Saturday, June 9, 2018

അഭയം തരൂ അമ്മേ

എന്തേ നീ വന്നില്ല എന്തിനീ നീരസം ദേവീ
എന്തേ നീ കണ്ടില്ല അഭയം തേടുമീ മാനസം
എന്തിനെൻ  കാത്തിരിപ്പെന്നറിയാതെപ്പോഴും
സന്തതം കേഴുന്നു മന്മനമറിവതില്ലേ അമ്മേ

ചന്തമേറും നിൻ പൂവുടൽ കാണ്മാനും ദേവീ
ഹന്ത ചാരുതയേറും തവ  തൃക്കണ്ണടിയനെ
സന്തതം പാർത്തിട്ടാശിസ്സേകാനും അമ്മേ
ഭ്രാന്തമെൻ ചിത്തത്തിനാഗ്രഹമുണ്ടേറെയിന്ന്

വെന്തുരുകുമീ മാനസത്തിനഭയം നീ മാത്രം
എന്തേ ഭഗവതീ നീ അറിയുന്നതില്ല തെല്ലും
എന്തു ഞാൻ ചൊല്ലേണ്ടു എന്തിനിചെയ്യേണ്ടു നിന്തിരുവടിയെനിക്കഭയം നല്കാനായ ദേവി

Monday, June 4, 2018

ഒരു പെരുമഴക്കാലം

മുനിഞ്ഞു കത്തുന്ന മുടുക വിളക്കിന്റെ നേരിയ വെളിച്ചത്തിൽ അവൾ തനിച്ച്  മുറ്റത്തേക്ക് കണ്ണും നട്ടിരുന്നു. അവിടവിടെ മിന്നി തെളിഞ്ഞ മിന്നാമിനുങ്ങുകൾ അവൾക്കു കൂട്ടായി.  ഇന്നിനി ഏതായാലും കറന്റ്‌ വരില്ല. ഈ നാട്ടിന്പുറത്തു അങ്ങനെ ആണലോ. ദൂരെ നിന്നെങ്ങാനും ചൂട്ടിന്റെ വെളിച്ചം കാണാനുണ്ടോ?  കുഞ്ഞുണ്ണിടെ ഷാപ്പിൽ നിന്ന് ഇറങ്ങി വരുന്നവരുടെ ഒച്ചയും പാട്ടും ഇടക്കിടക്ക് കേൾക്കാം. നേരം ഇരുട്ടി. കലത്തിലെ കഞ്ഞി ചൂടാറുലോ കാവിലമ്മേ. എപ്പളാ ഇനി കുട്ടേട്ടൻ വരാ  ആവോ. ഉമ്മറത്തിരുന്നാൽ പാടം കഴിഞ്ഞ റോഡിൽ കൂടി ബസ്‌ പോണത് കാണാം. എട്ടരടെ മയിൽവാഹനം വരാറായി. മഞ്ചേരിന്നു  കുട്ടേട്ടൻ പീടിക പൂട്ടി ഇറങ്ങുമ്പോളെക്കും നേരം കൊറേ ആവും. പിന്നെ ഈ മയിൽവാഹനം മാത്രേ ഉള്ളു രക്ഷ. അതിൽ വന്നൂച്ചാൽ നന്നായി. ഇല്ലാച്ചാൽ വല്ല ലോറി കാരടേം സഹായം വേണം. എത്ര കാലായി ഇങ്ങനെ കഷ്ട പ്പെടുന്നു.

 അച്ഛനുമമ്മക്കും ഒറ്റകുട്ടിയാണ് കുട്ടേട്ടൻ. പത്താംതരം വരെ കഷ്ടപ്പെട്ടാണ് അച്ഛൻ പഠിപ്പിച്ചത്. മകൻ ഒന്നാം ക്ലാസ്സിൽ ജയിക്കും എന്നുറപ്പായിരുന്നു. ടൈപ്പ് കൂടി പഠിച്ചാൽ ഒരു സർക്കാർ ഉദ്യോഗം കിട്ടും. പിന്നെ ഒന്ന് സമാധാനായി ശ്വാസം വിടാലോ എന്ന് കുട്ടേട്ടന്റെ അമ്മ അവരുടെ അടുത്ത സ്നേഹിത ആയിരുന്ന എന്റെ അമ്മോട് എപ്പളും പറയുർന്നു.
ആ സ്നേഹിതകൾ തമ്മിൽ പറഞ്ഞുറപ്പിച്ചതാണല്ലോ ഞങ്ങൾടെ കല്യാണവും.

എന്തിനേറെ കുട്ടേട്ടൻ പത്താംതരം ഒന്നാംക്ലാസ്സിൽ തന്നേ ജയിച്ചു. കൂട്ടുകാരൊത്തു കറങ്ങി മലപ്പുറത്തൊക്കെ പോയി  വൈകുന്നേരായി വീട്ടിൽ എത്താൻ.  ഇടീം മഴേം വരും എന്നപേടിയിൽ ഇരുട്ടാവുന്നതിനു മുന്നേ വീട്ടിലേക്ക് പൊന്നു.  ഞങ്ങൾടെ ഗ്രാമത്തിൽ അപ്പോഴേക്കും ഇടിയും മിന്നലും  തകർക്കാൻ തുടങ്ങിയിരുന്നു. നാൽക്കാലികളെ തൊഴുത്തിലാക്കാനും കോഴികളെ കൂട്ടിലടക്കാനും എല്ലാരും തിരക്കിട്ടു ഓടി നടക്കാൻ തുടങ്ങി. പെട്ടെന്നതാ ഒരു തകർപ്പൻ ഇടി മിന്നൽ ഊക്കിൽ വന്നു കുട്ടേട്ടന്റെ അച്ഛനേം അമ്മയേം ഒറ്റ അടി.  ഒരു നിമിഷത്തിൽ എല്ലാം കഴിഞ്ഞു.... ഒപ്പം കുട്ടേട്ടൻ അമ്മേ എന്നും വിളിച്ചു പടി  കടന്നു വന്നു. അടുത്ത ക്ഷണം ഇടി വെട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചു. അച്ഛാ  അമ്മേ എന്ന്. നോക്കി നിന്ന ഞങ്ങൾ ആകേ തരിച്ചു പോയി. എന്തു ചെയ്യണം എന്നറിയാതെ.. ഒരു ഇടീം മിന്നലും അങ്ങനെ കുട്ടേട്ടനെ അനാഥനാക്കി. ആ അലർച്ചയോടു കൂടി വീണ കുട്ടേട്ടൻ പിറ്റേന്ന് രാവിലെ ആണ് കണ്ണു തുറന്നത്. അവിടെ ഉള്ളവരെല്ലാം കോരിച്ചൊരിയുന്ന മഴയിൽ ആകേ വിഷമിച്ചു നേരം പുലർത്തി.   കുട്ടേട്ടന്റെ അച്ഛനേം അമ്മയെയും ആരെല്ലാമോ എടുത്തു അകത്തു കിടത്തി. അന്ന് ഞങ്ങളാരും ഒന്നും കഴിച്ചില്ല ഉറങ്ങിയില്ല. പുലർച്ചെ മഴ തോർന്നപ്പോളാണ് എന്തു വേണം ഇനി എന്ന് എല്ലാരും അന്യോന്യം ചോദിക്കാൻ തുടങ്ങീത്.
ആ മഴക്കാലം എല്ലാവരുടെയും മനസ്സിലും വീടുകളിലും സങ്കടത്തിന്റെ ഇരുട്ട് മൂടിയിരുന്നു.
    ഭൂമി അതിന്റെ അച്ചുതണ്ടിൽ അങ്ങനെ കറങ്ങി കൊണ്ടിരുന്നു. എല്ലാരും കൂടി സ്നേഹിച്ചും നിർബന്ധിച്ചും   കുട്ടേട്ടൻ ഒരു വിധം ശരി ആയി തുടങ്ങി. ടൈപ്പു പഠിച്ചു, പക്ഷെ സർക്കാർ ഉദ്യോഗം ഒന്നും തരായീല. ഞങ്ങൾടെ കല്യാണം കഴിഞ്ഞ്. ഞാൻ അങ്ങേ വീട്ടിൽ  നിന്ന് ഇങ്ങേ  വീട്ടിലേക്കു പൊന്നു. കുട്ടേട്ടന്റെ മാഷ്മാര് ഉത്സാഹിച്ചാണ് മഞ്ചേരിയിൽ  ജോലി ശരി ആയത്.

കാത്തിരുന്നു മുഷിഞ്ഞു അല്ലേ എന്ന് കുട്ടേട്ടന്റെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ ഞെട്ടി  പഴയ കാലത്തു നിന്ന് തിരിച്ചു പോന്നത്.
"ഇന്നെന്തേ മയിൽ വാഹനം വന്നില്ലേ??" "ഇല്ല്യാ ലോറി ക്കാര് കൊ ണ്ടു വന്നാക്കി. വിശന്നിട്ട് വയ്യ. വേഗം മേൽക്കഴുകി വരാം "എന്ന് പറഞ്ഞു പോയി.
സമ്മന്തീം കൊണ്ടാട്ടം വറത്തതും കൂട്ടി കുശാലായി കഞ്ഞി  കുടിച്ചു മൂപ്പരൊറങ്ങി. ഞാനങ്ങനെ കെടന്നു ഓരോന്ന് ഓർത്തുകൊണ്ട്. അപ്പൊ അതാ അടിവയറ്റിൽ നിന്ന് ഒരു ഇളക്കം. ആഹാ ചവിട്ടാൻ തൊടങ്ങിയോ 
ഇത്ര വേഗം???  ആറു മാസം കഴിഞ്ഞുലോ അല്ലേ.. ഈ കുട്ടേട്ടൻ എന്തേ ഇത്ര നേരത്തെ ഒറങ്ങീത്. ഒന്നു കാണിച്ചു കൊടുക്കായിരുന്നു  ഈ ഇളക്കം.  ഇനി ഇപ്പൊ രാവിലെ ആവണ്ടേ.. പാവം വല്ലാണ്ടെ ക്ഷീണിച്ചോറങ്ങീതാ. മണിക്ക് 11 കഴിഞ്ഞു. ഇനി  ഉറങ്ങാം. കുട്ടേട്ടന് നാളെ പോണ്ടതല്ലേ. രാവിലെ പണീണ്ടല്ലോ....

രാവിലെ കുട്ടേട്ടന്റെ ഒരു സന്തോഷം !! ഒരു നൂറു കൂട്ടം നിബന്ധനകളും കോണ്ടു വന്നു. നീ നിന്റെ വീട്ടിൽ പൊയ്ക്കോ. ഒറ്റക്ക് ഇതിങ്ങനെ ഇവടെ നിക്കണ്ടേ ഞാനച്ചാൽ ചെലപ്പോ രാത്രി ആവും വരാൻ. കുട്ടി ഇളകാനും ചവിട്ടാനും തു ടങ്ങി. ഇനി സൂക്ഷിക്കണ്ടേ. ഒരു പത്തു പെണ്ണുങ്ങളെ പ്രസവിപ്പിച്ച വയറ്റാട്ടിടെ പോലെ തുടങ്ങി ഓരോന്ന് പറയാൻ.  എനിക്ക് ചിരി വന്നിട്ടും വയ്യ. "കുട്ടേട്ടാ  ഏതായാലും  എട്ട് പിറന്നാൽ ഞാൻ  അമ്മടെ അടുത്തു പൂവ്വില്ലേ അത് വരെ ഞാൻ ഇവടെ ഒരു കൊഴപ്പോം ഇല്ലാതെ നിന്നോളം." എന്ന് ഞാൻ വാശി പിടിച്ചപ്പോൾ "എന്നാൽ വൈകുന്നേരം ആയാൽ  ആരെങ്കിലും ഇവിടെ വന്നിരിക്കാൻ ഏർപ്പാടാക്കം. അല്ലെങ്കിലേ   മഴക്കാലം വരാറായാൽ എന്റെ മനസ്സിൽ ഒരു  വല്ലാത്ത പരിഭ്രമാണ്  എന്ന് നിനക്കറിയാലോ.
ഒരു മഴക്കാലം തന്ന നഷ്ടത്തിൽ നിന്ന് കൊറച്ചെങ്കിലും കരകയറീത് നീ വന്നേ പിന്നെ ആണ്."

ശരി ആണ് അന്നത്തെ മഴേം കോളും കുട്ടേട്ടനെ അത്ര അധികം ബാധിച്ചിരുന്നു
ഞങ്ങൾടെ കല്യാണം കഴിഞ്ഞിട്ടാണ്  ആദ്യായി മഴ പെയ്യുമ്പോൾ ഉമ്മറത്തിരുന്നത്. അല്ലെങ്കിൽ മഴക്കാലത്തു എവടേം പോവാതെ അധികം സമയവും തട്ടിന്പുറത്തെ വായനമുറിയിൽ കെയറി ഇരിക്കലായിരുന്നു.  നീ കൂടെ ഇണ്ടെങ്കിൽ എനിക്കൊരു ധൈര്യം ആണെന്ന് പറയും.  വെറുതെ  "എന്തിനാ വേവലാതി പ്പെടണത് ആവോ. ഒരു പ്രാവശ്യം അപകടം  പറ്റീന്ന് വെച്ചിട്ട് മഴ അപകടത്തിന്റെ കാലാണ് എന്നങ്ട് മനസ്സിൽ ഒറപ്പിച്ചിരിക്യാ. ഒന്നും  സംഭവിക്കില്ല.  നോക്കിക്കോളൂ കുട്ടേട്ടന്റെ മനസ്സീന്ന് ഈ പേടി ഒക്കെ തന്നത്താൻ മാറും." എന്നൊക്കെ  പറഞ്ഞു  സമാധാനിപ്പിച്ചു പറഞ്ഞയച്ചു.
 ഉച്ചയായപ്പോൾ ആകാശം ആകെ ഇരുണ്ടു വന്നു. പെട്ടെന്ന് പ്രതീക്ഷിക്കാതെ മഴടെ വരവ് എന്തോ അറിയില്ല മനസ്സിനെ ആകെ പേടിപ്പിച്ചു. മഴയെ  കുറിച്ചു ഇന്ന് രാവിലെ കുട്ടേട്ടൻ പരിഭ്രമം പറഞ്ഞെ ഉള്ളു..  ഈശ്വര കുട്ടേട്ടൻ എത്താൻ ഇനീം കുറെ  കഴിയണം. മഴ പെയ്യാൻ തുടങ്ങിയാൽ നിക്കില്ല.മനസ്സിൽ വേണ്ടാത്ത വിചാരങ്ങൾ തുടങ്ങി. ഇടി മുരളാൻ തുടങ്ങുമ്പോൾ എന്റെ വയറ്റിൽ  മുരളിച്ച തുടങ്ങി. എന്താ ഈ കുട്ടേട്ടൻ വരാത്തത്.....

ജലജേ മോളെ എന്നും പറഞ്ഞു ജലജേടെ അമമ  വന്നപ്പോൾ അവളെ ഉമ്മറത്തൊന്നും  കണ്ടില്ല. ഈ പെണ്ണെവിടെ പോയി.. മോളെന്നു ഉറക്കെ വിളിച്ചു.  ഈ മഴയത്തു ഈ കുട്ടി എവടെ പോയി എന്റീശ്വരാ.. അമ്മ ആകെ വിറക്കാൻ തുടങ്ങി. എല്ലാടത്തും തിരഞ്ഞു.ജലജേന്നുള്ള ഉറക്കെ വിളി കേട്ട് അടുത്തുള്ള വേറേം ആൾക്കാർ വന്നു .  എല്ലാരും തിരയാൻ തുടങ്ങി. അപ്പോഴേക്കും കുട്ടൻ എത്തി.   മഴ ആയതൊണ്ടു  വേഗം പൊന്നു എന്നും പറഞ്ഞ്. ജലജേ കാണാതായപ്പോ അവനും പേടിച്ചു. എല്ലാരും കൂടി അന്വേഷിച്ചപ്പോ അവൾ കോഴിക്കൂടിന്റെ അടുത്തു ചുരുണ്ടു കൂടി ഇരിക്കുന്നു. മഴേം  ഇടീം കണ്ടപ്പോ ഞാൻ ഇവടെ അച്ഛനും അമ്മേം അവസാനം നിന്ന സ്ഥലത്തു വന്നു. എന്റെ വയറു വേദനിക്കാൻ തുടങ്ങി പേടിച്ചിട്ടു. അച്ഛാ അമ്മേ ഒന്നും സംഭവിക്കാൻ നിങ്ങൾ സമ്മതിക്കരുതേ എന്റെ കുട്ടേട്ടന്റെ മനസ്സിലെ പേടി മാറ്റാൻ എന്ന് പറഞ്ഞുകൊണ്ടിരുന്നു.  എന്ന് ജലജ പിറുപിറുത്തു അവളുടെ സാരിയിൽ ഒരു തുള്ളി രക്തം കണ്ടു .  എല്ലാരും പേടിച്ചു .  ഉടനെ അവളെ ഡോക്ടറിന്റെ അടുത്തെത്തിച്ചു.. ഡോക്ടർ നോക്കി പരിശോധിച്ച്. അവൾക്കൊരു ഇൻജെക്ഷൻ കൊടുത്തു .അവളുടെ അമ്മയോടും അവളോടും നിർദേശങ്ങൾ കൊടുത്തു വീട്ടിലേക്കയച്ചു.

 ഇതിനിടയിൽ  കുട്ടൻ ആകെ തളർന്നു .  ന്റെ കുട്ടി പോയി എന്നും പറഞ്ഞ്  കരയാൻതുടങ്ങി   ഈ മഴ എന്നെ എന്തിനാ ഇങ്ങനെ..... ഓരോന്ന് പറഞ്ഞവൻ കരയുമ്പോൾ. ജലജ തിരിച്ചെത്തി. കൂടെ ബാക്കി ഉള്ളവരും.   കുട്ടേട്ടൻ എന്തിനാ ഇങ്ങനെ പേടിക്കണത് ഒന്നും വരില്ല ഒക്കെ ശര്യാവും   മഴ അനുഗ്രഹാണ് കുട്ടേട്ടാ  മഴ ഇല്ലെങ്കിൽ  നമുക്ക് ജീവിക്കാൻ പറ്റുമോ. വെള്ളം കിട്ടാതെ വരണ്ടു പോവില്ലേ എല്ലാം. ഇതിപ്പോ പെട്ടെന്നൊരു പരിഭ്രമം കാരണം ഉണ്ടായതാണ് ഡോക്ടർ പറഞ്ഞു .  ഒന്നും ഇല്ല്യാ. നമ്മുടെ കുട്ടിക്കൊരു കൊഴപ്പോം  ഇല്ല്യാ  എനിക്കും ഒരു പ്രശ്നോം ല്ല്യ  കൊറച്ച് ദിവസം പൂർണ വിശ്രമം മതീന്ന് ഡോക്ടർ പറഞ്ഞു.  കുട്ടേട്ടന്റെ അച്ഛനും അമ്മേം മോളിൽ ഇരുന്നു നമ്മളെ അനുഗ്രഹിക്കയുന്നുണ്ട്. ഞാൻ വല്ലാതെ ഒന്നു പരിഭ്രമിചൂന്നു  ശരിയാ . പക്ഷെ ആ കോഴികൂടിന്റെ അടുത്ത്  എത്തിയപ്പോൾ എന്റെ പരിഭ്രമം പോയി. എന്തോ ഒരു പ്രത്യേക ആശ്വാസം  അമ്മേം നിങ്ങളൊക്കേം വന്നത്  ഞാൻ അറിഞ്ഞേ ഇല്ല്യാ  കുറച്ചു തുള്ളി രക്തം പോയത് ആ പെട്ടെന്നുള്ള പരിഭ്രമം കൊണ്ടാണ് കുട്ടേട്ടാ . ഇതിനു ത്രേട്ടൻഡ് അബോർഷൻ (ഗർഭഛിദ്ര ഭീഷണി ) എന്നാണതെ ഡോക്ടർമാർ പറയാ .  വിശ്രമിച്ചാൽ മാറാനേ  ഉള്ളു.
എല്ലാം കേട്ടപ്പോൾ ൽ കുട്ടൻ ഒരു ജാള്യതകലർന്ന ചിരിയോടെ   അവളുടെ കൈയിൽ പിടിച്ചു നീയാണെന്റെ ധൈര്യം  ഇനി എനിക്ക് മഴയെ പേടി ഇല്ല.   നീ  പറഞ്ഞത് പോലെ മഴ  അനുഗ്രഹം ആണ് . ഇനി ഞാനും നിന്നോടൊപ്പം മഴയെ സ്നേഹിക്കേ ഉള്ളു......... അത് കേട്ടിട്ടോ എന്തോ മഴ പെട്ടെന്ന് ശാന്തമായി പെയ്യാൻ തുടങ്ങി.. ഒരു തണുത്ത കാറ്റ്‌ വീശി.. ആ കാറ്റിന് അമ്മടെ മനം ഉണ്ടെന്നു തോന്നി അയാൾക്ക്‌...
എന്റെ സ്വപ്നങ്ങളെല്ലാം ഞാനൊന്നൊന്നായി സംഭരിച്ചെൻ  കീശയിൽ വച്ചു
ഒരിത്തിരി സമയം കിട്ടുമ്പോളവയെ  എടുത്തൊന്നു പുന്നാരിക്കാമല്ലോ

കീശയിലെ നൂലിഴകൾ ദ്രവിച്ചിടുന്നു ; എൻ സ്വപ്നങ്ങളുമിന്ന്  മങ്ങിടുന്നു
ആവതില്ലെനിക്കിനി കീശ തുന്നികെട്ടാനും
വേറെ സ്വപ്‌നങ്ങൾ നെയ്യാനുമെന്നോർത്തു ഞാൻ 

പണ്ട് ഞാൻ കൂട്ടി വെച്ചൊരാ സ്വപ്നങ്ങളെടുത്തു
താലോലിക്കാമേന്നാശിച്ചു ഞാൻ
അയ്യോ കാണ്മതില്ലയൊരൊറ്റ സ്വപ്നം പോലും.
എങ്ങുപോയവ എന്ന് ഞാൻ കേഴവേ.....

 മാറ്റി നിർത്തിയോരെൻ ഉള്ളിലെ എന്നെ യൊന്നുകാണാൻ വെമ്പി ഞാനെങ്കിലും..
 അറിവതില്ല ഞാൻ കണ്ണാടിയിൽ കാണുമീ
നരച്ചമുടിയിഴകളും വരണ്ടൊരു രൂപവും....

 ഞാനുമെൻ സ്വപ്നങ്ങളും എങ്ങോ പോയി മറഞ്ഞെന്നറിവൂ ഇന്നു ഞാൻ ഖേദത്തോടെ...





Monday, May 21, 2018

ഒൻപതു കോണുകളുള്ള തടാകം.. നൗകുച്ചിയതാൾ

Dejavu..   അതേ എവിടെയോ കണ്ട്‌ മറന്നത്.. അതായിരുന്നു ആ സുന്ദരമായ, ഹിമവൽ സാനുക്കളിൽ ഒളിച്ചിരിക്കുന്ന  തടാകതീരത്തുള്ള കൊച്ചു ഗ്രാമത്തിൽ എത്തിയപ്പോൾ ഞാൻ ഉറക്കെ പറഞ്ഞു പോയത്...

അന്നൊരു അസഹ്യമായ ഉഷ്ണത്തിന്റെ വറവിൽ,  ഭ്രാന്ത് പിടിച്ചു പോകുന്ന വെയിലിന്റെ അരോചകമായ ചൂടിൽ ഞാൻ  വലയുമ്പോൾ... "വല്ല  ഹരിദ്വാറിലോ ഋഷികേശത്തോ പോയി കുറച്ചു ദിവസം ഭജന ഇരിക്ക്യായിരുന്നു . വയ്യ എനിക്കീ ചൂട് സഹിക്കാൻ" എന്ന് ഞാൻ എന്റെ അസഹ്യതയും വേവലും പുഴുങ്ങലും  എല്ലാം കൂടി ചേർത്തു പിറുപിറുത്തു.. കേട്ടു കൊണ്ടു വന്ന മോൻ.... "അമ്മ ഭജന ഇരിക്ക്യോന്നും വേണ്ട. കുറച്ചു ദിവസം അച്ഛനും അമ്മേം കൂടെ  ഒന്ന്  ഈ ചൂടിൽ നിന്ന് രക്ഷപെട്ട് ഒന്ന് സുഖിക്കു. ഞാനൊന്നു നോക്കട്ടെ നമുക്കെന്താ ചെയ്യാൻ പറ്റാ എന്ന് "
ഞാൻ ആ ചൂടിൽ പറഞ്ഞു .  അത് മറക്കേം ചെയ്തു.
മൂന്നാല് ദിവസം കഴിഞ്ഞപ്പോ മോൻ അതാ ശതാബ്ദി ട്രെയിനിൽ  കാഠഗൊധം  എന്ന സ്ഥലത്തേക്ക്  രണ്ട് ടിക്കറ്റും ഒരു 'ഹോം സ്റ്റേ ' ക്കുള്ള ബുക്കിങ്ങും കോണ്ട്  വന്നു.
യാദൃശ്ചികമായി വർഷങ്ങൾക്കു മുൻപേ ഞാൻ ഹോം  സ്റ്റേ  എന്നതിനെ പറ്റി പ്രകീർത്തിക്കുന്നത് അവൻ ഓർത്തു വച്ചിരുന്നു
ഏതായാലും ഉടനെ തുടങ്ങി ഒരുക്കങ്ങൾ. "കാഠഗൊധം എന്ന സ്റ്റേഷനിൽ ഇറങ്ങിയാൽ അവിടെ കാറും  കൊണ്ട് ആൾ വരും നിങ്ങളെ നൗകുച്ചിയ താൾ വരെ എത്തിക്കും.   അവിടെ ഹോം സ്റ്റേ  ക്കാർ നിങ്ങളുടെ താമസ സൗകര്യങ്ങളും  മറ്റും നോക്കിക്കോളും " മോൻ തന്ന നിർദ്ദേശങ്ങൾ  കേട്ട് ഞങ്ങൾ പുറപ്പെട്ടു

പ്രകൃതി രമണീയമായ ആ സ്ഥലത്തെത്തിയപ്പോഴാണ്  ഞാൻ അറിയാതെ Deja  Vu  എന്ന് പറഞ്ഞത്... കാരണം ആ രമണീയതക്കിടയിൽ ഒരു കൊച്ചു ഹോം സ്റ്റേ യുടെ പേരും അത് തന്നേ.  Dejavu....
നൗകുച്ചിയതാൾ  അല്ലെങ്കിൽ ഒൻപതു കോണുകളുള്ള തടാകം മഞ്ഞുമലകളും പർവതീയ സസ്യങ്ങളും  പൂക്കളും സ്വച്ഛമായ വായുവും  എല്ലാ  മുള്ള ഒരു കോച്ച സ്ഥലമാണ്
മലമ്പ്രദേശങ്ങൾ പലതും ഞങ്ങൾ സഞ്ചരിച്ചുട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ഭിന്നമായ രമണീയത മാത്രമല്ല നേരത്തെ പറഞ്ഞതുപോലെ ഒരു ദേജാവു അനുഭവം......ഒരു സുപരിചിതത്വം . അതാദ്യമായായിരുന്നു.

കോട്ടക്കൽ എന്റെ അച്ഛൻവീട്ടിൽ ഒരു വലിയ കുളവും അതിനു ചുറ്റും പല മരങ്ങളും  ചുമന്ന ചരൽ കലർന്ന മണ്ണിൽ അനേകം പൂക്കളുള്ള നല്ലൊരു പൂന്തോട്ടവും  ഉണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ അവിടെ  വൈദ്യുതി ഇല്ലാത്തതു കൊണ്ട് ഒരു ഇരുണ്ട സന്ധ്യയും മിന്നാമിനുങ്ങുകളും തവളകളുടെ  ശബ്ദവും ഒക്കെ ഉണ്ടായിരുന്നു. ഈ നൗകുച്ചിയ താൾ എത്തി ആ ഹോം സ്റ്റേ പരിസരത്തെത്തിയപ്പോൾ എനിക്ക് ഒരു സുപരിചിതത്വം തോന്നിയത് എന്റെ കുട്ടിക്കാലത്തെ ആ വീടും പരിസരവും ഓർമ്മയിൽ ഉള്ളത് കൊണ്ടാവാം.

ആ വീടും പരിസരവും ചുറ്റുമുള്ള കാഴ്ചയും ശുദ്ധ വായുവും കുളിരും  എന്നെ മദോന്മത്തയാക്കി.  ഞങ്ങൾ പുറത്തിരുന്നു നല്ല ചൂട് ചായ കുടിക്കുമ്പോൾ അതിഥികളായി ഒരു  വാനര കുടുംബം അടുത്തു കൂടി. ഒരു തരത്തിലും ഉപദ്രവിക്കാതെ എന്നാൽ നല്ല പരിചയമുള്ളതു പോലെ അടങ്ങി ഇതുങ്ങി അവർ  മുതിർന്നവരും കുഞ്ഞുങ്ങളും ഞങ്ങൾ കൊടുത്ത ബിസ്കറ്റും മറ്റും വാങ്ങി കഴിച്ച്. അടുത്തുള്ള മരത്തിൽ തൂങ്ങി സർക്കസ്സ് കാണിച്ചു ഞങ്ങളെ ആനന്ദിപ്പിച്ചു.

ഈ നയനാഭിരാമമായ കാഴ്ചകളും  ചേതോഹരമായ അനുഭവങ്ങളും ഞങ്ങളെ ആ പ്രദേശത്തിന്റെ പ്രണയിതാക്കളാക്കി.
അതിലെല്ലാം ഉപരി അവിടത്തെ കെയർ  ടേക്കർ ഒരു ഗോവിന്ദ്ജിയും ഭാര്യ ഋതു വും ഞങ്ങളെ വളരെയേറെ ആകർഷിച്ചു. അതിഥികളുടെ ഇഷ്ടങ്ങൾ ആരാഞ്ഞും അറിഞ്ഞും അവർ ശുഷ്കാന്തിയോടെ ഓരോന്നും ചെയതു  പൊന്നു. ആ വീടും പരിസരവും വിട്ട്  എങ്ങോട്ടും പോകണമെന്ന് തോന്നിയില്ല ഞങ്ങൾക്ക്. ശരിയായ സുഖവാസം  ആയിരുന്നു അത്. എന്നാൽ അവരുടെ നിർബന്ധം കാരണം അവിടെ ഉള്ള ഒരു കൊച്ചു മിടുക്കന്റെ മാർഗ്ഗദര്ശനത്തിൽ ഞങ്ങൾ വൈകുന്നേരങ്ങളിൽ കറങ്ങാൻ പോകുമായിരുന്നു.   അടുത്തുള്ള ബോട്ടു ജെട്ടിയും ആമ്പൽ കുളങ്ങളും തടാകത്തിന് ചുറ്റുമുള്ള പർവതം നിരകളും  പച്ചപ്പുകളും  പല പല ദിവസങ്ങളായി ഞങ്ങൾ പോയിക്കണ്ടു നിർവൃതി ആണ്ടു.
അതിനിടയിൽ ആ കൊച്ചു ഗ്രാമത്തിലെ ആഘോഷങ്ങളിലും ഞങ്ങളെ അവർ പങ്കാളികളാക്കി.
കൊടും ചൂടിൽ നിന്നൊരു മോചനം മാത്രമേ കാംക്ഷിച്ചുള്ളു ഞങ്ങൾ. എന്നാൽ ശരീരവും മനസ്സും കുളിരണിഞ്ഞ  ദിനങ്ങളായിരുന്നു ആ ദേജാവു  താമസം. ഒരു പുതു ജീവനും പുത്തൻ ഉണർവും നൽകി മനോഹരമായ ആ ദിവസങ്ങൾ.

ഇത്രയും സന്തോഷകരമായ ആ ദിവസങ്ങളെ കുറിച്ചെഴുതുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം ഒരു മുള്ളുകൊണ്ട വേദന.... ഞങ്ങളേ  വളരെ അധികം സ്നേഹത്തോടെ ശുശ്രൂഷിച്ച ഋതു  വൈകി അറിഞ്ഞ ഒരു അർബുദത്തിന് ഇരയായി. സ്നേഹമയിയായ അവർ ഒരു പുഞ്ചിരി സമ്മാനിച്ചു യാത്രയായി എന്ന് അവരുടെ മകൾ കുറച്ചു നാളുകൾക്ക് മുൻപേ അറിയിച്ചു. ഈ വിവരണം ആ സ്നേഹസമ്പന്നക്ക് ആദരാഞ്ജലികളായി അർപ്പിക്കട്ടെ
ഒരു പിടി ഓർമ്മകളും ഒരു കുട്ട  മധുരമുള്ള അനുഭവങ്ങളും ഞങ്ങൾക്ക് നൽകിയ നൗകുച്ചിയ താൾ.... അവിടത്തെ ദേജാവു.... ഗോവിന്ദ്ജി ഋതു... എല്ലാവരെയും എന്നും ഞങ്ങൾ ഓർക്കും.... ഈ ഓർമ്മകൾക്കൊപ്പം വാക്കുകൾക്ക് പകരാൻ പറ്റാതിരുന്ന എന്തൊക്കെയോ ചിലത്  ഫോട്ടോകളിലൂടെ പങ്കിടുന്നു  ഞാൻ..... 
കുറിമാനം

വേപഥു പൂണ്ടു ഞാനെഴുതുന്നീ കുറിമാനം
വേദനയുണ്ടേറെ ഇന്നെനിക്കുമെന്തലമുറക്കും
വേവലാതി കൊണ്ടിട്ടു കാര്യമില്ലെന്നറികിലും
വേദനയോടെ നിയതിക്കൊരു കുറിമാനമിതാ

എങ്ങുപോയെങ്ങുപോയാ നല്ല നാളുകൾ
ഇങ്ങിനിവരാത്തവണ്ണം വസന്തർത്തു നീയും
മങ്ങിയതെന്തേ മനുജർ തമ്മിലെ സ്നേഹം
എങ്ങുപോയ് പ്രിയ പക്ഷികളും വൃക്ഷങ്ങളും

ആറ്റിലെ വെള്ളവും ഹൃത്തിലെ കരുതലും
വറ്റിയ  നാളുകൾ  കാണ്മതില്ലേ   നീ  വിഭോ
മറ്റാരുണ്ട് നീയല്ലാതെ ഒന്നു  വിളിച്ചു ചൊല്ലാനും
മാറ്റങ്ങൾ വേണമീ ഊഴിയിലെന്നു ശഠിക്കാനും

മാതൃ ദിനാഘോഷത്തിന്റെ ഭാഗമായി അവൻ അശരണാർക്കായി സമുദായ കേന്ദ്രത്തിൽ ഗംഭീരമൊരു ഊണൊരുക്കി. ആയിരകണക്കിന് അമ്മമാർ വന്നു... ഊണ് കഴിച്ചു...... അവനെ അനുഗ്രഹിച്ചു പോയി......................
........ അക്കൂട്ടത്തിൽ അവന്റെ അമ്മയും ഉണ്ടായിരുന്നത് തിരക്കിനിടയിൽ അവൻ കണ്ടില്ല
സുഗന്ധമൂറുമീ ഉഷസ്സിൽ
കതിരോൻ തൻ രശ്മികളെന്നിൽ പുളകമുതിർക്കുമ്പോൾ
ക്ലാന്തമെൻ മനം ഊർജ്ജസ്വലയാകുന്നു.
ജീവിതത്തിന്റെ പുലരിയിൽ
ഞാൻ നേടിയ ഊർജ്ജവും ജ്ഞാനവും
എന്റെയീ ജീവിത സന്ധ്യ  ധന്യമാക്കുന്നു....
ഇന്നീ ഉഷസ്സിൻ നിർവൃതിയിൽ
ഞാനറിയുന്നു മറക്കാനും പൊറുക്കാനും
ഞാനെൻ മനസ്സിനെ ഒതുക്കിയെന്നതും.
അന്ന് ഞാൻ നേടിയ കുളിരെന്നുമെൻ
ജീവിതയാത്രതൻ  ഉഷ്ണങ്ങൾക്കു തണലായി 
ഇന്നീ സന്ധ്യ ആ തണലെനിക്കേറെ പ്രിയം.
ആ പുലരിതൻ  സുഗന്ധവും കുളിരും ഇന്നീ
ഉഷസ്സിൽ ഞാൻ ഓർക്കവേ
അറിയുന്നു ധന്യമീ  ജീവിതമെന്നും..
ധന്യമെൻ നാളുകളെന്നും....