Tuesday, April 24, 2018

ഞാൻ വളർന്ന  എന്റെ സുശാന്തലോകം.. ദില്ലി

                          ഒന്ന്                       

ഇന്ന് നമ്മൾ കാണുന്ന, കേൾക്കുന്ന ആഡംബര നഗരമല്ല 1950കളിലെ  ദില്ലി. ഒരു കൈ ക്കുഞ്ഞായിരിക്കുമ്പോൾ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നതായിരുന്ന അമ്മ . അച്ഛൻ ആദ്യമേ ഇവിടെ ഉദ്യോഗസ്ഥനായിരുന്നു. അന്ന് മുതൽ ദില്ലി എന്നെയും ഞാൻ ദില്ലിയെയും സ്വന്തമാക്കി. എന്റെ ഓർമകളിലെ,  ഞാനും എന്റെ സഹോദരരും  സന്തോഷത്തോടെ, സുരക്ഷിതത്വത്തോടെ വളർന്ന ആ ദില്ലിയാണ് എന്റെ ദില്ലി.
അന്നിവിടെ മലയാളികൾ വളരെ കുറവായിരുന്നു. മദ്രാസി  എന്ന ഓമനപ്പേരിലാണ് തെന്നിന്ത്യക്കാരെ മുഴുവനും അന്ന് വിളിച്ചിരുന്നത്. കളങ്കമില്ലാത്ത സത്യസന്ധരായ മദ്രാസികൾക്ക് വീട് വാടകക്ക് കൊടുക്കാനോ  മാസചിലവിനുള്ള പലവ്യഞ്ജനങ്ങൾ കടമായി കൊടുക്കാനോ  ഈ നാട്ടുകാർക്ക് ഒട്ടും മടിയോ സംശയമോ ഇല്ലായിരുന്നു.
അന്ന് ഞങ്ങൾ ആദ്യമായി ഒരു ഗഡ്‌വാളി കുടുംബത്തിന്റെയും കൂടെ ഒരുമുറിയിൽ ആണ് താമസിച്ചത് . Mr  ഭട്ട്  എന്നൊരാൾടെ സർക്കാർ ക്വർട്ടേഴ്സിൽ അദ്ദേഹത്തിന്റെ കൊച്ചു കുടുംബത്തോടൊപ്പം. പാചകവും ഊണും ഉറക്കവും എല്ലാം ഒരു മുറിയിൽ.  അടുക്കള വീട്ടുടമസ്ഥർ ഉപയോഗിക്കുമായിരുന്നു. വളർന്നത് ഞാൻ അവരുടെ മകൾ ലീലയോടൊപ്പം. എന്റെ അമ്മ ഉണ്ടാക്കുന്ന ചോറും സാമ്പാറും അവൾക്കേറെ പ്രിയമായിരുന്നു. അവർ ഉണ്ടാക്കുന്ന ചപ്പാത്തിയും കൂട്ടാനും എനിക്കും ഇഷ്ടം . അങ്ങനെ ഏകദേശം മൂന്നു  വർഷത്തോളം ഞങ്ങൾ അവിടെ താമസിച്ചു. അമ്മ കുറേശ്ശേ ഹിന്ദിയും പഠിച്ചു. കൂട്ടത്തിൽ ഞാനും ഹിന്ദിയും  മലയാളവും കൂട്ടി കലർത്തി സംസാരിക്കാൻ തുടങ്ങി. 
അന്ന്  വിനയനഗർ ആയിരുന്നു മുഖ്യമായും മലയാളി കുടുംബങ്ങൾ താമസിച്ചിരുന്നത്. അതിൽ വളരെ കുറച്ചു പേര് മാത്രം  സ്വന്തം ക്വാർട്ടേഴ്സിൽ. ബാക്കി എല്ലാം വാടകക്ക്. ഉയർന്ന ശമ്പളക്കാർ  രണ്ടു മുറികൾ ഉള്ള മുഴുവൻ വീടും വാടകയ്ക്കു താമസിച്ചിരുന്നു. അവരൊക്കെ ഞങ്ങളെക്കാൾ എത്രയോ മുൻപ് കേരളത്തിൽ നിന്നും ചേക്കേറിയവർ. അച്ഛന്റെ കൂടെ  ഇന്ത്യൻ എയർലൈൻസിൽ ജോലി ചെയ്തിരുന്ന ചുരുക്കം ചില  മലയാളികൾ  ഉണ്ടായിരുന്നു. വല്ലപ്പോഴും അവർ ഞങ്ങളുടെ വീട്ടിലേക്കോ ഞങ്ങൾ  അങ്ങോട്ടോ  പോകുമ്പോൾ മാത്രമായിരുന്നു അന്നൊക്കെ ഒരു  മലയാളി പരിവേഷം കണ്ടിരുന്നത്
ഭട്ട് കുടുംബത്തിനു ശേഷം ഞങ്ങൾ രണ്ടു പഞ്ചാബി കുടുംബങ്ങളുടെ കൂടെയും വാടകക്ക് താമസിച്ചിരുന്നു. ഈ മൂന്നു കുടുംബങ്ങളും മറ്റു അയൽവാസികളായ ഉത്തരേന്ത്യൻ കുടുംബങ്ങളും എന്റെ അമ്മയെ വളരെ ഏറെ സ്നേഹത്തോടും സ്വത്വത്തോടും ആണ് കരുതിയിരുന്നത്. അത് വഴി ഞങ്ങൾക്ക്  ഒരുപാട് സൗഹൃദങ്ങൾ അന്ന് നേടാൻ കഴിഞ്ഞു. ഏകദേശം 36ക്വാർട്ടേഴ്‌സ് ( രണ്ടു നിലകളിലായി )ഒരു പച്ചപ്പുൽ മൈതാനത്തിന് ചുറ്റുമായി പണിതതായിരുന്നു. സ്‌ക്വയർ എന്നാണ് അതിനെ പറഞ്ഞിരുന്നത്. ഓരോ സ്‌ക്വയറിലെ താമസിക്കുന്നവരും  ഒരു വലിയ തറവാട് പോലെ സുഖവും ദുഖവും പങ്കിട്ടു.  കുട്ടികൾ ഭേദമെന്യേ എല്ലാ അമ്മമാരുടെയും  ലാളനയിലും ശാസനയിലും ആയിരുന്നു വളർന്നത്    എല്ലാ ആഘോഷങ്ങളും ജാതിമത ഭാഷ കൾക്കതീതമായി കൊണ്ടാടിയിരുന്നു .  അന്ന് മിനഞ്ഞെടുത്ത സൗഹൃദങ്ങൾ  ആത്മ ബന്ധങ്ങളായി വളർന്നു. ഇന്നും ഞങ്ങൾ പലരും ( അന്നത്തെ കുട്ടികൾ )  ആ ബന്ധവും സ്നേഹവും തുടരുന്നു. എന്റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത,  സ്നേഹവും ഒത്തൊരുമയും  പരസ്പര വിശ്വാസവും നിറഞ്ഞ സുവർണ്ണ കാലം.. ആ കാലത്തെ മധുരസ്‌മൃതികൾ   അന്നത്തെ ദില്ലിയെ കുറിച്ചുള്ള തേനൂറും  ഓർമ്മകൾ ഇനിയുമുണ്ട് ഏറെ. കുറേശ്ശേ ആയി പങ്കിടാം ഞാൻ ....

No comments: