണിതിരുന്നു. ഉന്നത നിലയിലുള്ള ആളുകളുമായി കൂട്ടുകെട്ടും ഉണ്ടായിരുന്നു. പൈസയുടെ കാര്യത്തിലോ ജീവിത സൗകര്യങ്ങളുടെ കാര്യത്തിലോ ഒരു കുറവും ഞാൻ അന്നൊന്നും അറിഞ്ഞില്ല. മോൻ വന്നപ്പോളും അവനൊരു രാജകുമാരനായിരുന്നു. അവന്റെ ഓരോ ചെറിയ ആവശ്യങ്ങളും സാധിച്ചു കൊടുക്കാൻ  ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മോൻ ഏറ്റവും നല്ല  ബോർഡിംഗ്  സ്കൂളിൽ ആയിരുന്നു പഠിച്ചത്. അവൻ വലുതാവുന്നതിനൊപ്പം അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വലുതായി. അപ്പോഴും അവധിക്കാലത്തു  വരുമ്പോൾ അവൻ അമ്മയുടെ പൊന്നോമന ആയിരുന്നു. എല്ലാത്തിനും അവന്  അമ്മ വേണം. അച്ഛൻ എന്നല്ല പപ്പാ  എന്ന് വിളിക്കാൻ അവനെ മനോജ്‌ പഠിപ്പിച്ചു.
എപ്പോഴാണ് കാര്യങ്ങൾ മാറി തുടങ്ങിയത് എന്നറിയില്ല.. ഒരു ദിവസം നമുക്ക് അടുത്താഴ്ച അമേരിക്കയിലേക്ക് പോകണം. വിസ ഒക്കെ മൽഹോത്ര എന്ന കൂട്ടുകാരൻ ശരിയാകും തല്ക്കാലം മോൻ ബോര്ഡിങ്ങിൽ തുടരട്ടെ എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി എങ്കിലും. എനിക്ക് തന്നെ  മനസ്സിലാകാതിരുന്ന ഒരു സംഭ്രമം തോന്നി. അന്ന് മനസ്സിലായില്ല എന്താണെന്ന്. എന്നാൽ അത് പ്രകൃതിയുടെ ഒരു മുന്നറിയിപ്പായിരുന്നു എന്ന് പിന്നെ മനസ്സിലായി.

എറണാകുളം ഫാസ്റ്റ്  വന്നു എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. പെട്ടെന്ന് വണ്ടിയിലേക്ക് നടന്നു. ജനാലക്കടുത്തുള്ള സീറ്റ്‌  ആയിരുന്നു. എന്തൊക്കെയോ ആലോചിച്ചു എന്നാൽ ഒന്നും തന്നെ മനസ്സിൽ തങ്ങാതെ പൊയി.  അങ്ങനെ ആ യാത്ര നീങ്ങി. വക്കീൽ  എങ്ങിനെ ഉള്ള ആളാകുമോ എന്തോ. എങ്ങിനെ ആണ് ഞാൻ എന്റെ പ്രശ്നം അവതരിപ്പിക്കുക. എന്തായിരിക്കും എനിക്കായി ഈശ്വരൻ കരുതി വച്ചിരിക്കുന്നത്..... തീവണ്ടിക്കൊപ്പം എന്റെ വിചാരധാരയും  നീങ്ങി..... നീങ്ങട്ടെ. നോക്കാം എങ്ങോട്ടാണെന്ന്...
പെട്ടെന്നാണ് ആരോ ആരോ  തോളിൽ തട്ടിയത്...."മൈഥിലി മൈഥിലി  അല്ലേ ? താൻ താൻ  അമേരിക്കയിലായിരുന്നിലെ ഇവിടെ എങ്ങിനെ ? എങ്ങോട്ടാ യാത്ര ???? എന്താടോ പകച്ചിരിക്കുന്നത് ? മനസ്സിലായീലെ ഞാൻ ശുഭ . നമ്മൾ കോളേജിൽ ഒരുമിച്ചായിരുന്നു. ഓർക്കുന്നില്ലേ ?????" ഓ ശുഭ. സമാധാനം വെറും പരിചയം മാത്രമേ മാത്രമേ  ഉണ്ടായിരുന്നുള്ളു. അടുത്ത കൂട്ടുകാരി ഒന്നുമല്ല. എന്നീകുറിച്ചധികമൊന്നും അറിയില്ല. രക്ഷപെട്ടു. ' ആഹാ ശുഭ... ഞാൻ എറണാകുളത്തൊരു പരിചയക്കാരിയെ കാണാൻ പോകുന്നു.. ഹോ വണ്ടി എറണാകുളം എത്തിയല്ലോ . ഇറങ്ങട്ടെ സ്വല്പം ധൃതിയിലാണ് എന്നും പറഞ്ഞു  രക്ഷപെട്ടു............
************മൈഥിലി *************
മുപ്പതു കൊല്ലങ്ങളായി അമ്മ അപ്പാ ആരെയും പാക്കവേ ഇല്ലിയെ. ഇന്നേക്ക് എന്നോടെ ശാലുവിനെ മട്ടും  ഒന്ന് കാണാൻ ആശിച്ചു താൻ ബാങ്കിൽ പോയത്. അത് നടന്നില. എന്നോടെ മനസ്സേ ഞാൻ എപ്പിടി തുറന്നു കാണിപ്പെൻ. മനോജ്‌ കൂടെ ഇറങ്ങി പോണതിൽ പിന്നെ തമിഴിൽ പെശരദ്‌ കഷ്ടം. അധികം മലയാളം മാത്രം എനിക്ക് വരുന്നത്. കാർത്തിക് പിന്നെ തമിഴ് പഠിച്ചതേ  ഇല്ല. പാവം എന്റെ കാർത്തിക് അവനെ എത്ര കാലായി ഒന്ന് കണ്ടിട്ട് . മനസ്സൊരു തരത്തിലും ശാന്തമാവാത്തതെന്താ. ഞാൻ എത്ര കാലം  ഇനിയും ഇങ്ങനെ കഴിയണം ???
   ഓരോന്ന് ഓർത്തോർത്തു റോഡിന്റെ നടുവിൽ ആണെന്ന് തുരു തുരെ ഹോണടി കേട്ടപ്പോഴാണ് മനസ്സിലായത്  "എന്താ സഹോദരി ചുറ്റും നോക്കാതെ നടക്കുന്നത് ഏതു ലോകത്തിലാ  നിങ്ങൾ " അല്പം ദേഷ്യവും അല്പം സഹതാപവും കലർന്ന ശബ്ദത്തിൽ ആരോ പറയുന്നു. അവർക്കെന്തറിയാം എന്റെ സ്ഥിതി !!

   കോളേജിൽ ഒരുമിച്ചായിരുന്നു ഞാനും മനോജും. പഠിക്കാനും സ്പോർട്സിലും നാടകം അഭിനയിക്കാനും കവിത ചൊല്ലാനും എല്ലാം മിടുക്കനായിരുന്നു. അല്പസ്വല്പം സംഗീതം കൈക്കലാക്കിയ ഞാനും  ഒരു ചെറിയ കലാകാരി ആണെന്ന് സ്വയം അഭിമാനിച്ചിരുന്ന കാലം
എപ്പോഴാണ് ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം തുടങ്ങിയതെന്നും ആ സൗഹൃദം എപ്പോൾ തമ്മിൽ പിരിയാനാവാത്ത പ്രണയമായതെന്നും ഒന്നും ഓർമയില്ല. ശാലുവിനോട് മാത്രം എല്ലാം പറഞ്ഞു. പഠിച്ചു  നല്ലനിലയിൽ ഒരു ബാങ്ക് ജോലിയും സമ്പാദിച്ചു. അതിനിടയിൽ മനോജിന്  ഒരു നല്ല കമ്പനിയിൽ സാമാന്യം നല്ല ഒരു ജോലിയും ആയി.
മനോജ്‌ മറ്റു കൂട്ടുകാരോടൊപ്പം വീട്ടിൽ വരുമായിരുന്നു   അമ്മ അപ്പ  കൂടെ നല്ല പോലെ സംസാരിക്കുമായിരുന്നു. എന്നാലും ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ലായിരുന്നു.
മൂന്നാല് വർഷം ജോലി ചെയ്ത്  കുറച്ചു പൈസ സമ്പാദിച്ചു കഴിഞ്ഞപ്പോൾ അമ്മ കല്യാണാലോചനകൾ തുടങ്ങി.  മനസ്സിൽ ഒരു സംഭ്രമം തുടങ്ങാൻ  എന്ത് വേണം ??
" നീ എല്ലാം മാമിയോട് തുറന്ന് പറയ്. അല്ലാതെ എത്ര കാലം ഇങ്ങനെ ഒളിച്ചും പതുങ്ങിയും..... ഞാൻ പറയണോ ?" ശാലു എന്നോട് ചോദിച്ചതാ. " വേണ്ട വേണ്ട . അവർക്ക് നിന്നെ കുറിച്ച് മതിപ്പാണ്. അതില്ലാതെ ആക്കണ്ട. ഞാൻ തന്നെ വല്ല വഴിയും നോക്കാം " അതും പറഞ്ഞു ഞാൻ തല്ക്കാലം ഒഴിഞ്ഞു. എന്റെയും മനോജിന്റെയും മനസ്സിൽ ചില കണക്കു കൂട്ടലുകൾ ഒക്കെ ഉണ്ടായിരുന്നു. അതവളോട്  പോലും പറഞ്ഞില്ല ഞാൻ. ഒരു നാട്ടുമ്പുറത്തുകാരിയുടെ ശുദ്ധതയും നിഷ്കളങ്കതയും ഉള്ള അവളുടെ മനസ്സ്  ഒരു തരി പോലും കലക്കാൻ എനിക്കിഷ്ടമുണ്ടായിരുന്നില്ല
   കഴിഞ്ഞ കാലത്തെ മധുരമുള്ള ഓർമകൾക്ക് കടിഞ്ഞാണിട്ടത് പോലെ ആയിരുന്നു ഞാൻ വാടക വീടിന്റെ മുറ്റത്തെത്തിയത്. "എന്താ മോളെ വൈകീത് ? ഞാൻ എന്താ പറ്റിയത് എന്ന് വിചാരിച്ചിങ്ങനെ നിക്കായ്രുന്നു. എന്താ മുഖം വല്ലതിരിക്കുന്നത്. വരു  സംഭാരം കലക്കിത്തരാം " സ്നേഹമുള്ള വീട്ടുടമസ്ഥ അമ്മിണി അമ്മായി പറഞ്ഞപ്പോ വാസ്തവത്തിൽ ആശ്വാസമായിരുന്നു. ഈ സങ്കടങ്ങളുടെ ഇടയിലും ദൈവം നല്ലവാക്കു പറഞ്ഞെന്നെ സമാധാനിപ്പിക്കാൻ ആരെയെങ്കിലും തന്നല്ലോ.
  സംഭാരം കുടിച്ച്,  ഞാൻ ഒന്ന് കുളിക്കട്ടെ അമ്മായി എന്നും പറഞ്ഞു ഞാനെന്റെ മുറിയിലേക്ക് പൊയി. സന്ധ്യ  ആയി തുടങ്ങി. കുളിച്ചു നാമം ചൊല്ലിയാലെങ്കിലും ഈ ഇളകിമറിയുന്ന  മനസ്സിനുള്ളിൽ ഒരിത്തിരി ശാന്തത വരുമല്ലോ.

എന്തെല്ലാം പരീക്ഷണങ്ങൾ ആണ് ഈ ജീവിതത്തിൽ  അനുഭവിക്കുന്നത്... എന്തിനു വേണ്ടി    ആർക്കു വേണ്ടി..... ഒരെത്തും  പിടിയും കിട്ടാതെ മനസ്സ് ഉഴറുകയാണ്..... എല്ലാത്തിനും ഒരറുതി ഇല്ലേ ആവോ.. ആരോടെങ്കിലും മനസ്സ്  തുറന്നൊന്നു സംസാരിക്കാനും ഇല്ലല്ലോ.....

കുളിച്ചു നാമം ജപിച്ചു കഴിഞ്ഞപ്പോൾ ഒരു ചെറിയ ആശ്വാസം.. പെട്ടെന്ന് വല്ലാതെ വിശക്കുന്നു.. ഹോ.. ഇന്ന് മുഴുവനും ഒന്നും കഴിച്ചതല്ലല്ലോ രാവിലെ അമ്മയി തന്ന രണ്ടു ഇഡലിയും പിന്നെ ഇപ്പൊ കുടിച്ച സംഭാരവും... ഏതായാലും മുകളിലത്തെ തന്റെ മുറിയിൽ നിന്ന് താഴെ ഇറങ്ങി. പുറത്തു പോയി വല്ലതും നോക്കട്ടെ.  പഴോ  റൊട്ടിയോ വല്ലതും. താഴെ എത്തി അമ്മായിയോട് പറയാൻ അവരുടെ മുറിയിലേക്കു ചെന്നപ്പോൾ അമ്മായി ഊൺമേശക്കരികിൽ കാപീം പലഹാരങ്ങളും നിരത്തി വച്ച് താടിക്കും  കൈ കൊടുത്തിരിക്കുന്നു.  "ഹാവു വന്നുലോ മിഥി.  വരൂ   കാപ്പി കുടിച്ചോളൂ. ഇന്നിവിടെ എന്റെ ഭർത്താവിന്റെ വീട്ടിലെ ഏതോ ബന്ധുക്കൾ വന്നു. അവർ കൊണ്ടു വന്നതാ ഇതൊക്കെ. ഞങ്ങൾ രണ്ടു പേർ മാത്രം അല്ലേ ഉള്ളു. കൊറേ ഉണ്ടുതാനും. മോൾ കഴിക്കു "പാവം അവർക്കു മക്കളില്ല.    അമ്മായിയും വയസ്സായി. ഭർത്താവാണെങ്കിൽ  ദേഹസുഖം  ഇല്ലാതെ എങ്ങും പോകാതെ വീട്ടിൽ തന്നെ. എന്തെങ്കിലും സംസാരിക്കാൻ കഴിഞ്ഞ മൂന്നാല് വര്ഷങ്ങളായി ഞാൻ മാത്രം. ഞാനും പല ജോലികൾക്കും സ്വന്തം ആവശ്യത്തിനും പൊറത്തു പോകുന്നത് കൊണ്ട്  അധികമൊന്നും അവരോടൊപ്പം ഇരിക്കാറില്ല. അല്ലെങ്കിലും  കഴിവതും എന്റെ ദുഃഖം ആരോടും ഇനി പങ്കു വെക്കാൻ തോന്നുന്നില്ല.
അമ്മായിടെ ഒപ്പം കാപ്പി കുടിച്ച് കുറെ നാട്ടു വർത്തമാനങ്ങളും അമ്മായിടെ സന്ധി വേദനകളെ കുറിച്ചും അങ്ങനെ സംസാരിച്ചിരുന്നു. എന്തൊക്കെയോ അറിയാനുള്ള വ്യഗ്രത അമ്മായിടെ നോട്ടത്തിലും വാക്കുകളിലും ഉണ്ടായത് ഞാൻ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു.
ഇന്നിനി അത്താഴം വേണ്ട .  മണി ഒൻപതായി. അമ്മായി ഞാനിന്നു നേരത്തെ കിടക്കട്ടെ. നാളെ ഒരിടം വരെ പോണം എന്നും പറഞ്ഞു ഞാൻ എണീറ്റു. അമ്മായിയും കിടക്കാൻ പൊയി. നാളെ എന്ത് എന്നറിയാതെ ഞാനും എന്റെ മുറിയിൽ  കയറി വാതിലടച്ചു...... നാളെ നോക്കാം എന്താണ് ഉണ്ടാവാൻ പോകുന്നത്  എന്ന് !!!!!!!!!!
മറ്റൊരമ്മയുടെ സ്നേഹത്തണലിന്റെ കുളിര്
*****************************************-
"വല്യമ്മേ, പോയിട്ട് വേഗം വരാം ട്ടോ. വെറുതെ ഓരോന്ന് ആലോചിച്ചു മനസ്സ് പുണ്ണാക്കരുത്  ട്ടോ" കൂടുതലൊന്നും പറയാതെ ഞാൻ അഷ്‌റഫിന്റെ കയ്യിൽ ചെറിയ പെട്ടി വണ്ടിയിൽ വെക്കാൻ കൊടുത്തു. എല്ലാരോടും പറഞ്ഞ്  വണ്ടിയിൽ കയറി. അധികം താമസിച്ചാൽ വല്യമ്മ കരഞ്ഞാലോ എന്നൊരു ഭയം ഉണ്ടായിരുന്നു  മനസ്സിൽ.

വഴിയിൽ കാര്യമായി വാഹനങ്ങൾ ഒന്നും ഇല്ലായിരുന്ന സമയം ആയതു കൊണ്ട്  തൂതപ്പുഴയും കടന്നു ഞങ്ങൾ പെട്ടെന്ന് എത്തി വെള്ളിനേഴി. പ്രകൃതിരമണീയമായ കാഴ്ച ആസ്വദിച്ചിരുന്ന ഞാൻ വീട്ടിലേക്കുള്ള തിരിവെത്തിയത് അറിഞ്ഞില്ല. അഷ്റഫിന് വഴി അറിയാവുന്നത് കൊണ്ട് വണ്ടി വീട്ട്മുറ്റത്  എത്തി.
"വല്യമ്പറാട്ടി, ഇതാ ആരാ വന്നിരിക്കണത് ന്ന് നോക്കിൻ " എന്നും പറഞ്ഞ് ശാന്ത  ഓടി വന്നു വണ്ടിന്ന് എന്റെ പെട്ടി എടുത്തപ്പോളെക്കും അതാ ചിരിച്ചുകൊണ്ട് അമ്മ ഇറങ്ങി വന്നു. ഓടി ചെന്ന് അമ്മയെ കെട്ടി പിടിച്ചു. അമ്മ കവിളത്തു മുത്തം തന്നിട്ട് " എത്ര കാലായി തങ്കം ഇങ്ങട് വന്നിട്ട്. കാണാൻ ധൃതി ആയിരുന്നു. ഇവരൊക്കെ ജോലിക്ക് പോയാൽ മിണ്ടിപ്പറഞ്ഞിരിക്കാൻ ആളില്ല. ഇന്ന് ഇപ്പൊ ഞായറാഴ്ച ആയോണ്ട് പിന്നെ ആളും മനുഷ്യനും ണ്ട്..... " അങ്ങനെ ഓരോന്ന് പറഞ്ഞു അമ്മ എന്നെ അകത്തെക്ക്‌  കൂട്ടി കൊണ്ട് പൊയി. അവടെ ശാലിനീം രാധികെം തകർത്തു പണിയാണ് അടുക്കളയിൽ. കയ്യാളായി ശാന്തയും. എല്ലാരേം വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ എന്റെ നാവെറങ്ങി പോയിന്നു തോന്നി. എന്താ ഏടത്തിയമ്മേ  തലേല് മാത്രം വല്ലാണ്ടെ പ്രായം ആയ പോലെ ഇണ്ടല്ലോ. കൊറച്ച് തടിച്ച മാതിരി തോന്നുന്നു എന്ന് ശാലിനി അടുത്ത് വന്നു അടിമുടി നോക്കി നിന്നു. രാധിക അല്ലെങ്കിലും എന്നെ അധികം അറിയില്ല. കല്യാണത്തിനൊന്നും എനിക്ക് വരാൻ പറ്റിയില്ല. അത് കൊണ്ട് ദൂരെ നിന്ന് ഭംഗിയായി ചിരിച്ചതെ ഉള്ളു. അങ്ങനെ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ഞാൻ പണ്ടത്തെ ആളായി. എന്തൊക്കെ അമ്മേ വർത്തമാനം ? കാലുവേദന കുറവുണ്ടോ ? ഞാനൊരു നല്ല മരുന്ന് കൊണ്ടന്നിട്ടുണ്ട്. പിന്നെ ശാലു നീ വലിയ വീട്ടമ്മ ആയി അല്ലേ. തടിച്ചു വീർത്തു പെണ്ണ്. എന്തൊക്കെ ചോദിക്കാനും പറയാനും ഉണ്ട് നമുക്ക് അല്ലേ ? രാധി  നമുക്കൊന്ന് പരിചയപ്പെടണ്ടേ ? എവടെ കുട്ടികളൊക്കെ ? ശാന്ത എന്താ മിണ്ടാതെ നിൽക്കണത്. മറന്നോ എന്നെ ?" അങ്ങനെ കുശലാന്വേഷണം തുടങ്ങി. അതിനിടയിൽ രാധി ചായേം പലഹാരോം കൊണ്ടു വന്നു. ഞാൻ എല്ലാവർക്കും വേണ്ടി കൊണ്ടു വന്ന  സമ്മാനങ്ങളൊക്കെ അവർക്ക് ഏല്പിച്ചു.  അമ്മക്ക് പ്രത്യേകിച്ച് മകൻ കൊടുത്തയച്ച പാക്കറ്റ്  കൊടുത്തപ്പോ ആ മുഖത്തെ ഒരു സന്തോഷം  കാണണ്ടതായിരുന്നു. ചായകുടി  ഒക്കെ കഴിഞ്ഞു സാരി  മാറ്റാൻ പോയപ്പോൾ അതാ വരുന്നു അമ്മ.. കയ്യിൽ മൂന്നാല് മുണ്ട് വേഷ്ടികളും കൊണ്ട്. തങ്കത്തിന് ഏറ്റവും ഇഷ്ടം ഈ വേഷല്ലേ. എന്റെ പെട്ടി നിറച്ചും ഉണ്ട്.  ഇഷ്ടള്ളത് ഉടുത്തോളൂ  ട്ടോ. ഇപ്പൊ ഇതാ ഇതേതെങ്കിലും ഉടുത്താൽ മതി എന്നും പറഞ്ഞ്. എന്തായാലും ഞാൻ കൊറച്ചുദിവസം കൂടെ ഉണ്ടാവും എന്ന് തന്നെ അമ്മക്ക് വല്ലാത്തൊരു സന്തോഷായിരുന്നു. ശാലു ബാങ്കിലേക്കും രാധി സ്കൂളിലേക്കും പോവും. പിന്നെ അമ്മക്ക് തുണ ശാന്ത മാത്രം ആണല്ലോ. ഇനി കൊറച്ച് ദിവസം എന്റൊപ്പം തങ്കം ഇണ്ടാവൂലോ അമ്മ ഒരു ജേതാവിന്റെ ഗമയിലാ.ഒരാഴ്ചയേ ഉള്ളു എന്ന് ഞാൻ പറഞ്ഞില്ല. ഇപ്പൊ നല്ല സന്തോഷത്തിലാ വെറുതെ പാവം വെഷമിക്കണ്ടല്ലോ. ഊണ് കഴിഞ്ഞു നാട്ടു വർത്തമാനം പറഞ്ഞിരിക്കുമ്പോ കേട്ടറിഞ്ഞു അടുത്തള്ളവരൊക്കെ വന്നു. അമ്മ എന്റെ മരുമകൾ കൊണ്ടന്നതാ എന്നും പറഞ്ഞ് എല്ലാർക്കും മിട്ടായീം ദില്ലി പലഹാരങ്ങളും വീതിച്ചു കൊടുത്തു. " എന്താ ഇന്ന് വല്യമ്മടെ ഉഷാറ്. എന്നവർ പറയുന്നും ഉണ്ടായിരുന്നു. നാളെ എല്ലാവർക്കും ജോലിക്ക് പോണം. അതുകൊണ്ട് ഇന്ന് വൈന്നേരം സിനിമക്ക്  പോവാം എന്ന് എല്ലാരും കൂടി തീർച്ചയാക്കി. "ശാന്തേ ഇയ്യും പൊന്നോ. വേഗം അന്റെ വീട്ടിൽ പൊയി പറഞ്ഞ് വാ. ഇന്നിവിടെ കൂടാം രാത്രി ട്ടോ. വൈന്നേരത്തേക്ക് എന്താ കഴിക്കാൻ ഇണ്ടാക്ക  മക്കളെ. എന്താച്ചാൽ ഒക്കെ വേഗം ആയ്ക്കോളിന്... അമ്മ എല്ലാരേം ഓരോന്ന് പറഞ്ഞു ധൃതി കൂട്ടാൻ തൊടങ്ങി. അപ്പഴാണ്. മുരളി ശാലുന്റെ ഭർത്താവ് മോഹനന്റെ ഒപ്പം ഉമ്മറത്ത് നിന്ന് അകത്തേക്ക് വന്നത്.  " ഇന്നൊന്നും ഉണ്ടാക്കണ്ട. എടത്തിയമ്മ വന്ന സന്തോഷത്തിൽ നമുക്ക് സിനിമ കഴിഞ്ഞ്  ഹോട്ടലിൽ കയറാം. ഇവടെ അങ്ങാടീൽ നല്ലൊരു ഹോട്ടൽ തൊടങ്ങീട്ടുണ്ട്. അവടെ ആവാം ഇന്ന് രാത്രി ഭക്ഷണം " മോഹനൻ പ്രഖ്യാപിച്ചു. ആവൂ ഓരോരുത്തരുടെ മുഖത്തെ സന്തോഷം കാണേണ്ട തായിരുന്നു. അങ്ങനെ നല്ലൊരു ഞായറാഴ്ച ഞങ്ങൾ അടിച്ചു പൊളിച്ചു.
   രാത്രി വീട്ടിൽ എത്തിയതും കുട്ടികൾ  ഒരു ഡിമാൻഡ്.. നാളെ അമ്മായിടെ വക മതി സ്കൂളിൽ കൊണ്ടുപോകാൻ എന്തെങ്കിലും സ്പെഷ്യൽ .. എന്തിനാ പാവം അമ്മായിയെ ബുദ്ധിമുട്ടിക്കണത് കുട്ടികളെ എന്നൊക്കെ അമ്മമാർ പറഞ്ഞ് നോക്കി. അവർ ഇനി അമ്മായി പോണത് വരെ അവരവരുടെ വീട്ടിൽ നിന്നല്ലത്രേ സ്കൂൾ ഭക്ഷണം കൊണ്ടുപോകാ.സന്തോഷായി എനിക്ക്. അല്ലെങ്കിലും കൊറച്ചു ദിവസായി അടുക്കളയിൽ പ്രവേശിച്ചിട്ട്. ശാലുനേം രാധിയെയും പിരി കയറ്റാൻ അമ്മടെ വക .ആവൂ വായക്ക് രുചി ആയി വല്ലതും കഴിക്കാലോ കൊറച്ച് ദിവസം... പോരെ പൂരം ??. അമ്മേ ഏടത്തിയമ്മ  കൊറച്ച് ദിവസം കഴിഞ്ഞാൽ പോവും ട്ടോ. രാധിടെ പറച്ചിൽ കേട്ട് . എല്ലാരും കൂടി ചിരിയും ബഹളോം  ആയി. അവരവരുടെ വീടുകളിലേക്കു അവരൊക്കെ പൊയി. കാര്യസ്ഥൻ നാരായണൻനായർ ടോർച്ചും തെളിച്ചു കൊണ്ട് വന്നു. കാവലിന് അയാൾ എന്നും വരുമത്രെ. ഉമ്മറവാതിൽ അടച്ചു ഞാനും അമ്മേം ശാന്തയും കിടക്കാൻ പൊയി. ഒറക്കം വരുന്നത് വരെ ഞാനും അമ്മയും നൂറു കൂട്ടം കാര്യങ്ങൾ പറഞ്ഞു ..എപ്പളാ ഒറങ്ങീത് ആവോ.
   രാവിലെ  എപ്പോളോ ശാന്ത എണീറ്റു പൊയി അടുക്കള വൃത്തി ആക്കി മുറ്റമടിക്കാൻ പോയിരുന്നു. ഞാനും വേഗം എണീറ്റു. കുളി കഴിഞ്ഞു ചായ ഉണ്ടാക്കി   അമ്മ അപ്പളേക്കും കുളിക്കാൻ കയറി. വന്നപ്പോൾ ഞങ്ങൾ രണ്ടാളും ചായേം  കുടിച്ച് ഓരോന്നും സംസാരിച്ചിരുന്നു .  കുട്ടികൾക്ക്‌  സ്പെഷ്യൽ  ദില്ലി യിലെ പൊറോട്ടയും കറിയും തയ്യാറാക്കി പാത്രത്തിലാക്കി.  എല്ലാരും സ്കൂൾ ഓഫീസ് ഒക്കെ പൊയി   അപ്പളാണ് അമ്മ തൊടിയിലേക്ക് ഇറങ്ങി ശാന്തയെ കൊണ്ട് അസ്സലൊരു മൂത്ത ചക്ക ഇടീച്ചത്. തങ്കത്തിന് വല്ല്യ ഇഷ്ടല്ലേ എന്ന് പറഞ്ഞ് അത് നേരെ ആക്കാനും തുടങ്ങി. അങ്ങനെ ദിവസേന അമ്മ ഒന്നല്ലെങ്കിൽ ഒന്ന് തേടി പിടിച്ചു കൊണ്ടു വരും...   ചക്ക,   മാങ്ങ,   കിഴങ്ങുകൾ കൂൺ... അങ്ങനെ എനിക്കിഷ്ടമുള്ള ഓരോന്നും.  ഇതിനിടയിൽ വാ തോരാതെ നാട്ടു വിശേഷം പറയുന്നും ഉണ്ടായിരുന്നു.  താഴത്തേതിലെ രുക്മണി ദുബായ് പോയതും  നെല്ലിക്കത്തടത്തിലെ പാർവതി ഭർത്താവിനെ ഉപേക്ഷിച്ചു വന്നതും ,  വാഴക്കാട്ടിലെ മാളു  പ്രാന്തായതും... അങ്ങനെ നാട്ടിലെ എല്ലാ വിശേഷങ്ങൾ  അമ്മ  നിരത്തികൊണ്ടിരുന്നു. എപ്പളോ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശാലു  കയറി വന്നു. എന്തെ നീയിന്നു നേരത്തെ  പോന്നത്,  ഏടത്തിയമ്മ ഇവടെ ഉള്ളതോണ്ടാ ? അമ്മ കളിയാക്കി. ഒരൊറ്റ പൊട്ടി കരച്ചിലായിരുന്നു മറുപടി. കാര്യം പറയു കുട്ടി എന്താ പറ്റിയത് എന്ന് മാറി മാറി  ചോദിച്ചിട്ടും തേങ്ങൽ അടക്കാതെ കരച്ചിൽ. അവസാനം.. അമ്മേ മൈഥിലി ബാങ്കിൽ വന്നിരുന്നു. അവളെ എന്നോടെന്നല്ല ആരോടും മിണ്ടാൻ ആ കോന്തൻ മാനേജർ സമ്മതിച്ചില്ല   ആട്ടി പായിച്ചു. അവൾക്കെന്നോട് കൊറേ പറയാനുണ്ടാവും. എല്ലാത്തിന്റെയും സത്യാവസ്ഥ അറിയാമായിരുന്നു. പാവം. എല്ലാരും കൂടി പാവത്തിനെ വല്ലാതെ മനസ്സ്  മുട്ടിച്ചു.   ആകെ ഒറ്റപെട്ടു പാവം. മകനെങ്കിലും കൂടെ ഇണ്ടായാൽ മതിയായിരുന്നു....

   മൈഥിലി അവളുടെ സ്കൂൾ മുതൽ ഉള്ള ഏറ്റവും അടുത്ത കൂട്ടുകാരി  ആണെന്നറിയാം. അവർ പട്ടന്മാരായത് കൊണ്ട് തമിഴ് ശൈലി മലയാളം ആണ് പറഞ്ഞിരുന്നത്. അത് പറഞ്ഞാൽ കൂടി ശാലു പിണങ്ങുമായിരുന്നു. അത്രക്ക് അടുത്ത സ്നേഹിതകളാണവർ എന്ന് എനിക്കറിയാം. അതല്ലാതെ അവളുടെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല. എന്തായാലും ശാലു കരഞ്ഞു പറഞ്ഞതിൽ ഒന്ന് മനസ്സിലായി. ബ്രാഹ്മണ കുട്ടിയായ അവൾ പുലയ ജാതിയിൽ  ഒരു പയ്യനുമായി വീട്ടിൽ നിന്നു ഓടി പൊയി  കല്യാണം കഴിച്ചു,  അവരെ വീട്ടിൽ നിന്നു പൂർണമായും പുറത്താക്കി. അവളും  ഭർത്താവും  അമേരിക്കയിലേക്ക് പൊയി.   അതിനു ശേഷം എന്തൊക്കെയോ സംഭവിച്ചു   അവൾ തനിച്ചു നാട്ടിലേക്ക് വന്നു .  വീട്ടുകാരും നാട്ടുകാരും അവളെ പൂർണമായും ബഹിഷ്കരിച്ചു. ശാലുവിനും അതിൽ കൂടുതൽ ഒന്നും അറിയില്ല . അവൾ ദൂരെ എവിടെയോ എന്തോ ജോലി ആയി ഒറ്റക്ക് അവിടെ തന്നെ ആണ് താമസം എന്ന് കേട്ടിരുന്നു. ഒരു തരത്തിലും മൈഥിലിയെ അവളുടെ ജന്മനാട്ടിലേക്ക്  വരാൻ സമ്മതിക്കുന്നില്ലത്രേ. ശാലുവിനെ ഒരു വിധത്തിൽ പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നെ ആരും മൈഥിലിയെ കുറിച്ചൊന്നും പറഞ്ഞില്ല. ഞാൻ ഒരാഴ്ച രസിച്ചു താമസിച് അമ്മയുടെ സ്നേഹം പൂർണമായും ഏറ്റുവാങ്ങി അങ്ങനെ കഴിഞ്ഞു.  പലപ്രാവശ്യം ശാലു  എന്നോട് ചോദിച്ചു എടത്തിയമ്മേ  ആരും മൈഥിലിയുടെ ഭാഗത്തു നിന്നെന്താ ചിന്തിക്കാത്തത്. അവൾക്കും ഉണ്ടാവില്ലേ ഒരു പാട് പറയാൻ.. ഞാനൊന്നിനും അഭിപ്രായം പറഞ്ഞില്ല. എന്നാലും എന്നെയും ഉള്ളിന്റെ ഉളിൽ അലട്ടി കൊണ്ടിരുന്നു മൈഥിലി എന്ന ആ പെൺകുട്ടി. അവൾക്കും കാണും എന്തെങ്കിലും എല്ലാവരെയും അറിയിക്കാൻ....

അമ്മയെയും വീട്ടിലെല്ലാവരെയും വിട്ടു പിരിയാൻ  വിഷമം നല്ലോണം ഉണ്ടായിരുന്നു. എന്നാലും തിരിച്ചു പൊന്നല്ലേ പറ്റൂ. തറവാട്ടിലേക്ക് തിരിച്ചു പൊന്നു. മൂന്നാലുദിവസങ്ങൾ  കഴിഞ്ഞപ്പോൾ അവിടെനിന്നും തിരിച്ചു ദില്ലിക്ക് പൊന്നു.  കരച്ചിലും വെഷമോം ഒക്കെ ആയിരുന്നു പോരുമ്പോൾ. എല്ലാവരെയും കണ്ടതിലും നല്ല കുറെ ഓർമ്മകൾ സംഭരിക്കാൻ പറ്റിയതിലും സന്തോഷമായിരുന്നു എനിക്ക്. പക്ഷെ തിരിച്ചു വന്നിട്ടും എന്നെ ഉള്ളിന്റെ ഉള്ളിൽ അലട്ടിയിരുന്നു ഒരാൾ .... മൈഥിലി !!

പാവം മൈഥിലി........അതെ മൈഥിലിക്കുമുണ്ടാവില്ലേ പറയാൻ ഒരുപാട് ?????????

Sunday, March 11, 2018

യൗവ്വന തിളക്കത്തിന്റെ പ്രകാശം തേടി....
******************----**-************************

"അല്ല കുട്ട്യേ നീ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിലെ. വെള്ളിനേഴിൽ എപ്പളാ നീ പോണത് ? അവടെ അമ്മ  നിന്നെ കാത്തിരിക്കില്ലേ " വല്യമ്മ ഇന്ന് രാവിലെ കാര്യായി എന്റെ മുടിയൊക്കെ വേറിടുത്തു തരുമ്പോൾ ചോദിച്ചു. തറവാട്ടിലെത്തി വല്യമ്മടെ കുട്ടി ആയി അങ്ങനെ വിലസുമ്പോ മറ്റു ചുമതലകളൊക്ക ഞാൻ  മറന്നു എന്ന വേവലാതി തോന്നിയോ വല്യമ്മക്ക് ???
 "പോണം വല്യമ്മേ. ഞാൻ പോരനേക്കാൾ മുൻപേ സംസാരിച്ചിരുന്നു അവരൊക്കെ ശാലിനിടെ ഭർത്താവിന്റെ വീട്ടിൽ ഒരു കല്യാണത്തിന് പോയിരിക്യാ കോയമ്പത്തൂർക്ക്.  ഇന്ന് മടങ്ങേള്ളു. നാളെ അഷ്റഫിനോട് വരാൻ പറയണം . വണ്ടിൽ എന്നെ അവടെ കൊണ്ടുപോയാക്കാൻ  പറയണം. കൊറച്ചു കഴിയട്ടെ പെട്ടി ഒക്കെ ഒതുക്കി വെക്കാം. ഒരാഴ്ച കഴിഞ്ഞേ ഞാൻ വരേണ്ടാവുള്ളു ട്ടോ. " ഞാനിത്രേം പറഞ്ഞതും വല്യമ്മടെ മുഖം ആകെ മാറി. അപ്പൊ കുട്ടി ഇനി ഒരാഴ്ച കഴിഞ്ഞേ വരുള്ളൂ ? അത്  കഴിഞ്ഞാൽ മടങ്ങാറും ആവും. എന്താ കഥ. എത്ര കൊല്ലങ്ങള് കഴിഞ്ഞിട്ടല്ലേ ഒന്ന് കണ്ടത് ഇനി എത്ര കാത്തിരിക്യണം ഒന്ന് കാണാൻ . ഇപ്പൊ തോന്നുണ്‌ കുട്ടി വരണ്ടേർന്നില്ല  എന്ന് .... അങ്ങനെ ഓരോന്ന് പിറുപിറുത്തും മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തൊടച്ചും  വല്യമ്മ പടിഞ്ഞാറെ തൊടിയിലേക്ക് നടന്നു.
         
       എന്തായാലും  ഒരാഴ്ചത്തേക്ക് വെള്ളിനേഴി പോയെ പറ്റുള്ളൂ. വർഷങ്ങൾക്കു മുൻപേ യൗവ്വനത്തിന്റെ തുടക്കത്തിൽ  എത്തിയ നാടും വീടും.. അതാണ് വെള്ളിനേഴി. ഓർത്തു പോകയാണ് ഞാൻ ആ പുതുമയും പരിഭ്രമവും ചേർന്ന ആ യാത്ര.
      അന്നാദ്യമായി ഭർതൃ ഗൃഹത്തിലേക്ക് പോകയായിരുന്നു. കല്യാണം ദില്ലിയിൽ വെച്ചായിരുന്നത് കൊണ്ട്  ആരെയും നേർക്കുനേർ കണ്ടിട്ടില്ലായിരുന്നു. ആദ്യമായി ഒരു പുതിയ വീട്ടിൽ പുതിയ ആൾക്കാരുടെ മുന്നിൽ, അതും കുറച്ചു മാസങ്ങൾ മാത്രം പരിചയമുള്ള ആളുടെ കൂടെ ചെന്ന് കയറുമ്പോൾ ആകെ ഒരു സംഭ്രമം... മനസ്സിനൊരു വിറയൽ...
   നിലവിളക്കും അഷ്ടമംഗല്യവും പിടിച്ചു അമ്മയും സഹോദരിയും എതിരേറ്റപ്പോളും തുറന്ന ചിരിയുമായി അച്ഛൻ നിന്നപ്പോളും ഒക്കെ ഞാനൊരു യന്ത്രപ്പാവയായിരുന്നു. അകത്തു കയറി, കുറേശ്ശേ ആയി സുഖാന്വേഷണങ്ങളും ചെറിയ വാക്യങ്ങളിൽ ഞാൻ മറുപടി പറയുമ്പോളും ഞാനറിയാതെ ഒരു സ്നേഹവലയം രൂപപ്പെടുകയായിരുന്നു.

ഞാൻ വാസ്തവത്തിൽ പൂർണമായും വീണത് അമ്മയുടെ കളങ്കമില്ലാത്ത ചിരിയിലും അനിയന്റെ കുസൃതികളിലും അച്ഛന്റെ സ്നേഹവായ്പ്പിലും അനിയത്തീടെ ഏടത്തിയമ്മ എന്ന വിളിയിലും ആയിരുന്നു. പട്ടണത്തിൽ വളർന്ന ആളായത്  കൊണ്ട് കുഗ്രാമത്തിലെ ഊടുവഴികളും വൈദ്യുതി ഇല്ലാത്ത രാവുകളും കുളത്തിലും കിണറ്റിന്കരയിലും കുളിക്കുന്നതും വിറകടുപ്പ് കത്തിച്ചു പാചകം ചെയ്യുന്നതും എല്ലാം എനിക്ക് വല്ലാത്തൊരു പുതുമയായിരുന്നു.
   അമ്മയ്ക്കും മറ്റും, ദില്ലിക്കാരി പെണ്ണ് പത്രാസ് കാരിയാകുമോ മലയാളം പറയുമോ എന്നൊക്കെ ആയിരുന്നത്രേ ശങ്കയും ഭയവും.
   ഏതായാലും വൈകുന്നേരം ആയപ്പൊളേക്കും രണ്ടു ഭാഗത്തും ഉള്ള ശങ്കയും സംഭ്രമവും എല്ലാം എങ്ങോ പൊയി. സ്നേഹം കവിഞ്ഞൊഴുകുന്ന ഒട്ടും കൃത്രിമമല്ലാത്ത പെരുമാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. കുറച്ചു ദിവസം കൊണ്ടു ഞാനൊരു തനി ഗ്രാമീണ വധു ആയി. ആഭരണങ്ങൾ  അണിയാൻ  തീരെ ഇഷ്ടമില്ലാതിരുന്ന ഞാൻ അമ്മയുടെ ആഗ്രഹപ്രകാരം എന്നും രാവിലെ കുളിച്ചു ഒരുങ്ങി സർവ്വാഭരണ ഭൂഷിതയായി അയൽക്കാരും  ബന്ധുക്കളും 'മാഷ്ടെ മകന്റെ മണവാട്ടി ' യെ കാണാൻ വരുമ്പോൾ അവരോടൊപ്പം ഇരിക്കുമായിരുന്നു. കല്യാണം കഴിഞ്ഞു മാസങ്ങളായെങ്കിലും ആ ഗ്രാമത്തിൽ ഞാൻ അപ്പോഴും മണവാട്ടിയായി തന്നെ വിലസി. ബന്ധു വീടുകളിൽ വിരുന്നു പോകാനും, കുടുംബക്ഷേത്രത്തിലും അടുത്തുള്ള അമ്പലങ്ങളിലും തൊഴാൻ പോകാനും അമ്മക്കും വീട്ടിലെല്ലാവർക്കും എന്തൊരു ഉത്സാഹമായിരുന്നു !!! അനിയത്തി ശാലിനി ഏകദേശം എന്റെ സമപ്രായക്കാരി ആയതു കൊണ്ട് ഞങ്ങൾ പെട്ടെന്ന് അടുത്തു,  നാട്ടിലെ ആൾക്കാരെ പറ്റിയും  നാട്ടുനടപ്പിനെ കുറിച്ചും ഒക്കെ അവളാണെനിക്ക് വിസ്തരിച്ചു പറഞ്ഞു കൊണ്ടിരുന്നത്. അവളുടെ അടുത്ത കൂട്ടുകാരികളെയും സഹപാഠികളെയും എനിക്ക് പരിചയപ്പെടുത്തി. അനിയനാണെങ്കിൽ ഏടത്തിയമ്മയെ കളിയാക്കിയും തമാശ പറഞ്ഞും കുസൃതിത്തരങ്ങൾ കാണിച്ചും  നടക്കുമായിരുന്നു. ഹോ സ്നേഹം കൊണ്ട് എന്നെ പൊതിഞ്ഞു എന്റെ ഭർതൃ കുടുംബം. ഒരു മാസം കൊണ്ടു ഞാൻ ആ വീട്ടിലെ അംഗമായി പൂർണമായും.
 വർഷങ്ങൾക്കു മുൻപേ ഒരു പുതുപെണ്ണായി കയറിയ ആ വീട്ടിലേക്ക് പോകാനാണ് ഞാൻ ഒരുക്കം കൂട്ടുന്നത്. എന്റെ അമ്മ പോയതിനു ശേഷവും ഞാൻ അമ്മേ എന്ന് വിളിക്കുന്ന ഒരാൾ അവിടെ ഉണ്ട്. ശാലിനീം അനിയൻ മുരളിയും ഒക്കെ കുടുംബസ്ഥരായി. എല്ലാരും അടുത്തടുത്ത് തന്നെ വീട് വച്ചു താമസിക്കുന്നു എന്നത് വലിയ ഒരു സമാധാനമാണ് അമ്മക്ക്.  കോയമ്പത്തൂരിൽ നിന്ന് തിരിച്ചെത്തുന്നതിന്റെ പിറ്റേന്ന് തന്നെ ഞാനവിടെ എത്തും എന്ന് പറഞ്ഞിരുന്നു അമ്മയോട്. ഇനി ഒരുങ്ങട്ടെ എന്റെ യൗവനത്തിലെ  തിളക്കമുള്ള നാളുകൾ അയവിറക്കാനും സ്നേഹമുള്ള മറ്റൊരു കുടുംബത്തിലെ ഊഷ്മളത അനുഭവിക്കാനും.... ഇനി അവിടെ എത്തിയതിനു ശേഷം........
അമ്മയുടെ ചെറുപ്പത്തിലേക്കൊരു തീർത്ഥയാത്ര
****************************************
ആവൂ!! എന്തായിരുന്നു ഒരു തിരക്കും ബഹളോം രാവിലെ മുതൽ. ഒരു സുഖാനുഭൂതി ആയിരുന്നു ആ കുട്ടികളെല്ലാം കൂടി കളിച്ചും  ചിരിച്ചും പിണങ്ങിയും ഇണങ്ങിയും വീടാകെ ഓടി നടന്നപ്പോൾ. മുതിർന്ന കുട്ടികൾക്ക് അവരുടേതായ ലോകം. സിനിമ പാട്ടും ടീവി യിൽ കാണുന്ന ഓരോ തമാശകളും അഭിനയങ്ങളും ആയി ഒരു ഭാഗത്ത്‌  അവർ. പിന്നെ ഞങ്ങൾ കുറച്ചു പേർ കുശലാന്വേഷണവും ഭംഗി വാക്കുകളും ഇടക്കൊരു പഴംകഥയുടെ തുമ്പും പിടിച്ച് വല്യമ്മടെ ചുറ്റും ഇരിക്കേം. അങ്ങനെ ദിവസം ഉത്സവ തിമിർപ്പോടെ അവസാനിച്ചു. പൂരം കഴിഞ്ഞ പറമ്പ് പോലെ ആണ് ഇപ്പൊ വീടും പരിസരവും

ആ ശ്രീകുട്ടീം അമ്മിണികുട്ടീം മിടുക്കത്തി കുട്യോളാ  അല്ലേ വല്യമ്മേ. അവരെ രണ്ടാളേം കണ്ടപ്പോ എനിക്ക് ഞാനും  സുധയും  കുട്ടികളായിരുന്നപ്പോളത്തെ പോലെ തോന്നി.  ഞാനതു പറഞ്ഞപ്പോ വല്യമ്മ കുലുങ്ങി ചിരിക്കാൻ തുടങ്ങി. "അതന്നെ രണ്ടിന്റേം സ്വഭാവം. അമ്മിണി അമ്മേം  കെങ്ക അമ്മ്യാരും തന്നെ "  ഓ  ശര്യാ ഞങ്ങളെ നിങ്ങളൊക്കെ അങ്ങനെ അല്ലേ വിളിച്ചീരുന്നത് എന്ന ഞാൻ ഓർത്തു. സുധ  എന്റെ അമ്മാവന്റെ മകളായിരുന്നെങ്കിലും ഏറ്റവും അടുത്ത കൂട്ടുകാരികളായിരുന്നു ഞങ്ങൾ. പട്ടണത്തിലെ പരിമിതികളും സാമ്പത്തിക ബുദ്ധിമുട്ടുകളും വാടക  വീട്ടിലെ താമസവും അധികം ബന്ധുക്കളോ മലയാളികളോ അടുത്തൊന്നും ഇല്ലാത്തതിന്റെ കുറവും അങ്ങനെ പലതും നല്ലപോലെ മനസ്സിലാക്കി,  സ്കൂളും വീടും മാത്രം ലോകമായിരുന്നു ഞങ്ങൾക്ക്, മനസ്സുകൾ പങ്കു വെക്കാൻ ഞങ്ങൾ മാത്രമായിരുന്നു. എന്നാൽ ചിലസമയം ശത്രുക്കളെ പോലെ വഴക്കിട്ട് അന്യോന്യം മിണ്ടാതിരിക്കുമായിരുന്നു. കഷ്ടിച്ച് ഒരു മണിക്കൂർ നീണ്ടു നിന്നിരുന്നതായിരുന്നു  പിണക്കങ്ങൾ എല്ലാം. തമ്മിൽ തല്ലാനും പെട്ടെന്ന് ഇണങ്ങാനും കഴിയുമായിരുന്ന ലോല ഹൃദയം എങ്കിലും ഉറച്ച സ്നേഹവും കൂട്ടുകെട്ടും ആയിരുന്നു.. കുറെ കാലം ഞങ്ങൾ ഒരുമിച്ചു ഡൽഹിയിൽ കഴിഞ്ഞെങ്കിലും എപ്പളോ അമ്മാവൻ ജോലി സംബന്ധമായി മറ്റ് സ്ഥലങ്ങളിലേക്ക് പൊയി.  അങ്ങനെ ആയിരുന്നു ആ സൗഹൃദം ദൂരെ നിന്നു മാത്രമുള്ള സൗഹൃദമായത്.  എന്നാലും ഇന്നും ഞങ്ങൾ കത്തുകളിലൂടെയും സന്ദേശങ്ങളിലൂടെയും ബന്ധപെട്ടിരിക്കുന്നു. ചെറുപ്പത്തിലേ കുറച്ചു നല്ല ഡൽഹി ഓർമ്മകളിൽ എപ്പോഴും തങ്ങി നിൽക്കുന്നത് സുധയാണിന്നും... ഒരു ചെറിയ കാര്യം മതി എന്റെ ചിന്തകളും ഓർമ്മകളും കാട് കയറാൻ. ഹോ ഞാൻ എന്നെ കൊണ്ട് തന്നെ തോറ്റു ......
വല്യമ്മേ ആ അമ്മുണ്ണി അമ്മേം ആ അമ്മ്യാരും ഇപ്പളും ഉണ്ടോ ? അവരെ ഒന്ന് പൊയി കാണാൻ പറ്റുമോ  എന്ന എന്റെ ചോദ്യം കേട്ട്  വല്യമ്മ പോലും അന്ധാളിച്ചു.  "ഈ കുട്ടിക്കെന്താ  അവരെ ഒക്കെ എവടെ പൊയി നോക്കാനാ ഇപ്പൊ ?? അങ്ങാടിപുറത് പട്ടമ്മാരടെ ഒരു അഗ്രഹാരം ഉണ്ട്. അവടെ ചെന്നാൽ അമ്മ്യാരേ. കാണാം അമ്മിണി അമ്മ ഇപ്പോ ഇണ്ടോ ആവോ".വല്യമ്മടെ മകൻ ജയന് ഇതൊക്കെ കേട്ടപ്പോൾ കൗതുകമായി. "അമ്മേ ഓപ്പോളിലെ ഹിസ്റ്ററി ക്കാരി ഉണരുന്നു. ചികയൽ വേറെ ഒരു ഭാഗത്തേക്കാവുന്നു. ഒരു കാര്യം ചെയ്യൂ. അഷ്‌റഫിനെ വിളിച്ച് വണ്ടിയിൽ നിങ്ങൾ അങ്ങാടിപ്പുറത്തേക്ക് പൊയ്ക്കോളൂ. അമ്മടേം ഒക്കെ കുട്ടിക്കാലത്തേക്കൊരു യാത്ര ,  കൂട്ടത്തിൽ തിരുമാന്ധാം കുന്ന് അമ്പലത്തിൽ തൊഴേം  ചെയ്യാം. അമ്മയ്ക്കും ആവാം പഴയ കൂട്ടുകാരികളെ കാണൽ."   അത് ശരി!  വല്യമ്മടേം എന്റെ അമ്മടേം ഒക്കെ കുട്ടിക്കാലം അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലും ഒക്കെ ആയിരുന്നല്ലോ. എന്നാൽ അവരടെ ചെറുപ്പത്തിലേക്കാവാം ഇനി ഒരു എത്തി നോട്ടം.
    അങ്ങനെ ഞങ്ങൾ എത്തി അങ്ങാടിപുറത്. നേരം കൊറച്ച് ഉച്ചയാവാറായിരുന്നു. അതുകൊണ്ട് ആദ്യം അമ്പലത്തേക്ക് വച്ചു പിടിച്ചു. എന്റെ അമ്മ കുട്ടിയാവുമ്പോ എന്നും തൊഴുതിരുന്ന ആ പുണ്യഭൂവിൽ ഞാനെത്തി. എന്നോ പണ്ടൊ  അമ്മടെ കൂടെ ഒരു വേനലവധിക്ക് ഇവടെ വന്നതാ തൊഴാൻ. വീണ്ടും അവടെ എത്തിയപ്പോൾ തിരുമാന്ധാം കുന്നിലമ്മയെ ആണോ എന്റെ അമ്മയെ ആണോ ഞാൻ ഓർത്തതും വണങ്ങിയതും എന്നറിയില്ല . ഒരു കാര്യം സത്യം അവടെ എത്തിയപ്പോൾ അമ്മയുടെ സാമിപ്യം ഞാൻ അനുഭവിച്ചു. എന്റെ മനസ്സറിഞ്ഞോ എന്തോ ദേവി എനിക്ക് നല്ല ദർശനം തന്നു. മനസ്സ് തുറന്ന്  തൊഴുതു എന്റെ അമ്മയെ മനസ്സിൽ ധ്യാനിച്ചു . തൊഴുതു തിരിഞ്ഞപ്പോൾ അതാ അമ്മയുടെ അടുത്ത സുഹൃത്  സൗദാമിനി അമ്മായി. എന്നെ മനസ്സിലായീല എങ്കിലും വല്യമ്മയുടെ കൂടെ ശ്രീകോവിലിൽ നിന്നു പുറത്തു വന്നു ലോഹ്യം പറയാൻ തുടങ്ങി. ഇടക്കിടക്ക് എന്നെ നോക്കുന്നും ഉണ്ടായിരുന്നു. എനിക്ക് പിടിച്ചു നിക്കാൻ ആയീലാ. അമ്മായീ ഇത് തങ്കാണ്. അമ്മായിക്കെന്നെ മനസിലായില്ല. " അയ്യോ നിക്ക് സംശയം തോന്നി മാളൂന്റെ മകളാവും എന്ന്. നീയ്യിപ്പോ എങ്ങന്യാ ഇവടെ എന്നും അപ്പൊ തന്നെ തോന്നി " വല്ലാതെ സന്തോഷം തോന്നി അമ്മയുടെ ഒരു കൂട്ടുകാരിയെ എങ്കിലും കണ്ടതിൽ. "ഇവൾക്ക് ആ കെങ്ക അമ്മ്യാരേം  അമ്മിണി അമ്മേം കാണണം  ത്രേ സൗദാമിനി. അതിനാ  ഇപ്പൊ ഇറങ്ങി പൊറപ്പെട്ടത"് എന്ന് വല്യമ്മ പറഞ്ഞപ്പോ "അമ്മായി കൊണ്ടോവാലോ ന്റെ കുട്ട്യേ അഗ്രഹാരത്തിലേക്ക് "എന്നും പറഞ്ഞു അവർ. ഏതായാലും അമ്മയുടെ ചെറുപ്പകാലത്തു നടന്ന സ്ഥലവും ഇടപഴകിയ ആളുകളും കൂട്ടുകാരും ഒക്കെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.. അമ്മായിടെ വീട്ടിൽ കുറച്ചു സമയം ചിലവഴിച്ചു. തിരുമാന്ധാം കുന്നിലെ പ്രസാദവും അനുഗ്രഹവും അതിനെല്ലാം പുറമെ  അമ്മയുടെ സാമീപ്യവും അനുഭവിച്ചു കൃതാർത്ഥ  യായി ഞാൻ. എന്റെ അമ്മേ ശരണം എന്ന് മനസ്സിൽ ജപിച്ചുകൊണ്ട് ഞാൻ പടികളിറങ്ങി. നേരെ അഗ്രഹാരത്തിൽ എത്തി. അമ്മ പണ്ട് ഉച്ചക്കുണ്ണാൻ പോയിരുന്ന വീട്ടിലും അമ്മടെ കൂടെ പഠിച്ചിരുന്ന ചിലരുടെ അടുത്തും  പൊയി മനസ്സ്  കുളിർതാണ്  ഞാനന്ന് മടങ്ങിയത്..... അങ്ങനെ ഒരു നല്ല തീർത്ഥയാത്ര എന്ന് മനസ്സിൽ കുറിച്ചു..
ഒരു കൂട്ടുകുടുംബത്തിലെ മധുരിക്കും ഓർമ്മകൾ
******************************************

"തങ്കുട്ടാ നാളെ നിന്നെ കാണാൻ ഇവിടത്തെ എല്ലാ പേരകുട്യോളും അവരുടെ ഭർത്താക്കന്മാരും മക്കളും ഒക്കപ്പാടെ വരണൂത്രെ. നല്ല മേളാവും  ഇവടെ". വല്യമ്മ രാവിലെ തന്നെ അറിയിച്ചു. ഹോ നാളെ  ശനിയാഴ്ച ആണല്ലോ. എല്ലാർക്കും ഒഴിവല്ലേ. നന്നായി.  എല്ലാരേം കാണാലോ.
വല്യമ്മടെ പേരക്കുട്ടികളും  അവരുടെ മക്കളും എന്ന് പറയുമ്പോൾ. ചെറിയകുട്ടികളാവും. പണ്ട് ഞാനും സഹോദരങ്ങളും വേനലവധിക്ക് വന്നിരുന്ന പ്രായത്തിലുള്ളവർ !!! അവരും ഞങ്ങളെ പോലെ അന്യോന്യം കൂട്ടിപിടുത്തം ഉള്ളവരാവുമോ.. അങ്ങനെ ഒക്കെ ചിന്തിച്ചപ്പോ മനസ്സിൽ അങ്ങനെ ഒരു രസികൻ മധ്യവേനൽ  അവധി ഒഴുകി വന്നു.             

ഷൊർണുരിൽ ഇറങ്ങി ഒരു കാറും പിടിച്ച് ഞങ്ങൾ എല്ലാവരും എത്തിയപ്പോഴേ  ചെറിയമ്മാവനും വലിയച്ഛനും ഒക്കെ ഞങ്ങളേം കാത്തു റോഡിൽ നിന്നിരുന്നു  റോഡിൽ നിന്ന് വീട്ടിലേക്ക് വരാൻ നീണ്ട പാടം കടക്കണമായിരുന്നു  സന്ധ്യ ആയിരുന്നു. വീതിയില്ലാത്ത വരമ്പിൽ കൂടി ഞാനും അനിയന്മാരും ബാലൻസ് കിട്ടാതെ ഉഴറുകയായിരുന്നു. വീടിനടുത്തുള്ള പാടം  കടക്കുമ്പോൾ ദേ  കെടക്കുന്നു ഞാൻ ഉഴുതിട്ട പാടത്തേക്ക്. സങ്കടവും ജാള്യതയും പിന്നെ  വീട്ടിലെത്തിയാൽ  അപ്പേട്ടനും ബേബിയേടതീം കളിയാക്കുലോ എന്ന ബേജാറായിരുന്നു.

അന്നൊക്കെ ഞങ്ങൾ അവധിക്കു വരുമ്പോൾ ചെർപ്പുളശ്ശേരീന്ന് അമ്മായീം കുട്ടികളും തച്ചമ്പാറയിൽ നിന്ന് ചെറിയമ്മയും അപ്പേട്ടനും  കാറൽമണ്ണയിൽ നിന്ന്  ചെറിയ വല്യമ്മയും ബേബിയേടതീം ആദ്യം തന്നെ തറവാട്ടിലെത്തും. ബോംബേന്ന് ചെറിയമ്മാവനും അമ്മായീം ചെലപ്പോ വരും.

അങ്ങനെ അമ്മമ്മ ആകാംക്ഷയോടെ  കാത്തിരിക്കാറുള്ളതായിരുന്നു അന്നൊക്കെ ഞങ്ങൾടെ വരവ്. പത്തായപ്പുര ആകെ അടിച്ചു വൃത്തി ആക്കി വെക്കും. ഞങ്ങൾ കുട്ടികൾ അവടെ ആയിരുന്നു പകൽ സമയത്തു കളിച്ചിരുന്നത്. വലിയ  കുട്ടികൾ പുസ്തകം വായന ചെസ്സ് കളി,  എന്റെ പ്രായക്കാർ കൊത്തംകല്ലാടലും ഉഞ്ഞാലാട്ടവും പാവക്കുട്ടികളെ കൊണ്ടു കളിക്കലും ആയിരുന്നു പതിവ്.  എന്നാലും ഇടക്കിടക്ക് അമ്മമ്മ  അടുക്കളയിൽ നിന്ന് കുഞ്ചിയമ്മടെ കയ്യിൽ ചക്കച്ചുളയും മാങ്ങാ പൂളും  വലിയ പാത്രങ്ങളിൽ കൊടുത്തയച്ചിരുന്ന പതിവായിരുന്നു ഏറ്റവും വലിയ ആകർഷണം. കളിച്ചു മടുത്താൽ ഞങ്ങൾ തൊടിയിലേക്ക് ഒരു ജാഥ  ആയിരുന്നു. പറങ്കി മാങ്ങ, കൈത ചക്ക  സപ്പോട്ട മുതലായവ തേടി. ഉച്ചക്ക് ഉണ്ണാറാവുമ്പോ എല്ലാരുടെയും വയറു  നല്ലോണം വീർത്തിരിക്കും   എന്നാലും അമ്മമ്മ വിടില്ല . "ഇതൊന്നും ഇന്റെ കുട്യോൾക്ക് അവടെ കിട്ടില്ല " എന്നും പറഞ്ഞ് നിർബന്ധിച്ചു കഴിപ്പിക്കും. വേനലവധി കഴിഞ്ഞു മടങ്ങുമ്പോ ഞങ്ങൾ തനി പീപ്പക്കുറ്റി പോലെ ആവുമായിരുന്നു.
അതൊക്കെ ആയിരുന്നു അവധികാലം. ഇപ്പൊ എന്താ അവധി എന്ന് പറഞ്ഞാൽ തണുപ്പ് സ്ഥലങ്ങളിൽ പോവുക അല്ലെങ്കിൽ റിസോർട്ടുകളിൽ പൊയി മൂന്നാല് ദിവസം താമസിക്കുക ഹൌസ് ബോട്ട് അന്വേഷിച്ചു പോകുക.തറവാട്ടിലെ എല്ലാവരും കൂടി എപ്പളാ ഒത്തുകൂടൽ ???  കുടുംബത്തിൽ അടുത്ത ബന്ധുവിന്റെ കല്യാണത്തിനോ മറ്റോ ഗുരുവായൂർ പൊയി ഒരു ദിവസം നിന്നാൽ നിന്നു. അത് തന്നെ.
' എന്താ കുട്ട്യേ നീ ആലോചിച്ചു കൂട്ടണത് ?" വല്യമ്മ വന്നു തോളത്തു തട്ടിയപ്പോളാണ് ഞാൻ തിരിച്ചു പോന്നത് ആ പഴയ അവധി കാലത്തു നിന്ന്. "അല്ല വല്യമ്മേ പണ്ടൊക്കെ വേനൽ കാലത്തു നമ്മൾ എല്ലാരും  കൂടി ഇവടെ കൂടിയിരുന്നത് ഓർക്കായിരുന്നു. എന്ത് രസായിരുന്നു അല്ലേ ? അമ്മമ്മേം  അമ്മച്ചനും നമ്മളെല്ലാരും ഒരു ആഘോഷായിരുന്നു അല്ലേ " എന്റെ ഗൃഹാതുരത്വം അറിയാതെ വാക്കുകളിൽ പുറത്തു വന്നു. വല്യമ്മക്ക് സങ്കടായി. "അതിനെന്താ നീ പോണേക്കാളും മുന്നേ നമുക്ക് ആവുന്നേടത്തോളം നമ്മടെ തറവാട്ടിലെ ആൾക്കാരെ ഒക്കെ  കൂട്ടി ഒന്ന് രസായി കഴിയാം ട്ടോ. നാളെ ഏതായാലും കുട്യോളൊക്കെ വരൂലോ അപ്പൊ രസാവും" എന്ന് വല്യമ്മ എന്നെ സന്തോഷിപ്പിക്കാൻ തുടങ്ങി. പാവം ഇന്റെ വല്യമ്മ
   അതും പറഞ്ഞ് കൊണ്ടിരിക്കുമ്പോ അതാ വന്നു വല്യച്ഛന്റെ മരുമക്കൾ .. അപ്പുവേട്ടൻ പപ്പിയേടത്തി, മാനു ഏട്ടൻ എല്ലാരും കൂടി കുടുംബ സമേതം. വല്ലാത്തൊരു സന്തോഷം  ചേർന്ന  അതിശയം ആയി അത്.  "തങ്കം  വന്നു എന്ന് അമ്മായി വിളിച്ചു പറഞ്ഞപ്പോൾ  ഞങ്ങൾ എല്ലാരും കൂടി അങ്ങട് ഇറങ്ങി പൊറപ്പെട്ടു. പണ്ടൊക്കെ അമ്മായിടെ വീട്ടിൽതെ കുട്ടികളൊക്കെ വരുമ്പോൾ ഞങ്ങളും  വന്നീരുന്നിലെ ? അതുപോലെ ഒന്ന് കൂടാം എന്ന് കരുതി " അവരിലാരോ അങ്ങനെ പറഞ്ഞപ്പോൾ സത്യായിട്ടും എനിക്ക് തോന്നി ദൈവം അനുഗ്രഹിച്ചു എന്ന്. പണ്ടത്തെ പോലെ ആടാനും പാടാനും  പടിപ്പുരയിൽ ഇരുന്നു കളിക്കാനും ഒന്നും പറ്റില്ലെങ്കിലും പണ്ടത്തെ ചങ്ങാതികളെ കണ്ടപ്പോൾ എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. വൈകുന്നേരം വരെ പണ്ടത്തെ കാര്യങ്ങൾ പറഞ്ഞും അന്യോന്യം കളിയാക്കിയും പാട്ടു പാടിയും കുട്ടികളെ കളിപ്പിച്ചും ഞങ്ങൾ ആ നല്ല നാളുകൾ അയവിറക്കി. ഞാൻ കരുതീല ട്ടോ കൊറച്ചെങ്കിലും ആ നല്ല നാളുകൾ വീണ്ടും അനുഭവിച്ചു സന്തോഷിക്കാൻ  പറ്റും  എന്ന്.

നാളെ എന്നെ കാണാൻ വരുന്ന കുട്ടികൾക്കും പറഞ്ഞ് കൊടുക്കണം ഇങ്ങനെ ഒരു കുടുംബ കൂട്ടായ്മടെ ഭംഗിയും സുഖവും. ഒരു കൂട്ടു കുടുംബത്തിന്റെ മനോഹാരിത  അനുഭവിച്ചവർക്കേ മനസ്സിലാവൂ അതിന്റെ സുഖം...... ഇനി ഇങ്ങനെ ഒരു കൂട്ടായ്മയും കൂട്ടി പിടുത്തവും ഈ തലമുറയ്ക്ക് കിട്ടുമോ ? ഒരു തരം നിരാശ തോന്നി അതോർത്തപ്പോൾ. എന്നാലും വീണ്ടും തറവാട്ടിൽ വന്ന് പലരെയും കണ്ടും കൂടെ താമസിച്ചും സന്തോഷിക്കാൻ  സാധിച്ചുവല്ലോ. ദൈവ കൃപ തന്നെ....
ഒരു നിർമ്മല സൗഹൃദത്തിന്റെ ഓർമ്മകൾ...... 
*******************************************
ഒരാഴ്ചയായി അടിച്ചുപൊളിച്ചു നടക്കായിരുന്നു. ഇന്നെവിടേക്കും പോണില്ലാന്ന് കരുതി ഇരിക്കയാണ്. രാവിലത്തെ കുളീം കാവിൽ  പോക്കും ഒക്കെ കഴിഞ്ഞു. ഓരോ പഴമ്പുരാണം കേൾക്കാനുള്ള സുഖത്തിൽ  വല്യമ്മടെ അടുത്ത് പറ്റിപിടിച്ചങ്ങനെ  ഇരുന്നു. മുറ്റത്തു ഉണക്കാനിട്ടിരുന്ന നാളികേരത്തിന് കാവലിരിക്കാൻ നല്ല രസം.

പണ്ട് കുട്ടികളാവുമ്പോൾ സ്കൂൾ അവധിക്കാലത്തു വന്നിരുന്ന ഓർമ പെട്ടെന്ന് മനസ്സിലേക്ക് വന്നു. അന്നങ്ങനെ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കലൊന്നും ഇല്ല. തൊടിയിൽ പറങ്കിമാവിൻ ചുവട്ടിൽ പോയി മഞ്ഞയും ചുവപ്പും  പറങ്കി മാങ്ങകൾ കടിച്ചു  വലിച്ച് ചാറൊക്കെ ഉടുപ്പിലാക്കി നടക്കാലായിരുന്നു മുഖ്യ പണി. പിന്നെ തോട്ടിൽ പോയി മണിക്കൂറുകളോളം എല്ലാ സമപ്രായക്കാരുമായി കളിച്ചു ഉല്ലസിക്കലും. അന്നൊക്കെ ഏറ്റവും പ്രിയപ്പെട്ട സഖികളായിരുന്നു പേച്ചിയും നീലിയും  ആമിനയും റബേക്കയും.
ഒരു ദിവസം  ഞങ്ങൾ  നാല് പേരും പിന്നെ  വല്യമ്മടേം ചെറിയമ്മടേം മക്കളും എല്ലാവരും കൂടി തോട്ടിൽ കുളിക്കാൻ പൊയി . സമയം പോയതറിഞ്ഞില്ല. നാലഞ്ച് മണിക്കൂറുകൾ പോയത് ഞങ്ങളാരും ശ്രദ്ധിച്ചില്ല. പെട്ടെന്ന് അമ്മേം ചെറിയമ്മാവനും അമ്മച്ചനും പുളിങ്കമ്പ് കൊണ്ടു വന്ന് പൊതിരെ തല്ലിയപ്പോളാണ് എല്ലാരും തോട്ടിൽ നിന്നോടിയത്. " എല്ലാറ്റിനും ജലദോഷം പിടിക്കും. അമ്മുട്ട്യേ  ആകുട്ടികളുടെ തല തോർത്തി കൊടുക്ക്. എന്നിട്ട് രാസ്നാദി പൊടി തലയിൽ തിരുമ്മി കൊടുക്ക് " അമ്മമ്മ ആകെ ബേജാറും പരിഭ്രമവും ആയി ഓടി നടക്കാൻ തുടങ്ങി. അമ്മയും വല്യമ്മയും  ചന്ദ്രഹാസമിളക്കി കലി  തുള്ളി നിൽക്കായിരുന്നു. അമ്മമ്മടെ മുന്നിൽ വെച്ച് തല്ലാനും നിവൃത്തിയില്ല... ഹോ എന്ത്  തമാശ ആയിരുന്നു. ഓർക്കുമ്പോൾ എങ്ങനെ ചിരി വരാതിരിക്കും...

"ഇങ്ങളെന്താ അമ്മകുട്ട്യേ ഒറ്റക്കിരിന്നു ചിരിക്കണതും " ആരോ പിന്നിൽ നിന്ന് പറയുന്നത് കേട്ടാണ് ഞാൻ പെട്ടെന്ന് ഞെട്ടി പഴയ കാലത്ത് നിന്നും തിരിച്ചു പോന്നത്. മാപ്പിള ഭാഷ വർഷങ്ങൾക്കു ശേഷം കേട്ടപ്പോൾ തിരിഞ്ഞു നോക്കി. ആരാന്നു മനസ്സിലാവണില്ല. ഏകദേശം എന്റെ പ്രായം ഉള്ള ഒരു ഉമ്മ. ഒരു സുന്ദരി ഉമ്മ.... ആരാ.... പതുങ്ങിയ ശബ്ദത്തിൽ ഞാൻ ചോദിച്ചപ്പോൾ ഒരു പൊട്ടിച്ചിരീം കെട്ടിപിടിക്കലും ആയിരുന്നു മറുപടി. "ഇങ്ങള് ഇന്റെ തങ്കകുട്ട്യല്ലേ.. നമ്മളെത്ര കളിചിക്കനു  തോട്ടിൽ കളിച്ചപ്പോ തല്ലു കൊണ്ടത് ഓർമില്ലെനും ങ്ങക്ക് " എന്റെ ദൈവേ  എന്റെ ആമിന അല്ലേ ഇത്... എനിക്ക് കരയണോ ചിരിക്കണോ എന്നറിയില്ല. സന്തോഷവും അതിശയവും എല്ലാ കലർന്ന് കണ്ണ് നിറഞ്ഞു. മുറുകെ കെട്ടി പിടിച്ചു അവളെ. പിന്നെ എന്തൊക്കെ പറയണം ചോദിക്കണം എന്നൊന്നും അറിയില്ലായിരുന്നു.. ചെറുപ്പത്തിൽ വളരെകുറച്ച സംസാരിക്കാറുണ്ടായിരുന്ന ആമിനയും വായാടിയായ ഞാനും ഇപ്പോളിതാ നേരെ തിരിച്. എനിക്കൊന്നും പറയാൻ കിട്ടണില്ല്യ  അവളാണെങ്കിൽ വാ തോരാതെ ഓരോന്ന് പറയുകയും. ഒരു പത്തു മിനിറ്റ്  പിടിച്ചു എനിക്ക് സ്ഥലകാലബോധം വരാൻ   പിന്നെ താടിക്കു കയ്യും കൊടുത്തു നിൽക്കുന്ന വല്യമ്മയും കുടുകുടെ ചിരിക്കുന്ന നീതയും നോക്കി നിൽക്കെ  ഞാനവളെ പിടിച്ചു വലിച്ച് തോട്ടുവക്കിലേക്ക് പൊയി. എത്ര കൊല്ലത്തെ കാര്യങ്ങൾ ചോദിക്കാനും പറയാനും ഉണ്ട് ഞങ്ങൾക്ക് !! 'ങ്ങള്'  എന്ന് തുടങ്ങിയ സംബോധന പണ്ടത്തെ പോലെ 'ഇജ്ജ് ' എന്നായതെ പ്പോളാണോ എന്തോ. പിന്നെ പേച്ചിടേം നീലീടേം റബേക്കടേം കാര്യങ്ങൾ അന്വേഷിച്ചു. ' ജ്ജ് അറിഞ്ഞിലെ റബേക്ക നെന്മിനി മലെന്ന കെട്ട്യോന്റെ നാട്ടിൽക്ക് പോയത് ? പിന്നെ പേച്ചി ഓൾടെ കെട്യോന്റെ കൂടെ ദുഫൈലാ ഡി. പാവം നമ്മടെ നീലിന്റെ കാര്യാ ട്ടോ കഷ്ടം. ഓള് ഓൾടെ കുടിൽ തന്നെ ഒറ്റക്കാ. ഓൾടെ ചെറുമൻ കൊറേ കാലായി മയ്യത്തായിട്ട്. ഓൾക്ക് കുട്യോളും ഇണ്ടായീല. പാവം കഷ്ടം ട്ടോ ഓൾടെ കാര്യം. "ഒറ്റ ശ്വാസത്തിൽ ആമിന എല്ലാ വിവരോം പറഞ്ഞു.
 അവളും ഭർത്താവും രണ്ടാണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളും എല്ലാം കൂടി ഒരു വലിയ വീട്ടിലാണത്രെ  താമസം. ഞാൻ വന്നത് ഇന്നാണത്രെ അവളറിഞ്ഞത്. "കേട്ട പാതി കേക്കാത്ത പാതി ഞമ്മലിൻഗഢ് പാഞ്ഞു വന്നു അന്നേ കാണാൻ"
എന്ന് പറഞ്ഞപ്പോ ആ ഉണ്ടകണ്ണ് നിറഞ്ഞു തുളുമ്പി. എന്റെ കണ്ണിൽ നിന്നും ധാര  ഒഴുകിയിരുന്നു. അത് സമ്മിശ്ര വികാരങ്ങളുടെ ഒരു ഒഴുക്കായിരുന്നു എന്നത് വാസ്തവം. കുടുംബം ഭർത്താവ് മക്കൾ പേരമക്കൾ അങ്ങനെ ചെറിയതും  വലിയതും  ആയ ഓരോ വിശേഷങ്ങളും ഞങ്ങൾ അന്യോന്യം പങ്കു വച്ചു.
      സമയം അതിന്റെ വഴിക്ക് പോയിക്കൊണ്ടിരുന്നു. ഞങ്ങൾ ബാല്യകാലസഖികൾ ഇതൊന്നും അറിഞ്ഞതെ ഇല്ല.
കുഞ്ഞുനാളിൽ കൊല്ലത്തിലൊരിക്കൽ രണ്ടു മാസം മാത്രം തമ്മിൽ കണ്ടിരുന്ന സ്നേഹിതകൾ ആണെന്ന് ഇന്നത്തെ തലമുറയ്ക്ക് ഉൾക്കൊള്ളാനാവാത്ത ഒരു ആത്മ ബന്ധമാണ് അത്. ജാതിമതഭേദമെന്യേ ഞങ്ങൾ കോർത്തെടുത്ത സൗഹൃദം...
" എന്താ മക്കളെ ഇത്, എത്ര നേരായി ഈ തോട്ടു വക്കത് വന്നിരിക്കുണു നിങ്ങൾ.. വരിൻ കുട്യോളെ  ഉണ്ണാൻ വരിൻ. അന്നേ കാണാൻ ആരൊക്കയാ വന്നിരിക്കണത്  എന്ന് നോക്കു കുട്ട്യേ..  വരിൻ  വേഗം " എന്ന് വല്യമ്മടെ പിന്നിൽ നിന്നുള്ള  വിളി കേട്ടപ്പോളാണ് ഞങ്ങൾ ഞെട്ടി എണീറ്റത്. വേഗം വല്യമ്മടെ പിന്നാലെ വീട്ടിലേക്ക് കയറി. ഉമ്മറത് ഏകദേശം വല്യമ്മടെ പ്രായം ഉള്ള ഒരു സ്ത്രീയും കൂടെ അതിലും ഒരുപാട് പ്രായം കുറഞ്ഞതെങ്കിലും വല്ലാതെ ശോഷിച്ച് അവശ ആയ ഒരു സ്ത്രീയും ഇരിക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ രണ്ടാളും ചാടി എണീറ്റു. ആ അമ്മ എന്നെ കെട്ടിപിടിച്ചു, മറ്റേ സ്ത്രീ വന്ന് ആമിനടെ കയ്യിൽ തൂങ്ങി നിന്നു. എന്നിട്ട് രണ്ടുപേരും ഒരു കള്ള ചിരിയോടെ എന്നെ നോക്കി. മാറി നിന്ന് വല്യമ്മയും നീതയും കൗതുകത്തോടെ ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു.
" തങ്കമ്മു എന്നെ മനസ്സിലായില്യോ. എത്ര നാളായി ഈ കൊച്ചിനെ കണ്ടിട്ട് ? കുഞ്ഞങ്ങു വളർന്നു അമ്മച്ചി ആയല്ലോ. എന്നാടി കൊച്ചേ നീ ഈ മറിയമ്മച്ചിയെ മറന്നോടി ?"........ ഞാനാകെ സ്തംഭിച്ചു നിന്നു. ഞങ്ങൾടെ പ്രിയപ്പെട്ട മറിയമ്മച്ചി ! ഞങ്ങൾടെ കൂട്ടുകാരി റബേക്കയുടെ അമ്മ... ഹോ എന്റെ ദൈവമെ എനിക്ക് താങ്ങാനാവുന്നതിനേക്കാൾ സന്തോഷം.. ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് ആ മുഖത്ത് നോക്കി അങ്ങനെ നിന്നു രണ്ടു നിമിഷം.  പിന്നെ പൊട്ടികരച്ചിലും തുരു തുരെ ഉമ്മവെക്കലും ആയിരുന്നു. എന്നെ കാണാൻ നെന്മിനി മല  ഇറങ്ങി അച്ചപ്പം അവലോസു പൊടി  കുഴലപ്പം എല്ലാം വലിയ പൊതികളിലാക്കി വന്നിരിക്കുന്നു മറിയമ്മച്ചി.... എവിടെ ചെന്നാൽ കിട്ടും ഈ അകമഴിഞ്ഞ സ്നേഹം.. പട്ടണത്തിലെ മുഖം മൂടി അണിഞ്ഞ, വെറും പുറത്തേക്കു ചിരിച്ചു കാണിക്കുന്ന കൃത്രിമത്വത്തിൽ നിന്നും എത്ര വ്യത്യസ്തം ഈ നിർമ്മല സ്നേഹം..... " മതി കരഞ്ഞതും കെട്ടിപിടിച്ചതും. കൊറച്ചു എനിക്ക് കൂടി  വേണം നിന്നെ " അടുത്തുനിന്നു പതിഞ്ഞ ശബ്ദത്തിൽ ആരാ പറഞ്ഞത് ????? ഡി പെണ്ണെ ഇത് ഞാനാ നിന്റെ നീലിപ്പെണ്ണ്. നിനക്കെന്നെ മനസ്സിലായീലെ ? എന്നും പറഞ്ഞവൾ അമ്മച്ചിയെ തട്ടി മാറ്റി എന്നെ വലിച്ചു പിടിച്ച് മുറുകെ കെട്ടിപിടിച്ചു..... എന്റീശ്വരാ ഇതെന്തൊരു മറിമായം... ഇത്ര കാലം എന്റെ മണ്ണിൽ നിന്നകന്ന് എല്ലാരേം മറന്ന് പട്ടണത്തിലെ ഒരു പിടി കിറ്റി പാർട്ടി സുഹൃത്തുക്കളുമായി കലപില കൂട്ടി ഒരു തരം ചായം പൂശിയ സൗഹൃദം കൊണ്ടു നടന്ന ഞാനെന്തേ ഈ കറ പുരളാത്ത ആത്മ ബന്ധം മറന്നു ???

എല്ലാവരെയും വല്യമ്മ ഊൺമേശക്കു ചുറ്റും ഇരുത്തി പായസം അടങ്ങിയ ഉഗ്രൻ ഊണ് വിളമ്പി.   പഴയ കാര്യങ്ങൾ പറഞ്ഞും,  റബേക്കയുടെ കുടുംബ വിശേഷം ചോദിച്ചറിഞ്ഞും  എന്റെ മക്കളേം ഭർത്താവിനേം കുറിച്ച് പറഞ്ഞും പിന്നെ ദുബായ് നഗരത്തിൽ  സ്ഥിരമായി താമസമാക്കിയ പേച്ചിയെ കുറിച്ചോർത്തും ഞങ്ങൾ നാല് മണി വരെ ഊൺമേശക്കു ചുറ്റും ഇരുന്നു. കൈ കഴുകാൻ പോലും എണീക്കാതെ ഇലയെടുത്തു കൊണ്ടു പൊയി അടുക്കളക്കാരി ചില്ലുഅമ്മായി മേശപ്പുറം  തുടച്ചതൊന്നും ഞങ്ങളറിഞ്ഞില്ല.  "ആ  കയ്യൊക്കെ ഉണങ്ങി കൂട്ടരേ പൊയി കയ്യ് കഴുകി വരിന് "എന്ന് വല്യമ്മ പറയുമ്പോളാണ് ഞങ്ങൾക്ക് സ്ഥലകാല ബോധം വന്നത്.
കൈ കഴുകി പായസം കുടിച്ചു കൊണ്ട് ഞങ്ങൾ പിന്നേം തുടർന്നു പഴയ കഥകളും ഓരോരുത്തരുടേം  ഇപ്പോഴത്തെ വിശേഷങ്ങളും ആയി.

നേരം ഇരുട്ടിയാൽ മല കേറാൻ ബുദ്ധിമുട്ടാണെന്നും  പറഞ്ഞ്  അമ്മച്ചി പൊയി. ഞങ്ങൾ പിന്നേം കൊറേ  നേരം അങ്ങനെ ഇരുന്നു ഒരായിരം ഓർമകളും വിശേഷങ്ങളും അയവിറക്കിയും പങ്കുവെച്ചും..... ഞാൻ മടങ്ങി പോകുന്നതിനു  മുൻപേ വീണ്ടും തമ്മിൽ കാണാം  എന്നും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു
    ഇന്നത്തെ യുവതലമുറക്ക് ഉൾക്കൊള്ളാൻ പറ്റാത്ത അത്ര നിബിഢ മായ .. ജാതിക്കും മതത്തിനും അതീതമായ.. ആത്മാർത്ഥമായ ഒരു സുഹൃദ് ബന്ധം അനുഭവിച്ചതിന്റെ  ആ സ്വർഗീയാനുഭൂതി ഞാനെന്റെ മക്കളെയും പേരമക്കളെയും പറഞ്ഞ് കേൾപ്പിക്കും. ഞങ്ങൾ എടുത്ത ഫോട്ടോകൾ കാണിച്ചു കൊടുക്കും...... ആനന്ദ നിർവൃതിയിൽ.... ദില്ലിയെയും ദില്ലിയിലുള്ളവരെയും തല്ക്കാലം മാറ്റി നിർത്തി  ഞാനങ്ങനെ ഇരുന്നു...... ഇനിയുമൊരു കൂടിക്കാഴ്ച്ചക്കായി....

ഉണ്ണ്യേന്ദ്രൻ കാവ്‌ ...എന്റെ തറവാടിന്റെ ആശിസ്സ്
**********************-**-*********-*******

ഇന്നലെ മുഴുവനും പഴയ കൂട്ടുകാരെയും  അയൽവാസികളെയും കണ്ടും സന്ദർശിച്ചും സമയം പോയതറിഞ്ഞില്ല.. സുഖനിദ്ര എന്തെന്നറിഞ്ഞ രാത്രി......  പുലർന്നപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷമായിരുന്നു. വീട്ടിൽ എല്ലാവരും എണീറ്റു കഴിഞ്ഞിരുന്നു. മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. പെട്ടെന്ന് പല്ലുതേച്ചു മാറ്റാനുള്ള വസ്ത്രങ്ങളും  എടുത്ത് കുളപ്പുരയിലേക്ക് ഒരോട്ടമായിരുന്നു. മുട്ടുവേദനയും മുതുവേദനയും എല്ലാം അങ്ങ് ദില്ലിയിൽ വെച്ച് പൊന്നൂന്നാ തോന്നണത്. അത്രക്ക് പ്രസരിപ്പാണെനിക്കിപ്പോ.
          കുളിയും തേവാരവും കഴിഞ്ഞ് എല്ലാവരും പ്രാതലിനിരിക്കുമ്പോളാണ് വല്യമ്മടെ മകൻ പറഞ്ഞത് " ഓപ്പോളേ അയ്യപ്പങ്കാവിലും പഴയ ആൾക്കാരുടെ അടുത്തും  ഒക്കെ പോയി എന്നാലും എന്തെ ഒന്ന് കുന്നപ്പള്ളി വരെ പോവാൻ തോന്നാത്തത് ?... അമ്മ എന്തെ  ഓപ്പോൾക്ക് അവടെ പോണതിന്റെ മഹത്വം പറഞ്ഞു കൊടുക്കാഞ്ഞേ ?"
 ആഹാ  അതെനിക്കൊരു പുതിയ അറിവായിരുന്നു.  സ്കൂളിൽ പഠിക്കുമ്പോ അമ്മ ഇടക്കൊക്കെ കുന്നപ്പള്ളി ഉള്ള ബന്ധുക്കളെ
പറ്റിയൊക്കെ പറഞ്ഞു കേട്ടിരുന്നു. അതൊക്കെ അപ്പളേ മനസ്സീന്ന് മാഞ്ഞും പോയിരുന്നു. ജോലി തിരക്കും കുട്ടികളുടെ പഠിപ്പും ഭർത്താവിന്റെ കാര്യങ്ങളും പിന്നെ പട്ടണത്തിലെ ജീവിതവും എല്ലാ എന്നിലെ കൊണ്ടിപറമ്പ് കാരിയെ എവിടെയോ ഒളിപ്പിച്ചിരുന്നു  എന്നാണ് വാസ്തവം.
പഠിച്ചതും വളർന്നതും പിന്നെ വിവാഹശേഷവും ജോലിചെയ്തതും ജീവിച്ചതും  എല്ലാം ഉത്തരേന്ത്യയിൽ ആയതു കൊണ്ട് അറിഞ്ഞോ അറിയാതെയോ എന്റെ മണ്ണിന്റെ മണം എന്നിൽ നിന്നും അകന്നിരുന്നു.
തിരിച്ചെന്റെ ഗ്രാമത്തിൽ എന്റെ തറവാട്ടിൽ എന്നിലെ ആ കൊണ്ടിപറമ്പുകാരിയെ തേടാനും ഉണർത്തി എടുക്കാനും കൂടി അല്ലേ ഈ യാത്ര !?
കാര്യമായിട്ടുതന്നെ തറവാടിന്റെ വേരും  ചരിത്രവും അന്വേഷിക്കന്നെ ഇനി.
" എന്നാലിന്ന് നമുക്ക് കുന്നപ്പള്ളി പോയാലോ വല്യമ്മേ " എന്നായിരുന്നു ഞാൻ. "അതിനുമുൻപ് നമ്മടെ കിഴക്കേതോടീലൊന്ന് പോവാം കുട്ട്യേ. ?? അവിടെ അല്ലേ നിന്റെ അമ്മമ്മ പ്രാത്ഥിച്ചു കുന്നപള്ളീന്ന് ഉള്ള ശക്ത്തി പുനഃപ്രതിഷ്ടിച്ചിരിക്കണത് ? " അതാ .. വേറൊരു പുതിയ അറിവ് !!! എനിക്ക് വയ്യ എന്തൊക്ക്യാ കൂട്ടരേ നമ്മടെ തറവാടിന്റെ കഥകള്. എനിക്കൊന്നും അറിയില്ലല്ലോ... എന്നായിരുന്നു ഞാൻ.
ഓപ്പോൾ വല്ല്യ ഹിസ്റ്ററി ക്കാരി അല്ലേ. ചികഞ്ഞു നോക്കു കൊറേ ണ്ട് നമ്മടെ കഥകൾ എന്നായിരുന്നു അല്പം ചിരിച്ചും അല്പം ഗൗരവായിട്ടും  എന്റെ കുഞ്ഞാങ്ങള.
ഏതായാലും എല്ലാരും ഒരുങ്ങി ഇറങ്ങി കുന്നപള്ളീ എന്ന മുഖ്യമായ തറവാട്ടിലേക്ക്.  ഒരിത്തിരി പരിഭ്രമം ഉണ്ടായിരുന്നു ഇത് വരെ കാണാത്ത  ആൽക്കാരേം  വീട്ടുകാരേം ഒക്കെ കാണാൻ പോകുമ്പോൾ. എനിക്കാരേം  അറിയില്ല അവർക്കെന്നെയും..... നമ്മുടെ തൊടീലുള്ള പ്രതിഷ്ഠ നാളെ കാണാം തൊടങ്ങിയേടത്തു നിന്ന് തുടങ്ങാം ചികയൽ  എന്നായിരുന്നു ഞാൻ. ആരും ഒന്നും മിണ്ടിയില്ല. എങ്ങന്യാച്ചാൽ നിന്റെ ഇഷ്ടം എന്നായി  വല്യമ്മ.

ഉച്ചയായപ്പോളേക്കും അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവന്റെ വീട്ടിൽ എത്തി. മുൻകൂട്ടി ഫോൺ ചെയ്തിരുന്നത് കൊണ്ട് അവർ ഞങ്ങളെ കാത്തിരിക്കയായിരുന്നു. അവിടത്തെ അമ്മായി ഉമ്മറത്തേക്ക് ഇറങ്ങി വന്നു. " ആ വരൂ  വരൂ അമ്മുട്യേടത്തി ഒരു പുതിയ ആളേം കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായീല. ഇത് നമ്മടെ മാളൂന്റെ മകളല്ലേ. ഞാനിവളെ കുട്ടിയാവുമ്പോ ശങ്കരേട്ടന്റെ കല്യാണത്തിന് കണ്ടതാ. എന്നാലും മാളൂനെ പറിച്ചു വെച്ച പോലെ തന്നെ. വരൂ കുട്ടീ. ഇത് കുട്ടീടെ അമ്മടെ തറവാടാണ്. വന്നോളൂ " എന്നും പറഞ്ഞെന്റെ കയ്യിൽ മുറുകെ പിടിച്ചു അമ്മായി അകത്തേക്ക് കൊണ്ടു പോയി. ആ സ്വന്തമെന്ന ഭാവവും വാത്സല്യവും എന്റെ പരിഭ്രമത്തെ അലിയിച്ചു കളഞ്ഞു. എന്നാലും നാവിറങ്ങി പോയപോലെ ഞാൻ ഒരു ചെറുചിരിയുമായി നീങ്ങി. സമയം ഏറെ ആയതുകൊണ്ട് വേഗം ഉണ്ണാൻ ഇലയിട്ട് എല്ലാർക്കും തനി നാടൻ ഊണ് വിളമ്പി അമ്മായി. ഉണ്ണുന്നതിനിടയിൽ ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു എല്ലാരും. അപ്പൊ അമ്മാവനോട് വല്യമ്മ പറഞ്ഞു "ഡാ മാധവാ ഇവൾക്കിപ്പോ നമ്മടെ കുന്നപ്പള്ളിലത്തെ പഴയ  കാര്യങ്ങളും ഉണ്ണ്യേന്ദ്രനെ പറ്റിയും ഒക്കെ അറിയണം ത്രേ. നിനക്കല്ലേ ഇപ്പൊ അധികം ആ കാര്യങ്ങളൊക്കെ ഓർമ. പണ്ട് മുത്തശ്ശി പറഞ്ഞു തന്നിരുന്നതൊക്കെ കൊറേ ഒക്കെ ഞാനും മറന്നു.. വയസ്സ് 91 ആവില്ലേ ഈ വരണ മകരത്തിൽ .....

നല്ല രസം തോന്നി അമ്മാവൻ പഴയ കഥയുടെ ചുരുളഴിച്ചപ്പോൾ. എന്നിലെ ചരിത്രവിദ്യാർഥിനി ചെവിയും കൂർപ്പിച്ചിരുന്നു. എത്ര എത്ര പഴയ ചരിത്രമാണെന്റെ തറവാട്ടിന് !!! ഈ തലക്കുറിശ്ശി തറവാടിന്റെ ചരിതത്തിന്റെ പൊരുളാണ് ഉണ്ണ്യേന്ദ്രൻ കാവ്  എന്ന് എനിക്ക് തോന്നി.  ഉണ്ണ്യേന്ദ്രൻ കാവിന്റെ ചരിത്രവും വിശേഷങ്ങളും അറിയാനായി വെമ്പൽ.  ചുരുക്കത്തിൽ അന്നവിടെ രാത്രി താമസച്ചു. ഒരു മുക്കാൽ ദിവസം കൊണ്ട് അമ്മാവൻ പറഞ്ഞു തന്നതും പഴയ ഓല കളിൽ നിന്ന് വായിച്ചു കേൾപ്പിച്ചതും എല്ലാം കൂടി ഞാനെന്റെ തറവാടിന്റെ ശ്രേയസ്സും അനുഗ്രഹവുമായ ഉണ്ണ്യേന്ദ്രനെ കുറിച്ച്  ഒരു പാട്  ഗ്രഹിച്ചു.

അവിടെ നിന്ന്  കുറച്ചു ചരിത്രം കുറെ സാങ്കല്പികം പിന്നെ കാലാകാലങ്ങളായി കൈ മാറി രൂപാന്തരം പ്രാപിച്ച  ഒരു കഥാരൂപം... എല്ലാം ചേർന്ന് ഇന്നത്തെ ഉണ്ണ്യേന്ദ്രൻ കാവിനെ കുറിച്ചൊരു  ഹൃസ്വ ചിത്രം എനിക്ക് കിട്ടി .
ക്രിസ്തുവർഷം 1700 നും 1800നും മദ്ധ്യേ  എന്റെ തറവാടിന്റെ തായ്‌വേരായിരുന്ന ഉണ്യാതി  എന്നൊരു സ്ത്രീക്ക്  ജനിച്ച അനിതസാധാരണമായ ബുദ്ധിയും വൈഭവവും ഉള്ള ഒരു ഉണ്ണിയുടെ ചൈതന്യമാണത്രെ ഇന്നത്തെ ഉണ്ണ്യേന്ദ്രൻ കാവിലെ പ്രതിഷ്ഠ. ആ സമയത്തെ അതി ക്രൂരനും ദുസ്വഭാവിയുമായ ഒരു കാരണവർ പ്രശ്നം വെപ്പിച്ചു നോക്കി,  ഈ കുട്ടി തന്റെ അധഃപതനത്തിനും മരണത്തിനു തന്നെയും കാരണമാകും എന്ന് മനസ്സിലാക്കി, ആ  കുട്ടിയെ കൊലപ്പെടുത്തിയത്രെ. എന്നാൽ  കുട്ടിയുടെ ഗതി കിട്ടാത്ത ചൈതന്യം തറവാടിന്റെ നാശത്തിനു കാരണമാകാൻ തുടങ്ങി. കാരണവരുടെ അനന്തരാവകാശികൾ ആ ചൈതന്യത്തെ ആവാഹിച്ചു പ്രതിഷ്ഠിച്ചതാണത്ര ഇന്നത്തെ ഉണ്ണ്യേന്ദ്രൻ കാവ്.
കുന്നപ്പള്ളിയിലെ കാവിൽ കുളിച്ചു തൊഴുത് ഒരിക്കലും കണ്ടിട്ടില്ലാത്ത ബന്ധുക്കളുമായി ഇനിയുള്ള കാലം ബന്ധപ്പെട്ടുകൊള്ളാം  എന്ന് വാക്ക്  കൊടുത്തു എന്തൊക്കെയോ നേടിയെടുത്ത ആഹ്ലാദത്തോടെ ഞാൻ വല്യമ്മയോടും ജയനോടും നീതയോടും കൂടെ ഞങ്ങളുടെ  വീട്ടിലേക്കു യാത്രയായി.

അന്ന് വൈകുന്നേരം തന്നെ വല്യമ്മക്കൊപ്പം ഞാനും ഞങ്ങളുടെ തൊടിയിലുള്ള കാവിലേക്ക് വിളക്കുവെക്കാൻ പോയി. തിരിച്ചു വരുമ്പോൾ ആണ് വല്യമ്മ വേറെ ഒരു കഥയുടെ ചുരുളഴിച്ചത്

" കുട്ടിക്കറിയോ ഈ കാവ് എന്റെ അമ്മ   നിന്റെ അമ്മമ്മ  മുൻകയ്യെടുത്താണിവിടെ പണിതത്. അമ്മടെ ആദ്യത്തെ കുട്ടി ഒരു നല്ല നിലയിലെത്തിയാൽ ഈ കാവിന്റെ ജീർണോദ്ധാരണം നടത്തിക്കോളാം എന്ന് പ്രാർത്ഥിച്ചു.  നിന്റെ വല്യമ്മാവൻ നല്ലൊരു നിലയിലെത്തിയപ്പോളാ ഈ അമ്പലം ആകെ ഉടച്ചു വാർത്തത്.  ഇപ്പൊ എന്നും വിളക്ക് വെക്കാനും പൂജിക്കാനും തുടങ്ങി  അടുത്തുള്ളവരൊക്കെ വിശേഷം ദിവസങ്ങളിൽ പൂജക്കും വഴിപാടിനും വരാറുണ്ട് "

അങ്ങനെ ഈ വരവിൽ തറവാടിന്റെ ചരിത്രത്തിലേക്കും കുലദൈവത്തിന്റെ ഉത്ഭവത്തിലേക്കും ഒരെത്തിനോട്ടം കൂടി ആയി.

ഹോ ഇനി എന്തെല്ലാം , ആരെയെല്ലാം കുറിച്ച് അറിഞ്ഞാണ് എന്റെ തറവാടിന്റെ അടിത്തറയിലേക്കുള്ള ഈ യാത്ര നീങ്ങുക !?
 എന്റെ മക്കൾക്കും പേരകുട്ടികൾക്കും പകർന്നു കൊടുക്കാൻ ഈ പുതിയ അറിവിന്റെ  എത്രയെത്ര മഞ്ചാടി മുത്തുകളാണ് ഞാൻ ഈ യാത്രയിൽ ശേഖരിച്ചത് !! ഇനിയും ഉണ്ട് ഏറെ മുത്തുകൾ മാണിക്യങ്ങൾ എന്റെ കൗമാരകാലങ്ങളിൽ നിന്നും യുവത്വത്തിലേക്കും അവിടുന്നങ്ങോട്ടും  ഉള്ള കുഞ്ഞു കുഞ്ഞു യാത്രയിൽ . എല്ലാം ശേഖരിക്കാൻ ഈ വൈകിയ വേളയിലെങ്കിലും അവസരം ഉണ്ടായല്ലോ !!!

കൗമാരത്തിലേക്കൊരു തിരിഞ്ഞു നോട്ടം
********----********-----*********------*******

തോടും  പാടവും കടന്നു ആ അയ്യപ്പങ്കാവിൽ പോയി നിന്നപ്പോൾ  ഓർമകളുടെ ഒരു തുലാവർഷം  മനസ്സിലേക്ക് ഓടിയെത്തി. കുഞ്ഞുനാളിൽ അമ്മമ്മയുടെ കയ്യും പിടിച്ച് എന്നും വരാറുള്ളതും കൂട്ടത്തിൽ വന്നിരുന്ന പേച്ചിയും പീലിയും  ആമിനയും ഞങ്ങളേം  കാത്തു തോട്ടിൽ കളിച്ചുകൊണ്ടിരുന്നതും, പിച്ചള പാത്രത്തിൽ കൂട്ടുപായസം തേക്കിലയും കൂട്ടി പിടിച്ച് തോട്ടിനരികിലേക് വേഗം നടന്ന് കൂട്ടു കാരികൾക്ക് പായസം വീതിച്ചു കൊടുത്തതും...
എന്താ കുട്ട്യേ നീ ആകെ പകച്ചു നിൽക്കണത് ? വാ നടതുറന്നു. "വല്യമ്മ കുലുക്കി വിളിച്ചപോഴാണ് ഭൂതകാലത്തിൽ നിന്നും മനസ്സ് അടർത്തി എടുത്തത്. മനസ്സ് നിറയെ പ്രാർത്ഥിച്ചു ആ തങ്കവിഗ്രഹം മതിയാവോളം നോക്കി നിന്നു.  കുട്ടിക്കാലത്തെ ഓർമ്മകൾ പിന്നെയും മനസ്സിലേക്ക് പാഞ്ഞു വന്നു. അപ്പോളതാ ഭംഗിയായി ചിരിച്ചു കൊണ്ട് ഒരു വല്ല്യമ്മ അടുത്ത് വന്നു... " മുടിയാകെ നരച്ചുലോ. എന്താ കുട്ടി ഇത് ?, മാലതിടെ മകളല്ലേ ഇപ്പൊ എത്ര കൊല്ലായി ഇങ്ങടോക്കെ വന്നിട്ട്, ഒറ്റക്കെള്ളു ?,.. അങ്ങനെ തുടരെ തുടരെ ചോദ്യങ്ങളുമായി. ആളെ മനസിലായില്ല എന്നാലും അത് പറഞ്ഞാൽ അവർക്ക് സങ്കടാവില്ലേ... ഒരു ചിരിയുമായി അങ്ങനെ നിന്നു. എന്റെ വല്യമ്മക്ക് കാര്യം മനസ്സിലായി. എന്റെ രക്ഷക്കായി എത്തി . "
കുട്ട്യേ നിനക്കു മനസ്സിലായീലെ നമ്മടെ കാരാട്ടെ  ദേവക്യേടത്തി. ചെറിയ കുട്ടി യാവുമ്പോ നിനക്ക് വല്ല്യ ഇഷ്ടായിരുന്നു. ദേവുല്ലമ്മേ എന്നും വിളിച്ചു നീയ് പിന്നാലെ നടകേർന്നു. "അയ്യോ ന്റെ ദേവുല്ലമ്മ..... എന്റെ അമ്മുവേടത്തിടെ അമ്മ... എനിക്ക് സങ്കടോം സന്തോഷോം എല്ലാം കൂടി  വന്നു. എന്റെ നിറഞ്ഞ കണ്ണും ചിരിച്ച മുഖവും വിതുമ്പുന്ന ചുണ്ടും കണ്ടപ്പോൾ ദേവുല്ലമ്മ എന്നെ കെട്ടിപിടിച്ചു. "അമ്മുവേടത്തി ??" ഞാൻ ചോദിച്ചപ്പോ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. "അവള് പോയിട്ട്  ഈ ചിങ്ങം പത്തിന് പതിനഞ്ചു കൊല്ലാവും കുട്ട്യേ. ആദ്യത്തെ പ്രസവായിരുന്നു. കുട്ടീനേം കിട്ടീല. "ഇത്രേം പറഞ്ഞത് കൂടെ ഉണ്ടായിരുന്ന വേറൊരു അമ്മായി ആയിരുന്നു.   കാർത്തു  അമ്മായി.

എന്റെ ചെറുപ്പത്തിലേ കൂട്ടുകാരേം അവരുടെ അമ്മമാരേം കുടുംബത്തിനേം പട്ടണത്തിലെ ജീവിതത്തിനിടയിൽ ഞാൻ മറന്നിരുന്നു എന്ന കാര്യം എന്നെ വല്ലാതെ അലട്ടി.
വർഷങ്ങൾക്കു ശേഷം ജനിച്ചു വളർന്ന ഗ്രാമത്തിലേക്ക് വന്നത് തന്നെ പഴയ ഓർമ്മകൾ അയവിറക്കാനായിരുന്നു. ആരെയും കൂട്ടാതെ ഒറ്റക്ക് പഴയ ആ പാവടക്കാരിയുടെ മനസ്സും കൊണ്ടാണ് വന്നത്. അമ്മമ്മയും അമ്മയും എല്ലാം പോയെങ്കിലും കുട്ടിക്കാലം മുതൽ എന്നെ ഏറ്റവും ലാളിച്ച വല്യമ്മയുടെ പരിഭവവും ഭീഷണിയും സ്നേഹവായ്‌പോടുള്ള ആഗ്രഹവും എല്ലാം കൂടി ആയപ്പോൾ ഇനി വൈകിച്ചുകൂടാ ഈ യാത്ര എന്ന് തോന്നി.

എനിക്കേറെ ഇഷ്ടമുള്ള തനി നാടൻ വിഭവങ്ങളും ഞങ്ങളുടെ കുടുംബത്തിൽ മാത്രം ഉണ്ടാക്കുമായിരുന്ന പലഹാരങ്ങളും  ഉണ്ടാക്കാനായിരുന്നു വല്യമ്മക്ക് തിടുക്കം. ഓര്മവെച്ചനാൾ മുതൽ പോയിരുന്ന അയ്യപ്പൻകാവും   വീട്ടിനു നേരെ മുന്നിലുള്ള തോടും തൊടിയിലുള്ള കിണറും മരങ്ങളും (പ്രത്യേകിച്ച് ആ മഞ്ചാടി മരം)... എല്ലായിടത്തും ഒരു പാവടക്കാരിയുടെ പ്രസരിപ്പോടെ ഉന്മേഷത്തോടെ കാണാനും മനസ്സുകൊണ്ട് ഉൾക്കൊള്ളാനും ആയിരുന്നു എനിക്കാഗ്രഹം. എന്നും രാവിലെ നേരത്തെ ഉണർന്നു അമ്പലത്തിൽ പോവാനും  പഴയ കൂട്ടുകാരെയും  പല പതിറ്റാണ്ടുകളായി കാണാതിരുന്ന ബന്ധുക്കളെയും സന്ദർശിക്കാൻ ഒരു പ്രത്യേക ഉത്സാഹമായിരുന്നു എനിക്ക്. ആ പഴയ വായാടി പെണ്ണ് വല്ലാതെ ഒതുങ്ങി ഒരു ഉത്തരവാദിത്തം ഉള്ള പ്രഗത്ഭയായി എന്ന് വല്യമ്മ കാണുന്നവരോടൊക്കെ പറഞ്ഞു കൊണ്ടിരുന്നു. വല്യമ്മടെ മക്കളും പേരമക്കളും അവരുടെ മക്കളും എല്ലാം കൂടി എനിക്കുമുണ്ട് എന്റെ ഗ്രാമത്തിൽ ഒരു വലിയ കുടുംബം എന്ന് ഞാൻ സന്തോഷിച്ചു..   

പട്ടണത്തിൽ രണ്ടു  മുറികളും  ചെറിയ അടുക്കളയും ഉള്ള ഫ്ലാറ്റിൽ  വര്ഷങ്ങളോളം താമസിച്  മനസ്സും ചിന്താ
ഗതികളും സങ്കുചിതമായ എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഏകദേശം ഒരു മാസം  കഴിഞ്ഞപ്പോൾ നഷ്ടപെട്ടതെല്ലാം തിരുച്ചു പിടിച്ച ഒരു ജേതാവിന്റെ മാനസികാവസ്ഥ ആയിരുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന എന്റെ വീട്ടുകാരെയും നാട്ടുകാരെയും വീണ്ടും എന്നിലേക്ക്‌ തിരിച്ചു പിടിക്കാൻ കഴിഞ്ഞ ചാരിതാർഥ്യവും വീണ്ടും ഒരു കൗമാരം ജീവിച്ചു രസിച്ച സന്തോഷത്തോടും കൂടി ആണ് മടങ്ങിയത്. ഇനിയില്ല ഇത്രയും നീണ്ട കാലം സ്വന്തം മണ്ണിൽ നിന്നും സ്വന്തം ആൾക്കാരിൽ നിന്നും അകന്നിരിക്കൽ.  ഞാൻ വീണ്ടും വൈകാതെ  തന്നെ വരും അയ്യപ്പങ്കാവിൽ കുളിച്ചു തൊഴാനും  ആ തൊടിയിലും തോട്ടിലും ആടി പാടി നടക്കാനും എന്റെ പേരകുട്ടിയെയും കൂട്ടി  വരും. അമ്മമ്മ വളർന്ന,  സന്തോഷത്തോടെ കഴിഞ്ഞ ആ നാട്ടിലും വീട്ടിലും അവളും പാറി  പറന്നു നടക്കട്ടെ.....