Thursday, April 26, 2018


എന്റെ ദില്ലി... ഓർമ്മകൾ..... 
                   നാല് 

അമ്മക്കിളി തന്റെ ചിറകിനടിയിൽ സൂക്ഷിച്ചു വലുതാക്കിയ കിളിക്കുഞ്ഞുങ്ങൾ പറക്കമുറ്റി കൂടു വിട്ടു പറന്നു. "മക്കളേ പുറംലോകം നിങ്ങളറിയാതെ പലതും അടങ്ങിയതാവും. സ്വയം സുരക്ഷ ആവശ്യമാകും  എന്നാലും ഏതെങ്കിലും സന്ദിഗ്ദ്ധമായ അവസ്ഥ  വന്നാൽ ഞങ്ങൾ ഇവിടെ ഉണ്ടെന്നോർക്കണം. എപ്പോൾ  വേണമെങ്കിലും വരാം ഞങ്ങളോടൊപ്പം സമയം ചിലവഴിക്കാം....." 
എന്ന സ്നേഹവാക്കുകളും ഉപദേശങ്ങളുമായി ഞങ്ങളെ ഗുരുക്കന്മാർ യാത്രയാക്കി.  

ദില്ലി അന്ന് സ്നേഹമുള്ളവരുടെ നാടായിരുന്നു. പുറം ലോകത്തെ കുറിച്ചറിയാത്ത കൗമാര പ്രായത്തിലെത്തിയ ഞങ്ങളെ സ്നേഹവും സുരക്ഷയും കലർത്തി ദില്ലിയിലെ  കോളേജുകൾ നയിച്ചു. നല്ല ജീവിതാനുഭവങ്ങൾ നേകി സന്തുഷ്ടരാക്കി... പ്രാപ്തരാക്കി 

ദൂരെ ഒറ്റക്ക് ബസിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടായാലോ എന്ന് ഭയന്നു RK  puram,  ലോധി റോഡ് മോത്തി ബാഗ്  മുതലായ അടുത്ത പ്രദേശത്തുള്ള കോളേജുകളായിരുന്നു അഛനും  അമ്മയും തിരഞ്ഞെടുത്തത്. അങ്ങിനെ ഞാൻ വീട്ടിനടുത്തുള്ള മൈത്രേയി കോളേജിൽ ചേർന്നു. ഒരു സയൻസ് വിദ്യാർത്ഥി ആയിരുന്നു ഞാൻ സാഹിത്യവും ചരിത്രവും  ആയിരുന്നു ഐച്ഛികമാക്കിയത്.  

ഇന്നത്തെ പോലെ അച്ഛനമ്മമാർ തമ്മിൽ മത്സരങ്ങൾ ഉള്ള കാലമായിരുന്നില്ല. എന്തു പഠിക്കണമോ അത് മനസ്സിരുത്തി പഠിക്കണം  എന്ന് മാത്രമേ അവരൊക്കെ പറഞ്ഞിരുന്നുള്ളു. അത് കൊണ്ടു തന്നെ ആയിരിക്കണം പഠിക്കുക എന്നതും ഇഷ്ടമുള്ള വിഷയങ്ങളിൽ കൂടുതൽ മാർക്കും  നൈപുണ്യവും നേടുക എന്നതുമായിരുന്നു ലക്ഷ്യം . പുസ്‌തകം വായിച്ചും ലെക്ച്ചറർ മാരുമായി അടുത്തിടപഴകിയും ഞങ്ങൾ അറിവിന്റെ പാതയിലൂടെ സഞ്ചരിച്ചു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാതെ ആണ് ചരിത്രം എന്ന  വിഷയത്തോട് എനിക്ക് ഉൾക്കടമായ ഇഷ്ടം തോന്നി തുടങ്ങിയത്. തീർത്തും ചെറിയ ഒരു സ്കൂളിൽ നിന്നും വന്ന എനിക്ക് നാനാ  ഭാഷക്കാരായ നാനൂറിൽ പരം  വിദ്യാര്ഥിനികളോട് ഇടപഴകേണ്ടിയും ഇംഗ്ലീഷിനേക്കാൾ അധികം ഹിന്ദി സംസാരിക്കേണ്ടി വരികയും ചെയ്തപ്പോൾ ആദ്യമൊക്കെ പരിഭ്രമവും പതർച്ചയും ആയിരുന്നു. എന്നാൽ അതെല്ലാം തരണം ചെയ്ത്. മുന്നേറാനും History Association,  English  literary  club  മുതലായവയിൽ  നിറസാന്നിധ്യമാവാനും എന്റെ കഴിവ് തെളിയിക്കാനും സാധിച്ചു. തമിഴ് ബംഗാളി പഞ്ചാബി ഭാഷക്കാരായി ധാരാളം സുഹൃത്തുക്കളും ഉണ്ടായി. ആ ഭാഷകൾ സംസാരിക്കാനും കുറെയൊക്കെ വായിക്കാനും എന്റെ കൂട്ടുകാർ  സഹായിച്ചു. സർവോപരി എനിക്ക് ചരിത്രം ഏറെ പ്രിയമുള്ള  വിഷയമായി.  അതിനു കാരണമായ അന്നെന്നെ പഠിപ്പിച്ച ശ്രീമതി  ലക്ഷ്മി ധസ്മാണ  എന്ന എന്റെ ഗുരുവിനെ എനിക്കൊരിക്കലും മറക്കാനാവില്ല. അന്ന് മുതൽ ഇന്നു വരെ ആ സ്നേഹവും വാത്സല്യവും എന്നോടൊപ്പം ഉണ്ട്. ഭാഷക്കും സംസ്കാരത്തിനും ജീവിത രീതികൾക്കും  അതീതമായ ഒരു ഗഹന സ്നേഹ ബന്ധമാണ് ഞാൻ അവരുമായി  മിനഞ്ഞെടുത്തത്. അത് കൊണ്ടു തന്നെ ബിരുദാനന്തര ബിരുദവും മറ്റു ചില ഉയർന്ന ബിരുദങ്ങളും  ഈ വിഷയത്തിൽ തന്നെ  നേടാൻ എനിക്ക് സാധിച്ചു. അത്യന്തം അഭിമാനജനകമായ  ഒരു വലിയ വഴിത്തിരിവായിരുന്നു മൈത്രേയി കോളേജ് എനിക്ക് തന്നത് 

നേരത്തെ  പറഞ്ഞല്ലോ ദില്ലി അന്ന്  സ്നേഹപൂർവം സംരക്ഷിച്ചു ചെറുപ്പം പെൺകുട്ടികളെയും വിദ്യാർത്ഥികളേയും എന്ന്. അതേ ബസ്‌  യാത്രയെ പേടിച്ചിരുന്നു എനിക്ക് രാവിലെ ആറു മണിക്ക് ദില്ലി യൂണിവേഴ്സിറ്റി വരെ  പോകാനോ  ലൈബ്രറി സാഹിത്യ കലാ സംഗമങ്ങളിൽ പങ്കുചേർന്ന് സന്ധ്യക്ക്‌ 7 മണിക്കൂ ബസിൽ യാത്ര ചെയ്ത് വീട്ടിൽ എത്താനോ  ഒരു ഭയവും ഉണ്ടായിരുന്നില്ല. ഇന്നത്തെ പോലെ അല്ല.  പെൺകുട്ടികൾ ബസിലും കോളേജിലും ലൈബ്രറികളിലും  എല്ലാം തീര്ത്തും സുരക്ഷിതരായിരുന്നു.  അച്ഛനമ്മമാർ ആകുലരാകേണ്ടി ഇരുന്നില്ല.  മുതിർന്നവർ ഞങ്ങളെ എവിടെ ആയാലും നേർവഴിക്കു നയിച്ചു . സദാചാര ബോധത്തോടും സുരക്ഷിതർ എന്ന വിശ്വാസത്തിലും ഞങ്ങൾ വളർന്നു.. 

അത് പറഞ്ഞപ്പോൾ ഓർമ്മ വന്നു ഒരു കാര്യം. നേരത്തെ ഒരുപാട് ക്വാർട്ടേഴ്‌സ് കൂട്ടായ്മകളിൽ താമസിച്ചിരുന്ന കാര്യം പറഞ്ഞിരുന്നല്ലോ. 1975 വരെയും അങ്ങിനെ ഞങ്ങൾ വാടക വീടുകളിൽ സർക്കാർ ക്വാർട്ടേഴ്സിൽ ആണ് താമസിച്ചത്. സന്ധ്യ ആയാൽ താഴത്തെ വീട്ടിലുള്ളവർ  പുറത്ത് മുറ്റത്തു കട്ടിലു കൾ വിരിക്കുമായിരുന്നു.  മുകളിലെ വീട്ടുകാർ ടെറസിന്റെ മുകളിലും. ഉറക്കം വരുന്നത് വരെ എല്ലാവരും കൂട്ടം കൂട്ടമായി സ്കൂൾ കോളേജ് ഓഫീസ് വീട്ടിൽ ഉള്ള വിശേഷങ്ങളും ബസ്  യാത്രയെ കുറിച്ചും എല്ലാം സംസാരിക്കുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവർക്കും എല്ലാവരെയും പറ്റി അറിയാമായിരുന്നു. അനാവശ്യമായ ഒരു ഇടപെടലും ഇല്ലായിരുന്നു  ചെറുപ്രായക്കാരായ ഞങ്ങൾക്ക് അച്ഛൻ അമ്മ മാത്രമല്ല ആ സ്‌ക്വയറിലെ എല്ലാ മുതിർന്നവരും തണലും  രക്ഷയുമായിരുന്നു. വിശ്വാസം സുരക്ഷ സ്നേഹം ആയിരുന്നു ഞങ്ങളുടെ നേട്ടങ്ങൾ.... 

1975 നു അപ്പുറം എന്റെ ദില്ലിയിൽ വളരെ സാവധാനത്തിലെങ്കിലും ക്രമേണ മാറ്റങ്ങൾ വന്നു തുടങ്ങി.  ഏകദേശം ഇരുപതു വർഷത്തോളം ആ മാറ്റങ്ങൾ ഭാഗിക മായിരുന്നു മെല്ലെ മെല്ലെ ആയിരുന്നു... എന്നാൽ എപ്പോഴാണെന്നറിയില്ല എല്ലായിടത്തും മാറ്റങ്ങൾ കണ്ട്‌ തുടങ്ങി.  സ്നേഹവും പരസ്പരം വിശ്വാസവും സുരക്ഷയും ഒക്കെ എവിടെ പോയി മറഞ്ഞു???? എന്റെ പ്രിയപ്പെട്ട ദില്ലി നീ എങ്ങു പോയി??  ആതുരയായി ഞാൻ എങ്ങും തിരയുകയാണ് ആ നല്ല നാളുകൾ. ഇനി വരുമോ ആ മേന്മയേറിയ ദിനങ്ങൾ... വരുമോ എന്റെ ദില്ലി നീ തിരിച്ചു.... കൊടുക്കുമോ വരും തലമുറകൾക്ക് ഇതേ  ആനന്ദവും സ്നേഹോഷ്മളതയും നിന്നെ  കുറിച്ചുള്ള  ഓർമ്മകളിൽ???

No comments: