Sunday, June 10, 2018

വളർത്തുപുത്രി

15 നീണ്ട വര്ഷങ്ങളായി   നാടും വീടും വിട്ടിട്ട്. താനിന്നൊരു സന്തുഷ്ടയായ കുടുംബിനിയാണ്. ഭർത്താവ് മാരുതി കമ്പനിയിൽ ജോലി. മകൾ ദില്ലിയിലെ പേരുകേട്ട സ്കൂളിൽ പഠിക്കുന്നു.. ഒരു സ്നേഹമയിയായ അമ്മയുടെ പ്രിയപ്പെട്ട വളർത്തുമകൾ ആയതു മുതൽ തന്റെ  ജീവിതം സ്നേഹവും സന്തോഷവും നിറഞ്ഞതായി. തിരിഞ്ഞു നോക്കുമ്പോൾ തനിക്കു ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നറിഞ്ഞു അവൾ.  ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ താൻ ഒരിക്കൽ വിട്ടു പോന്ന വീട്ടിലേക്ക് പോകാറുണ്ട്. ഭർതൃഗൃഹത്തിലും പിറന്ന വീട്ടിലും കുറച്ചു നാളുകൾ ചിലവഴിക്കാറുണ്ട്. എന്നാലും സ്വന്തമെന്നു തീർത്തും പറയാവുന്നത് അമ്മ അച്ഛൻ എന്ന് താൻ വിളിക്കുന്ന  തന്റെ വളർത്തമ്മയും വളർത്തച്ഛനുമാണ്. 12 വയസ്സ് മുതൽ സ്നേഹവും സംരക്ഷണവും നൽകി തന്നേ ഇന്നത്തെ നല്ല നിലയിൽ എത്തിച്ചത് അവരാണ്. എന്നിരുന്നാലും അവരുടെ ജീവിതത്തിലേക്ക് തന്നേ കൊണ്ടെത്തിച്ച സാഹചര്യങ്ങൾ മനസ്സിലേക്ക് വന്നു കൊണ്ടിരിക്കുന്നു
 
സർഗുജയിൽ എട്ടു മക്കളിൽ ഒരാളായി ആണ്  താൻ ജനിച്ചത്. കാടിന്റെ മക്കളായ ആ ഗ്രാമവാസികൾ കാട്ടിലെ മരങ്ങളെയും അതിനരികിലൂടെ ഒഴുകുന്ന മണ്ട് എന്ന മഹാനദിയുടെ പോഷക നദിയെയും സ്വന്തമായി സ്നേഹിച്ചു വരുന്നു കാലങ്ങളായി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സർഗുജയുടെ വാസികൾ ഉപജീവനം മാർഗം തേടി അലയുന്നു ഇന്നും

കാട്ടിലെ മരങ്ങളും പുഴയിലെ വെള്ളവും എല്ലാവർക്കും തുല്യാവകാശം. ആരും അവകാശങ്ങൾക്കോ  അതിർ വരമ്പുകൾക്കോ കലഹിക്കാറില്ല..

തന്റേതു പോലെ അടുത്തടുത്തു പല മണ്  വീടുകളിലും ആയി ആയിരത്തിലേറെ കുടുംബങ്ങൾ ആ സർഗുജ എന്ന പ്രദേശത്തുണ്ട്. എല്ലാ വീട്ടിലും അഞ്ചിൽ കൂടുതൽ മക്കൾ. ആർക്കും ലാളനയും തലോടലും നൽകാൻ ജീവിതത്തിന്റെ തത്രപ്പാടിനിടയിൽ അമ്മയ്ക്കും അച്ഛനും സമയം കിട്ടാറില്ല. കാട്ടിലെ സമ്പത്തു മാത്രം പോരല്ലോ ആഹാരത്തിനും ജീവിക്കാനും.
ഇഷ്ടികച്ചൂളകളിൽ മണിക്കൂറുകളോളം കുനിഞ്ഞു നിന്ന് പണിയെടുക്കുന്ന അമ്മമാരും കള്ളവാറ്റു നടത്തുന്ന അച്ഛന്മാരും  പെടാപാട് പെട്ടാണ് ആഹാരം തേടിയിരുന്നത്. അതിനിടയിൽ മൃദുലവികാരങ്ങൾക്കെന്ത് സ്ഥാനം??
അതിനിടയിലാണ് ദൂരെ ദില്ലിയിലും ബോംബെയിലും ഗോവയിലും പല യുവാക്കളും ജോലി തേടി പോകാൻ തുടങ്ങിയത്. പോയവരാരും തിരിച്ചു വന്നില്ല, ഒന്നോ രണ്ടോ പേര് ഇടയിൽ വന്നാലും ആ സ്ഥലങ്ങളിലെ ഗുണഗാനങ്ങളിലൂടെ മറ്റു ചെറുപ്പക്കാരെയും മോഹിപ്പിച്ചു.
ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടിയും
അക്കരപ്പച്ചയിൽ മോഹിച്ചു താനും മൂന്നു കൂട്ടുകാരികളും ഒരു നാൾ വീട്ടിൽ നിന്നോടി റായ്‌ഗഡ് എന്ന സ്ഥലത്തു നിന്നും കള്ള വണ്ടി കയറി. അപ്പോഴത്തെ ധൈര്യത്തിന് പെട്ടെന്നെടുത്ത തീരുമാനം ആദ്യമായി തീവണ്ടിയും പുതിയ  സ്ഥലങ്ങളും  കണ്ട്‌ ആകെ പരിഭ്രമിച്ചും എന്നാൽ  പുതിയതായി കിട്ടിയ സ്വാതന്ത്ര്യത്തിൽ കുറച്ചൊന്നു സന്തോഷിച്ചും ഞങ്ങൾ നീങ്ങി. രാത്രി ആയപ്പോൾ പേടി തോന്നി. പുലർച്ചെ വണ്ടിയിൽ കയറിയതാണ്. എങ്ങിനെയോ അതുവരെ ttr ന്റെ പിടിയിൽ പെടാതെ  ഇരുന്ന താൻ  അറിയാതെ ഉറങ്ങിപ്പോയി.

ആരോ ചുമലിൽ തട്ടി വിളിച്ചപ്പോളാണ് കണ്ണു മിഴിച്ചത്. വണ്ടി ഇളകുന്നില്ല. ബോഗിയിൽ ബോഗിയിൽ താൻ ഒറ്റക്ക്. ഒരു പ്രായമേറിയ പോർട്ടർ ആയിരുന്നു തട്ടി വിളിച്ചത്. കൂടെ ഉണ്ടായിരുന്നവർ  എവിടെ പോയോ എന്തോ. ചുറ്റും പകച്ചു നോക്കിയപ്പോൾ ആ പോർട്ടർ ചോദിച്ചു "റായ്‌ഗഡ് സെ ഭാഗ് കാർ ആയീ??  സാഥീ ചോട് ഗയെ? " റായ്‌ഗഡിൽ നിന്നാണോ വന്നത്?  കൂട്ടുകാർ വിട്ടു പോയോ എന്ന്. ഒന്നും പറയാനാവാതെ താൻ  മിഴിച്ചിരുന്നു.
ഇതെന്നും ഈ ട്രെയിനിൽ നടക്കുന്നതാണ്. വേറെ ആരും നിന്നെ കാണാത്തത് ഭാഗ്യം. നീ വരൂ എന്റെ കൂടെ എന്നും പറഞ്ഞ് അയാൾ എന്നെ  തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ അയാളുടെ ഭാര്യയും ഉണ്ടായിരുന്നു. കുളിക്കാൻ പറഞ്ഞു  അവർ. എന്നിട്ട് വയറു നിറച്ചും ആഹാരംതന്നു.  ആശ്വാസമായി...ഒന്നും അറിയാതെ അവിടെ കിടന്നുറങ്ങി.

ഉച്ചക്കാണ് കണ്ണു മിഴിച്ചത്. ആ അമ്മാവന്റെ സഹായത്താൽ ഒരു നല്ല ഏജൻസിയിൽ  എത്തി. വീട്ട് വേലക്കും ആതുര ശുശ്രൂഷക്കും വേണ്ടി സമ്പന്നകുടുംബങ്ങൾ ബന്ധപ്പെടുന്ന ഏജൻസി ആയിരുന്നു അത്. അവരവിടെ എത്തി രണ്ട് മണിക്കൂർ ആയിക്കാണും ഒരു മധ്യവയസ്കയും മകനെന്ന് തോന്നിക്കുന്ന  യുവാവും അവിടെ എത്തി. എന്തോ അറിയില്ല പെട്ടെന്ന് അവരെ തനിക്കിഷ്ടമായി. അവർക്കും ബോധിച്ചു. അങ്ങിനെ തുണിസ്സഞ്ചിയിൽ കരുതിയ ഒരു ജോഡി ഡ്രെസ്സും ഒരു ഫോട്ടോയും കുറച്ചു നിലക്കടലയും എടുത് അവരോടൊപ്പം  ഇറങ്ങി.

കുറച്ചു ദൂരം കാറിൽ (ജീവിതത്തിൽ ആദ്യമായി ) സഞ്ചരിച്ചതിനു ശേഷം ഒരു വലിയ വീടിന്റെ മുന്നിൽ ഇറങ്ങി. അവിടെ ആ സ്ത്രീയുടെ ഭർത്താവും ഗർഭിണി ആയ മകളും ഉണ്ടായിരുന്നു. ആരും ഒന്നും ചോദിച്ചില്ല. തനിക്കു കിടക്കാനൊരു ചെറിയ മുറിയും അതിലൊരു മടക്കു കട്ടിലും കോസറിയും ഉണ്ടായിരുന്നു. രാത്രി ആ അമ്മ ചോറ്‌ വിളമ്പി തന്നു. തലയിൽ തലോടി സുഖമായി ഉറങ്ങിക്കൊള്ളാൻ പറഞ്ഞു. ജീവിതത്തിലാദ്യമായി ഒരു സ്നേഹത്തിലോടലും സുരക്ഷിത ബോധവും എന്നെ എല്ലാം മറന്ന സുഷുപ്തിയിലേക്ക് കൊണ്ടു പോയി.
പുതിയ ആൾക്കാർ,  തനിക്കൊട്ടും മനസ്സിലാവാത്ത  ഭാഷ,  തന്റെ ഛത്തീസ്ഗഡ് ഭാഷയിൽ നിന്നും വ്യത്യസ്തമായ ഒരു ഹിന്ദി  എല്ലാം ഒരു പരിഭ്രമത്തോടും
അത്ഭുതത്തോടും താൻ  നോക്കി കണ്ടു.
കുറച്ചു നാളുകൾ കഴിഞ്ഞ് മെല്ലെ മെല്ലെ താൻ ആ വീട്ടിലെ അംഗത്തെ പോലെ ആയി. ആ ചേച്ചിയുമായി വളരെ  അടുത്തു. കുറേശ്ശേ വീട്ടു വേലകളിൽ സഹായിക്കാനും പുതിയ വേലകൾ പഠിക്കാനും ഹിന്ദി നന്നായി സംസാരിക്കാനും  പഠിച്ചു. എന്നാൽ തന്നേ  പാടെ മാറ്റിയത് ആ ചേച്ചി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചപ്പോൾ ആണ്. പെട്ടെന്ന് ആ കുഞ്ഞിന്റെ ഉത്തരവാദിത്തം താൻ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. ചേച്ചിയെ എല്ലാ സമയവും ചുറ്റി പറ്റി നിന്ന് താൻ വളരെ ഏറെ പഠിച്ചു. ആ കുഞ്ഞുമായി  എന്തെന്നില്ലാത്ത ഒരാത്മബന്ധം മനസ്സ്  അറിയാതെ മെനഞ്ഞെടുത്തു. അങ്ങിനെ  മനസ്സും ആത്മാവും ആ കുഞ്ഞുമായി പൂർണമായും ബന്ധപെട്ടു. അതുപോലെ ആ കുഞ്ഞിനും ജയന്തി ദീദി പ്രാണപ്രിയയായി. ആ വീട്ടിലെ ഒരംഗമായി തീരുകയായിരുന്നു ക്രമേണ താൻ 

ആ കുട്ടിയോടുള്ള അഭേദ്യ ആത്മബന്ധമാകാം ഇന്ന് തന്റെ  മകളും അറിയാതെ ആ കുഞ്ഞിനെപ്പോലെ വളരുന്നു. ആ വീട് ഇന്ന് തനിക്കു സ്വന്തം. അവിടത്തെ പ്രിയപ്പെട്ട വളർത്തുമകൾ താനിന്ന്. ഇന്ന് താനൊരു സന്തുഷ്ടയായ ഭാര്യയും അമ്മയും ആണെങ്കിൽ ഇന്നു  താൻ സ്വാശ്രിത  ആണെങ്കിൽ അതിനെല്ലാം കാരണം തന്റെ വളർത്തമ്മയും ആ കുടുംബവും. ഇന്ന് താൻ സ്വന്തമെന്നു കരുതുന്ന അവരാണ് തന്റെ ഈ കൊച്ചു കുടുംബത്തിലെ ഏറ്റവും വലിയ അഭ്യുദയാകാംക്ഷികൾ,  തന്റെ ഈ  മൂന്നംഗകുടുംബത്തിന്റെ തായ്‌വേര്....

No comments: