Wednesday, April 25, 2018

സുശാന്തമെൻ ദില്ലി... ഓർമ്മകൾ

                                മൂന്ന്   

കേരളാസ്കൂളിൽ ചേർന്നതും മലയാളം പഠിച്ചതും ഒരു  വഴി തിരിവായിരുന്നെന്ന് പറഞ്ഞല്ലോ.
മലയാള ഭാഷയും മലയാളത്തനിമയുള്ള പല കലാ പരിപാടികളും കാണാനും ഭാഗമാവാനും കഴിഞ്ഞ ഒരു കൗമാരമാണ് ഞങ്ങളിൽ പലർക്കും അവിടെ ലഭിച്ചത്. ഗുരുഗോപിനാഥ്, ഗുരു കേശവൻ നമ്പുതിരി മുതലായ നൃത്താധ്യാപകരും ശ്രീമതി ലീല ഓംചേരിയെ പോലെ ഉള്ള സംഗീതജ്ഞരും ശ്രീ ഓംചേരി എൻ എൻ പിള്ളയെ പോലുള്ള നാടക/ സാഹിത്യ വിചക്ഷണരും അന്നൊക്കെ ഞങ്ങൾക്ക് അടുത്തറിയാനും കൊച്ചു കൊച്ചു പാഠങ്ങൾ അവരിൽ നിന്നെല്ലാം നേടാനും  ഞങ്ങൾക്ക്  ഭാഗ്യമുണ്ടായി. അന്നൊക്കെ പഠിത്തം, കലാകായിക പരിശീലനം, സാഹിത്യം, എല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു.
പെട്ടെന്ന് ഓർമ്മ വന്നു ആദ്യം സ്റ്റേജിൽ കയറിയ ആ അവസരം. അന്ന് ഞാൻ  ആറിലോ ഏഴിലോ ആണ്. ആ വർഷം ആദ്യമായി ഒരു അധ്യാപകൻ സ്കൂളിൽ ചേർന്നു.   അന്ന് വരെ  അധ്യാപികമാരെ മാത്രം കണ്ടിട്ടുള്ള ഞങ്ങൾക്ക്  ആ വരവത്ര  പിടിച്ചില്ല. പേടിയായിരുന്നു വാസ്തവത്തിൽ. എന്നാൽ അദ്ദേഹം വന്ന് പഠിപ്പിക്കാൻ തുടങ്ങിയപ്പോളല്ലേ ആ വാത്സല്യം അറിഞ്ഞത് !! മാത്രമല്ല അദ്ദേഹം ഒരു നല്ല മലയാള ഭാഷ സാഹിത്യകാരനും കാലാഭിരുചി ഉള്ള ആളുമാണെന്ന് മനസ്സിലായി. അങ്ങനെ ഒരു വാര്ഷികാഘോഷത്തിനു ഞങ്ങൾ കുറച്ചു  പേരെ അദ്ദേഹം നാടൻ പാട്ടുകൾക്കായി എടുത്തു .  പാട്ടു പോയിട്ട് അതിന്റെ അയൽവക്കത്തുപോലും പോകാത്ത കുറച്ചു പേര്. വേഷം എല്ലാവരും തനി  നാടൻ  കള്ളിമുണ്ടും കള്ളി ഉടുപ്പും വേണം എന്നും പറഞ്ഞു.  ദില്ലിയിലുണ്ടോ അത് വല്ലതും  കിട്ടുന്നു അന്ന്?  വീട്ടിലെത്തിയപ്പോൾ അച്ഛൻ ചീത്ത പറഞ്ഞു. "വേണ്ടാത്ത ഓരോ കാര്യത്തിനെന്തിനാ  പോയി ചേർന്നത് ഇപ്പൊ ഞാനെവിടുന്നാ  ഇതൊക്കെ ഇണ്ടാക്ക." എന്തായാലും സാമാന്യം തരക്കേടില്ലാത്ത ഒരു പാവാടേം ജാക്കറ്റും മേടിച്ചു തന്നു. സ്കൂളിൽ എത്തിയപ്പോ മാഷ്ക്ക് മുൻപേ അറിഞ്ഞിരുന്ന പോലെ മാഷ്  മൂന്നാല് കള്ളിമുണ്ടുകൾ എവിടെ നിന്നോ സംഘടിപ്പിച്ചിരുന്നു. പിന്നെ എന്താ പ്രശ്നം പാവാടക്ക് മീതെ അതുടുത്തു ധൈര്യമായി ഞാനും എന്നെപ്പോലെ പലരും സ്റ്റെജിൽ കെയറി. " മേക്കു മേക്കാ മാനത്തെ പോക്ക് വെയിലിനു കല്യാണം. മയവില്ലാലൊരു താലിമേണം  മയച്ചെറുക്കന് പെമ്പണം.... "" എന്ന് തുടങ്ങുന്ന പാട്ടും മറ്റു പലതും ഞങ്ങൾ പാടി തകർത്തു.  ഒരിക്കലും മറക്കാനാവില്ലല്ലോ ആ വരികളും ആ പരിപാടിയും ആ മാഷിന്റെ വാത്സല്യംവും.  കൗമാരത്തിന്റെ തുടക്കത്തിൽ അങ്ങിനെ കലാ സാഹിത്യ യാത്രയും തുടങ്ങി.  നാടകാഭിനയം സ്ഥിരമായി എല്ലാ സ്കൂൾ പരിപാടികളിലും.
എട്ടാം ക്ലാസ്സിൽ പുതിയ മലയാളം അദ്ധ്യാപിക വന്നപ്പോൾ മലയാള ഭാഷ പെറ്റമ്മയെപ്പോലെ  ഹൃദ്യ  ആയി.  ആ ടീച്ചർ  എനിക്ക് മറ്റമ്മയും  ആയി.  അങ്ങിനെ എന്റെ രണ്ട് നേട്ടങ്ങൾ എന്റെ കേരളാ സ്കൂളിലെ രണ്ടു അധ്യാപകർ കാരണം.ഉണ്ടായി. കൂട്ടത്തിൽ ഇംഗ്ലീഷ്  ഹിന്ദി രണ്ട് ഭാഷ കളിലും അഗാധ സ്നേഹവും താല്പര്യവും ഉണ്ടാവാൻ അതാതു അധ്യാപകർ കാരണഭൂതരായി.
    അന്നൊക്കെ ദില്ലിയിൽ അധികം മലയാളികൾ ഇല്ലാത്തതു കൊണ്ട് സ്കൂളിൽ കുട്ടികളും കുറവായിരുന്നു.  സ്കൂളിൽ എന്നതിലുപരി ഒരേ കുടുംബത്തിലെ അംഗങ്ങൾ ആയാണ് ഞങ്ങളും അധ്യാപകരും അന്നൊക്കെ കഴിഞ്ഞത്.  ഓരോ കുട്ടിയെ പറ്റിയും അവർക്കറിയാമായിരുന്നു. ഞങ്ങളുടെ രക്ഷിതാക്കളും ആ   അ ധ്യാപകരും തമ്മിലും അന്ന് നല്ല സൗഹൃദമായിരുന്നു

അന്നത്തെ ദില്ലിയിലെ മുഖ്യ വാഹനം കുതിര വണ്ടി ആയിരുന്നു. അല്ലെങ്കിൽ ഫട്ഫ്ടി എന്നു പറയുന്ന ഒരു വലിയ വണ്ടി. സ്കൂളിലേക്ക്‌ കുട്ടികളെ  ടാക്സിയിലാണ് കൊണ്ടു പോയിരുന്നത്. ഓരോ ടാക്സിയിലും ഉള്ളവർ തമ്മിൽ ഉറ്റ  മിത്രങ്ങളായിരുന്നു. .  ഇന്നത്തെ പോലെ  പോരിനും ഈർഷ്യക്കും ഒരു സ്ഥാനവും ഇല്ലാതിരുന്ന  മാതൃക പരമായ വിദ്യാഭ്യാസ രീതി ആയിരുന്നു

പ്രഗത്ഭരായ സാരഥികളായിരുന്നു  സ്കൂളിന്റെ  നടത്തിപ്പും പദ്ധതികളും നോക്കിയിരുന്നത്.
ശ്രീ K RK Menon,  Dr  K N  S നായർ  മുതലായ വരുടെ ആശ്രാന്ത പരിശ്രമം ആയിരുന്നു എന്റെ സ്കൂളിന്റെ വളർച്ചക്ക് കാരണം. താമസിയാതെ സ്കൂളിന് സ്വന്തം സ്ഥലവും മിലിറ്ററി ബാരക്‌സ് ആണെങ്കിലും അടച്ചുറപ്പുള്ള ക്ലാസ്സുകളും  ആയി.  1968 ൽ   ഞങ്ങൾ ആ കൂട്ടു  കുടുംബത്തോട്  യാത്ര  പറയുന്നത് വരെ ഒരു പാട് നേട്ടങ്ങൾ ഞങ്ങൾക്കുണ്ടായി. ഞങ്ങളെന്ന പറക്കമുറ്റാത്ത പറവകൾക്ക് അറിവിന്റെയും  അനുഭവങ്ങളുടെയും ചിറകുകൾ സമ്മാനിച്ച അ വിദ്യാലയം ഓർമ്മകളിൽ എന്നും മാധുര്യം ചാർത്തും. എന്റെ ദില്ലിയിലെ എന്റെ കേരള സ്കൂൾ എന്റെ ജീവിതത്തിൽ മറക്കാനാവാത്ത സൗഹൃദങ്ങളും,  കൂട്ടായ്മകളും,  എന്നെന്നും ഭക്തിയോടെയും  സ്നേഹത്തോടും മാത്രം ഓർക്കുന്ന ഗുരുപരമ്പരയും എല്ലാം  സമ്മാനിച്ചു.   എന്റെ കൗമാരത്തിൽനിന്നെന്നെ  വേറൊരു വഴിത്തിരിവിലേക്ക് യാത്ര ആക്കുമ്പോളും  എന്റെ അന്നത്തെ ദില്ലി എനിക്ക് സുരക്ഷയും തണലും നൽകി കൊണ്ടേ ഇരുന്നു   ഇനി അങ്ങോട്ട്‌ വേറെയും സുന്ദരമായ ഓർമ്മകൾ സ്വരുക്കൂട്ടി വച്ചിരിക്കുന്നു. സാവകാശം  പങ്കിടാം ആ നല്ല ഓർമ്മകളെല്ലാം.......

No comments: