Monday, June 11, 2018

ഉമിത്തീയിൽ കുരുത്തപ്പോൾ

ഇന്ന് ഞാൻ കൃതാര്ഥ.. എനിക്കൊരു വാശി ആയിരുന്നു ആ സ്കൂൾ പൊങ്ങി വരണം എന്ന്.

വർഷങ്ങൾക്കു മുന്നേ വീട്ടുകാരെ പിണക്കി ആയിരുന്നു ഞാൻ ആ കൈ  പിടിച്ചിറങ്ങിയത്. അന്ന് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ സർവ്വം മറന്നു ഞങ്ങൾ ആർത്തുല്ലസിച്ചു. ഏട്ടന്റെ സർക്കാർ ഉദ്യോഗത്തിന്റെ ബലത്തിലായിരുന്നു ഷൊർണൂരിൽ നിന്ന് കൽക്കട്ടക്ക് വണ്ടി  കയറിയത്
BA  LT  സർട്ടിഫക്കറ്റിന്റെ ഹുങ്കും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ.

ഏട്ടന്റെ ചില കൂട്ടുകാരുടെ പിൻബലത്തിലായിരുന്നു ഞങ്ങൾ എത്തിയത്. സർക്കാർ ജോലി ആയതു കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പായിരുന്നു. എന്നാലും താമസം സൗകര്യം അന്വേഷിക്കലും മറ്റും അന്നൊരു വേവലാതി ആയിരുന്നു. ഏട്ടന്റെ  സഹപ്രവർത്തകനായ മജൂംദാർ കാര്യമായി സഹായിച്ചു.
വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ തീരെ വൃത്തിയില്ലാത്ത തെരുവുകളും കലപില കൂട്ടുന്ന ചില്ലറ വ്യാപാരികളും മനം മടുപ്പിക്കുന്ന ഗന്ധങ്ങളും വല്ലാത്തൊരു അനുഭവമായിരുന്നു. ഒരു വാക്കുപോലും ബംഗാളി അറിയാത്ത ഞാൻ ആകെ പകച്ചു കൊണ്ടാണ് ഏട്ടന്റെ അരികു  ചേർന്നു നടന്നത്. ഒരു പോർട്ടർ വന്നു "കൊത്ഥയ്" എന്ന് തുടങ്ങി എന്തോ ചോദിച്ചു. ഏട്ടൻ ബാലിഗഞ്ജ്  എന്ന് പറഞ്ഞു. ചോദ്യവും ഉത്തരവും എനിക്കൊന്നും മനസ്സിലായീല. ഈശ്വരാ  ഭാഷ അറിയാതെ ഞാൻ വല്ലാണ്ടെ കഷ്ടപ്പെടുലോ എന്ന് മനസ്സിൽ തോന്നി. മലയാളവും മുറി ഇംഗ്ലീഷും അല്ലാതെ ഒന്നും അറിയാത്ത എന്റെ സ്ഥിതി ഊഹിക്കാലോ അല്ലേ? 

ഏതായാലും സാധനങ്ങൾ ഒക്കെ തലയിലേറ്റി ആയാൾ ഒരു റിക്ഷയിൽ കൊണ്ടെത്തിച്ചു. ഏട്ടൻ എട്ടണ  അയാൾക്ക്‌  കൊടുത്തപ്പോൾ സന്തോഷായി. നീട്ടി തൊഴുത് വേറെ ആൾക്കാരെ അന്വേഷിച് പോയി.

മജൂംദാർ കുടുംബം വളരെ സ്നേഹമുള്ള ആൾക്കാരായിരുന്നു. അവരുടെ പിന്തുണ എന്നും  ഉണ്ടായിരുന്നു. അവരുമായി നല്ലൊരു സൗഹൃദം മെനഞ്ഞെടുത്തു. അങ്ങിനെ ബംഗാളിയും ഇംഗ്ലീഷും ഒരു വിധം നന്നായി പഠിച്ചു.  സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ഒരു  കോൺവെന്റ് സ്കൂളിൽ ജോലിയും കിട്ടി

ഇന്നും ഓർക്കുന്നു മജൂംദാറിന്റെ ഭാര്യ പഠിപ്പിച്ചു തന്ന ബംഗാളി വിഭവങ്ങളും പലഹാരങ്ങളും.
ദുര്ഗാപൂജക്ക് ഒരു ഹരമായിരുന്ന ആഘോഷത്തിന്റെ. പൂർണമായും അവരോടെല്ലാം ചേർന്ന് അടിച്ചു പൊളിച്ചു ജീവിച്ചത് ഓർത്തപ്പോൾ ചിരി വന്നു. 'ബൗദീ ബോശെ  ബോശെ ഹാൻശച്ചോ കേനോ " എന്ന് ദീപാലിടെ  ചോദ്യം കേട്ടപ്പോൾ ഞെട്ടി കണ്ണു വാതിൽക്കലേക്ക് തിരിച്ചു. ദീപാലി  കുട്ടി ആവുമ്പോൾ മുതൽ എന്റെ കൂടെ ആണ്. ബാല്യവിവാഹം കഴിഞ്ഞു ന്യൂ ഫാറക്ക എന്ന ഗ്രാമത്തിൽ നിന്ന് റെയിൽവേ പോർട്ടർ ആയ ഭർത്താവിന്റെ കൂടെ വന്ന മുതൽ അവളാണെനിക് എല്ലാത്തിനും സഹായി. ഏടത്തിയമ്മ എന്നർത്ഥമുള്ള ബൗദി എന്നാണവൾ എന്നെ അന്ന് മുതൽ വിളിച്ചത് ഞാൻ വെറുതെ ഇരുന്നു ചിരിക്കുന്നതെന്തിനാണ് അവൾക്കറിയണം.
പഴയ കാര്യങ്ങൾ ഓർത്തതാണ് എന്നും പറഞ്ഞു ഞാൻ അവിടെ നിന്നെണീറ്റു.

പാറു  ഡാൻസ് ക്ലാസ്സിൽ നിന്ന് വരാറായി. അവൾക്ക് പാല് തിളപ്പിക്കണം എന്തെങ്കിലും കഴിക്കാനുണ്ടാക്കണം. ദീപാലിയേം  കൂട്ടി അടുക്കളയിലേക്കു പോയി.
പാറു എന്റെ മകളാണ്. കല്യാണം കഴിഞ്ഞു പന്ത്രണ്ടു വർഷമായിട്ടും കുട്ടികൾ ഉണ്ടാവാത്തത്  തന്നിഷ്ടം കാണിച്ചു തണ്ടാന്റെ കൂടെ ഓടി കല്യാണം കഴിച്ചിട്ടാണെന്നു തറവാട്ടിലുള്ളവരൊക്കെ പറയുന്നു എന്ന് അനുജത്തി ശാരദ എല്ലാ കത്തിലും എഴുതുമായിരുന്നു  അവളും  അമ്മ ൻ മരിക്കുന്നതു വരെ അമ്മയും മാത്രമായിരുന്നല്ലൊ തറവാട് മായിട്ടു എനിക്കുള്ള ഒരേയൊരു സമ്പർക്കം. പടിഞ്ഞാറെ മഠത്തിൽ മാധവമേനോൻ എന്ന  അച്ഛൻ എന്നേ ബന്ധം മുറിച്ചതാണല്ലോ. ഇപ്പൊ പിന്നെ ആരായിട്ടും ഒരു കൂട്ടുകെട്ടും ഇല്ല. നാട്ടിലേക്കു പോയത് തന്നേ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം.
പാറു എന്ന പാർവതി അവളാനെന്റെ എല്ലാം. അവളെ ദത്തെടുത്തതാണെന്നു അധികമാർക്കും അറിയില്ലല്ലോ. കുട്ടികൾ ണ്ടാവില്ല എന്നുറപ്പായപ്പോൾ ഒറീസ്സയിലെ അനാഥമന്ദിരത്തിൽ ഒരു  ഗുജറാത്തി ബ്രാഹ്മണ കുമാരി ഉപേക്ഷിച്ചു പോയ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങിയത് ഇന്നലെ എന്ന പോലെ ഓർക്കുന്നു.  ഏട്ടന്റെയും എന്റെയും സ്വത്തായി ഓമനയായി അവൾ  വളർന്നു. പാട്ടും ഡാൻസും വീണവായനയും എല്ലാം അവൾ മിടുക്കിയായി അരങ്ങേറി. പഠിക്കാനും മിടുക്കി..............

അന്നവൾ അഞ്ചാം ക്ലാസ്സിൽ ആയിരുന്നു. സ്കൂൾ അടച്ച സമയം. എന്റെ ഒരു കൂട്ടം അധ്യാപക  സുഹൃത്തുക്കൾ വീട്ടിൽ വന്നിരുന്നു. ഏട്ടൻ പാചകം ഏറ്റെടുത്തു. ബിരിയാണിയും പായസവും ഒക്കെ ഏട്ടൻ അസ്സലായി ഉണ്ടാക്കി. എല്ലാവരും ശീട്ടുകളിയു  പാട്ടും ഒക്കെ ആയി രസിച്ചു കുറച്ചു മണിക്കൂറുകൾ.
അവരെ യാത്ര ആക്കാൻ ഞാൻ പോകുമ്പോൾ ഏട്ടൻ പറഞ്ഞു മോളെയും കൂട്ടിക്കോളൂ വരുമ്പോൾ ചാറ്റര്ജിടെ വീട്ടിലും ഒന്നു കയറിക്കോളൂ മിസ്സസ്  ചാറ്റർജി മീനൂനെ അന്വേഷിച്ചിരുന്നു  മിനിയാന്ന് ഞാനവിടെ പോയപ്പോൾ. ചാറ്റർജി ഏട്ടന്റെ സഹപ്രവർത്തകനും മനസ്സാക്ഷി സൂക്ഷിപ്പുകാരനും  ആയിരുന്നല്ലോ. എന്നേക്കാൾ ഏട്ടനിഷ്ടം  അയാളെ ആണെന്ന്  ഞാൻ ചിലപ്പോൾ പരിഭവിക്കാറുണ്ടായിരുന്നു
ഏതായാലും കറങ്ങാൻ ഇഷ്ടമുള്ള ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.
വൈകുന്നേരം ആറു മണി കഴിഞ്ഞു അവിടെ നിന്നിറങ്ങുമ്പോൾ. "സുകു കൈമോൻ ആച്ചേ  കോനോ കിച്ചു ഓഫീസേർ കൊധാ  ബോൽച്ചിലെ?"  എന്ന് ചാറ്റർജി ചോദിച്ചപ്പോൾ ഓഫിസ് കാര്യം ഒന്നും എന്നോട് നിങ്ങളുടെ കൂട്ടു കാരൻ  പറയാറില്ലല്ലോ എന്ന് ഞാൻ തമാശയായി പറഞ്ഞു  ഏതായാലും 7 മണിക്ക് വീട്ടിലെത്തി വാതിൽ  മുട്ടിയപ്പോൾ. വാതിൽ അകത്തു നിന്ന് കുറ്റി  ഇട്ടിട്ടില്ല. അകത്തു കയറി ഒരു അഞ്ചു മിനിറ്റ്  ഫാനിന്റെ ചുവട്ടിൽ ഇരുന്നു. ചാറ്റർജി എന്താപ്പോ  അങ്ങനെ ചോദിച്ചത് എന്നറിയാൻ ഏട്ടാ എന്നും വിളിച്ചുകൊണ്ടു  ബെഡ്റൂമിലേക്ക് ചെന്നു. അപ്പൊ എന്റെ ഏട്ടൻ അതാ മേശയിൽ കമിഴ്ന്നു കിടക്കുന്നു. ണീക്കു  ഏട്ടാ കട്ടിലിലേക്ക് കെടന്നോളു എന്ന് പറഞ്ഞു തോളത്തു തട്ടിയപ്പോൾ ഏട്ടൻ കുഴഞ്ഞു വീണു.  വായിൽ നിന്ന് നുരയും  പതയും. ഏട്ടാ എന്നലറി ഞാൻ. പിന്നെ ഒന്നും ഓർമയില്ല. മോൾ അച്ഛനും അമ്മേം വീണു എന്നും പറഞ്ഞു അടുത്ത വീട്ടിലെ മിസ്സസ്സ് ബോസിനെ വിളിച്ചുത്രേ . ഞാൻ കണ്ണു മിഴിച്ചപ്പോൾ വീട്ടിൽ നിറച്ചും ആൾക്കാർ.ഞാൻ  മിസ്സിസ് ചാറ്റര്ജിടെ മടിയിൽ തല വച്ചു  കിടന്നിരുന്നു....

എന്റെ ലോകം കീഴ്മേൽ മറിഞ്ഞു. എല്ലാം ഉപേക്ഷിച്ചു വീട്ടിൽനിന്നും മീനാക്ഷി മേനോൻ ഇറങ്ങി മീനാക്ഷി സുകുമാരൻ ആയപ്പോൾ മുതൽ ഞാനെന്ന മീനാക്ഷിയുടെ ലോകം ഏട്ടൻ മാത്രമായിരുന്നു. ആ ഏട്ടനാണ് ഈ മീനുവിനെ വഞ്ചിച്ചു കടന്നു കളഞ്ഞത്. ഉച്ചക്ക് കളിച്ചു രസിച്ചു ജീവിതം സുഖസമ്പൂര്ണം എന്ന് കരുതി പുറത്തു പോയ മീനു തിരിച്ചു വന്നത് ആ ജീവിതം തന്നേ താറുമാറായി എന്ന് മനസ്സിലാക്കാൻ. ഓഫീസിലെ പ്രശ്നങ്ങൾ കാരണം ആണത്രേ ഏട്ടൻ ആ കടുംകൈ ചെയ്തത്.. എന്നാൽ ഒരു സൂചന  ഒരു ചർച്ച ആ പ്രശ്നതേ കുറിച്ച് ഒന്നും മീനുവായി പങ്കു വച്ചില്ല. മീനു ശരിക്കും ജീവിതപങ്കാളി ആയിരുന്നില്ലേ. ചാറ്റർജി പറഞ്ഞാണ് ഓഫിസിലെ പ്രശ്‌നങ്ങൾ ഞാൻ  അറിഞ്ഞത്. അപ്പോഴേക്കും  എന്റെ ജീവിതം..എന്റെ ലോകം  തകർന്നിരുന്നു.
സർവ്വം എന്ന് കരുതിയ ആൾ  തന്നേ സ്വന്തമാക്കിയില്ല. ആകെ തകർന്നു തരിപ്പണമായി. പോകാനിടമില്ല. നാട്ടിലേക്ക് പോകില്ല എന്ന് തീർച്ച ആക്കി.
ഉമിത്തീയിൽ ആയിരുന്നു ദിവസങ്ങൾ. പക്ഷെ എനിക്ക് ഞാൻ മാത്രം. എന്റെ പാറൂനും വേറെ ആരും ഇല്ല്യാ എന്നൊരു ബോധോദയം ഒരു നാൾ ഉറങ്ങാതെ കിടന്നപ്പോൾ......
പിന്നെ ഉമിത്തീയിൽ നിന്നൊരു ഉയിർത്തെഴുനേൽപായിരുന്നു. കഴിഞ്ഞ
എത്ര വർഷങ്ങൾ മീനാക്ഷി സുകുമാരൻ നല്ല കുറെ  സുഹൃത്തുക്കളുടെ പിൻബലത്തിൽ പാറുവിനെയും നെഞ്ചോട്‌ ചേർത്ത് ജീവിച്ചു എന്നറിയോ?  ജീവിതത്തോട് പൊരുതി. ഇന്ന് ഞാൻ കൃതാര്ഥ. ഞാൻ സ്കൂളിൽ നിന്ന് വിരമിച്ചു. ഈ അറുപതാം വയസ്സിൽ ഞാൻ എന്റെ പാറൂന്  വേണ്ടി ഒരു ഡാൻസ് സ്കൂൾ ആരംഭിക്കാനുള്ള എല്ലാ കാര്യങ്ങളും ചിട്ടപ്പെടുത്തി. നാളെ ഞായറാഴ്ച. അതിന്റെ ഉത്ഘാടനവും അതോടു കൂടി ക്‌ളാസും തുടങ്ങും. അവൾ ദത്തുപുത്രി ആണെന്നവൾ അറിഞ്ഞത് അച്ഛൻ മരിച്ച അന്നാണ്. ന്യൂസ്‌  പേപ്പർ റീപോർട്ടിൽ നിന്ന്. അന്നവൾ കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ ഇതുവരെ അതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ല. ഡാൻസ് സ്കൂളിന്റെ എല്ലാ ഫോര്മാലിറ്റീസും കഴിഞ്ഞപ്പോൾ. പറഞ്ഞു... അമ്മേ ആഴ്ചയിൽ ഒരു ദിവസം ഫ്രീ ക്ലാസ്സ്‌. അത് അനാഥ മന്ദിരത്തിലെ കുട്ടികൾക്ക്. എല്ലാ അനാഥരും എന്നെപോലെ ഭാഗ്യം ചെയ്തവരല്ലല്ലോ.. എന്നിട്ടെന്നെ മുറുക്കെ കേട്ടിപിടിച്ചു നിന്നു കുറെ സമയം...

2 comments:

soulsearchingdays said...

beautiful story... so proud of you..

അമ്മു said...

മനോഹരമായ, പോസിറ്റീവ് ഊർജ്ജം നൽകുന്ന കഥ