Tuesday, April 24, 2018

എന്റെ ദില്ലി.... ഓർമ്മകൾ..

                                   രണ്ട്

ദില്ലി നഗരത്തിലേക്ക് എന്റെ അച്ഛനുമമ്മയും ചേക്കേറാൻ ഉണ്ടായ സാഹചര്യം അറിയണ്ടേ ??
പട്ടാളത്തിലായിരുന്ന  അച്ഛൻ രണ്ടാം  ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ പിരിഞ്ഞു പൊന്നു. പിന്നെ ചെറൂപ്പ, കൊയിലാണ്ടി പന്തലൂർ മുതലായ സ്ഥലങ്ങളിൽ അല്ലറചില്ലറ പണികൾ എടുത്തു അടിച്ചു പൊളിച്ചു നടന്നു. കല്യാണം കഴിഞ്ഞപ്പോൾ ഉത്തരവാദിത്തം  കൂടി. അങ്ങനെ അമ്മയുടെ ജ്യേഷ്ഠന്മാർ ദില്ലിയിൽ ഉള്ളത് കൊണ്ടും ഇന്ത്യൻ എയർലൈൻസിൽ ജോലിസാധ്യത ധാരാളം ഉണ്ടായിരുന്നത് കൊണ്ടും അച്ഛനിങ്ങോട്ട് പൊന്നു. കുറച്ചൊന്നു സ്ഥിരത വന്നപ്പോൾ  ഞങ്ങളും പൊന്നു.
അതിനു ശേഷമാണ് നേരത്തെ പറഞ്ഞ വാടകവീടുകളിലെ താമസവും മറ്റും.
ഉത്തരേന്ത്യൻ അയൽക്കാരിൽ പഞ്ചാബികളായിരുന്നു  അധികം എങ്കിലും കുറെയൊക്കെ ബംഗാളി കളും  ഉണ്ടായിരുന്നു. അങ്ങിനെ ഒരു ബംഗാളി  കുടുംബാവുമായി ഞങ്ങൾ വളരെ അധികം അടുത്തു.   അമ്മമാരുടെ മൈത്രി ആയിരുന്നു അവിടെയും അധികം ശക്തം. അതുകൊണ്ടാവാം  ഞങ്ങൾ മക്കൾ അമ്മയുടെ ബംഗാളി സുഹൃത്തിനെ മാസി  എന്നാണ് വിളിച്ചത് ( ഹിന്ദി / ബംഗാളി  ഭാഷകളിൽ അമ്മയുടെ സഹോദരിയെ വിളിക്കുന്നതാണ്  മാസി എന്ന് ). ആ സ്നേഹബന്ധം കാരണം ഞാൻ ബംഗാളി ഭാഷ സ്വായത്തമാക്കി. അവരുടെയും നമ്മുടെയും ഭക്ഷണരീതിയും മറ്റു ദൈനം ദിനം രീതികളും വളരെ സാമ്യമുള്ളതു കൊണ്ട് ഒരു ഗഹനമായ ആത്മബന്ധം ഇരു  വീട്ടുകാരും തമ്മിൽ  ഉണ്ടായിരുന്നു. ഇന്നും തുടർന്നു പോകുന്നു എന്നിലെ ബംഗാളി ഭാഷ സ്നേഹവും ബംഗാളി മട്ടിലുള്ള രീതികളും മറ്റും.
വിനയനഗർ എന്ന് നേരത്തെ പ്രതിപാദിച്ചിരുന്നല്ലോ.
അത് മെയിൻ  വിനയനഗർ ആയിരുന്നു. ( ഇപ്പോഴത്തെ സരോജിനി nagar). അതിന്റെ മൂന്നു ഭാഗത്തും ഉള്ള സ്ഥലങ്ങളിൽ സൗത്ത് വിനയ നഗർ ( ഇന്നത്തെ നൗറോജി നഗർ ), വെസ്റ്റ് വിനയ നഗർ ( ഇന്നത്തെ നേതാജി  നഗർ ) ഈസ്റ്റ്  വിനയ നഗർ (ഇന്നത്തെ  ലക്ഷ്മി ബായ് നഗർ ) എന്നിടങ്ങളിലെല്ലാം  ഞങ്ങൾ വാടകക്ക് താമസിച്ചു പൊന്നു . ഓരോ സ്ഥലത്തും പല പല സുഹൃത്തുക്കളും  ആജീവനാന്ത മൈത്രികളും ഞങ്ങൾ നേടി.

അതിനിടയിൽ എന്റെ വിദ്യാഭ്യാസത്തെ കുറിച്ചും അച്ഛനും അമ്മയും ആകുലരായി.  വലിയ ഉയർന്ന സ്കൂളുകളിൽ ചേരണമെങ്കിൽ ചിലവ് ഏറും  അച്ഛനെക്കൊണ്ട് അത് ഉൾക്കൊള്ളാൻ ആവില്ല .  അങ്ങനെ വേറെയും മലയാളി കുടുംബങ്ങൾ വിഷമിച്ചിരിക്കയായിരുന്നു  മദർസ്‌ ഇന്റർനാഷണൽ, സർദാർ പട്ടേൽ മുതലായ സ്കൂളുകളിലേക്ക് മെല്ലെ  അന്വേഷണം  തുടങ്ങി.  അതിനിടയിൽ ആണ് ദില്ലി  മലയാളി അസോസിയേഷൻ കേരള സർക്കാരിന്റെ സഹായത്തോടു കൂടി മലയാളി കുട്ടികൾക്കായി ഒരു സ്കൂൾ അന്നത്തെ കൊച്ചിൻ ഹൌസിൽ 1957ലെ വിജയദശമി നാളിൽതുടങ്ങിയത്.    എന്റെയും മറ്റു പലരുടെയും ജീവിതത്തിന്റെ നല്ലൊരു വഴി തിരിവായിരുന്നു അത്.
"മലയാലം അരിയാത്ത " ഒരു കൂട്ടം അല്ലാതെ മലയാളത്തെ സ്നേഹിക്കുന്ന മലയാളം  അറിയുന്ന ഒരു കൂട്ടം അങ്ങിനെ സൃഷ്ടിക്കപ്പെട്ടു. എന്റെ ദില്ലിയിലെ ആ സ്കൂൾ  എന്നിലെ മലയാളിയെ വളർത്തി എടുത്തു. ഇന്ന് എനിക്കും എന്നെ പോലെ  പലർക്കും ഓർക്കാൻ 1957 ഒക്ടോബർ 2. സ്വർണലിപികളിൽ ദില്ലി മലയാളിയുടെ ചരിത്രത്തിൽ എഴുതപ്പെട്ടു.
സ്കൂളിൽ ചേർന്നെങ്കിലും താമസസ്ഥലം തേടിയുള്ള ഞങ്ങളുടെ പ്രയാണം തുടർന്നു കൊണ്ടിരുന്നു.   ബാല്യം അങ്ങിനെ ഒരു വഴിത്തിരിവിലേക്ക് പോയി.  കൗമാരം മറ്റു പലതരത്തിലും ദില്ലിയെ എന്റെ മനസ്സിലും ജീവിതത്തിലും ഇഴുക്കി ചേർത്തു... അതൊരു വേറെ തിരിവ്.....

No comments: